തിരുവനന്തപുരം: അടുത്ത അധ്യയന വർഷം മുതൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് സമൂല മാറ്റം വരുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു. വിദ്യാർഥി കേന്ദ്രീകൃതമായി തയാറാക്കിയ കരിക്കുലം സർവകലാശാലകൾക്ക് കൈമാറിക്കഴിഞ്ഞു. അടുത്ത അധ്യയന വർഷം മുതൽ എല്ലാ കോളജ് ക്യാമ്പസുകളിലും പുതിയ ബോധനരീതിയും പഠനപ്രക്രിയയുമാണ് നിലവിൽ വരിക. വിദ്യാർഥിയുടെ അഭിരുചിക്കനുസരിച്ച് പഠനം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും സർഗാത്മ ഊർജ്ജവും ഉൾച്ചേരുന്ന പുതിയ കരിക്കുലം ഉന്നത വിദ്യാഭ്യാസ രംഗത്ത് കൂടുതൽ ഉണർവേകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഉന്നതവിദ്യാഭ്യാസ വകുപ്പും സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലും ചേർന്ന് ഏർപ്പെടുത്തിയ കൈരളി ഗവേഷണ അവാർഡുകൾ (2021) വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. എൻ.ഐ.ആർ.എഫ് റാങ്കിംഗിൽ കേരള സർവകലാശാല രാജ്യത്ത് 24ാം റാങ്ക് നേടിയതും മറ്റു മൂന്നു സർവകലാശാലകൾ ആദ്യ നൂറ് റാങ്കിംഗിൽ ഉൾപ്പെട്ടതും രാജ്യത്തെ ഏറ്റവും മികച്ച 200 കോളജുകളിൽ കേരളത്തിലെ 42 കോളജുകൾ ഇടംപിടിച്ചതും അത്യന്തം അഭിമാനകരമായ നേട്ടമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ചൂണ്ടിക്കാട്ടി. നവകേരള നിർമിതിയിലെ വൈജ്ഞാനിക സമൂഹം സജ്ജമാക്കുന്നതിലേക്കുള്ള ഏറ്റവും പ്രധാന ഉത്തരവാദിത്തം ഉന്നത വിദ്യാഭ്യാസ വകുപ്പിനാണ്. ആ നിലയിൽ വകുപ്പിന് മുന്തിയ പരിഗണന നൽകിയാണ് സംസ്ഥാനസർക്കാർ മുന്നോട്ടുപോകുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: വിദ്യാഭ്യാസ സ്ഥാപനങ്ങളെ മാലിന്യമുക്തമാക്കാന്‍ ഹരിത സമൃദ്ധം പദ്ധതിയുമായി ജില്ലാ ഭരണകൂടം
കൈരളി അവാർഡുകളിൽ ആഗോള ആജീവനാന്ത പുരസ്‌കാരം (ശാസ്ത്രം) പ്രൊഫ സലിം യൂസഫിനും ആജീവനാന്ത പുരസ്‌കാരങ്ങൾ പ്രൊഫ. എം ലീലാവതിക്കും (ആർട്‌സ് ആൻഡ് ഹ്യൂമാനിറ്റീസ്), പ്രൊഫ. എം.എ ഉമ്മനും (സോഷ്യൽ സയൻസ്) ഡോ. എ അജയഘോഷിനുമാണ് (ശാസ്ത്രം). പ്രൊഫ ഉമ്മൻ, ഡോ. അജയഘോഷ് എന്നിവർ മന്ത്രിയിൽ നിന്ന് പുരസ്‌കാരം സ്വീകരിച്ചു.
പ്രൊഫ ലീലാവതി ഓൺലൈനായും പങ്കെടുത്തു. കൈരളി ഗവേഷണ പുരസ്‌കാരം ഡോ. ഷംസാദ് ഹുസൈൻ (ആർട്‌സ് ആന്റ് ഹ്യൂമാനിറ്റീസ്), ഡോ. റീനമോൾ ജി (കെമിക്കൽ സയൻസ്), ഡോ. രാധാകൃഷ്ണൻ ഇ (ബയോളജിക്കൽ സയൻസ്), ഡോ. അലക്‌സ് പി ജെയിംസ് (ഫിസിക്കൽ സയൻസ്), ഡോ. അൻവർ സാദത്ത് (സോഷ്യൽ സയൻസ്), ഡോ. മഞ്ജു കെ (ആർട്‌സ് ആന്റ് ഹ്യൂമാനിറ്റീസ്), ഡോ. മയൂരി പി.വി (ബയോളജിക്കൽ സയൻസ്), ഡോ. സിജില റോസ്ലി സി.വി (കെമിക്കൽ സയൻസ്), ഡോ. സ്വപ്ന എം.എസ് (ഫിസിക്കൽ സയൻസ്) എന്നിവരും മന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി. പരിപാടിയിൽ ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ രാജൻ ഗുരുക്കൾ അധ്യക്ഷത വഹിച്ചു. മെമ്പർ സെക്രട്ടറി ഡോ. രാജൻ വർഗീസ്, പി.എസ് വനജ എന്നിവർ പങ്കെടുത്തു. ലീലാവതി ടീച്ചർ, പ്രൊഫ ഉമ്മൻ, ഡോ. അജയഘോഷ് എന്നിവർ മറുപടി പ്രസംഗം നടത്തി.
Share your comments