കോവിഡ് മൂലം അച്ഛനമ്മമാരെ നഷ്ടപ്പെട്ട തൃശൂർ ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ഥികളുടെയും തുടര്‍പഠനങ്ങള്‍ക്കുള്ള ചെലവുകള്‍ പൂര്‍ണമായി സ്‌പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്തി നല്‍കുമെന്ന് ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണതേജ.
മാതാപിതാക്കള്‍ നഷ്ടപ്പെട്ട 609 കുട്ടികൾ ജില്ലയിലുണ്ടെന്നാണ് കണക്ക്. അവരില്‍ 21 കുട്ടികള്‍ക്ക് ഇതിനകം സ്‌പോണ്‍സര്‍മാരെ കണ്ടെത്തി നല്‍കിയതായും ബാക്കിയുള്ളവര്‍ക്ക് കൂടി താമസിയാതെ അത് ലഭ്യമാക്കുമെന്നു കളക്ടർ പറഞ്ഞു. ആലപ്പുഴ ജില്ലാ കലക്ടറായിരിക്കെ, 293 കുട്ടികള്‍ക്ക് ഈ രീതിയില്‍ സഹായം ലഭ്യമാക്കാന്‍ സാധിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇത് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. നെഹ്‌റു യുവകേന്ദ്രയുടെ നേതൃത്വത്തില്‍ കേന്ദ്ര യുവജന, കായിക മന്ത്രാലയത്തിന്റെയും എന്‍എസ്എസ്സിന്റെയും സഹകരണത്തോടെ വിമല കോളേജില്‍ സംഘടിപ്പിച്ച യുവ ഉത്സവ് പരിപാടിയില്‍ വിദ്യാര്‍ഥികളോട് സംവദിക്കവെയാണ് ജില്ലാ കലക്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
തന്റെ സ്‌കൂള്‍ കാലം മുതല്‍ സിവില്‍ സര്‍വീസ് കാലം വരെയുള്ള ഓര്‍മകളും അനുഭവങ്ങളും വിദ്യാര്‍ഥികളുമായി ജില്ലാ കലക്ടര്‍ പങ്കുവെച്ചു. 2018ലെ പ്രളയമായിരുന്നു ഐഎഎസ് കാലത്ത് നേരിടേണ്ടി വന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് ചോദ്യത്തിന് മറുപടിയായി പറഞ്ഞു. അതേസമയം, ഉദ്യോഗസ്ഥനെന്ന നിലയില്‍ വലിയ അവസരവും അത് തുറന്നുനല്‍കിയതായും കലക്ടര്‍ പറഞ്ഞു.
ചെറുപ്പം മുതലേ ഐഎഎസ് മോഹമുണ്ടായിരുന്നോ എന്ന ഒരു കുട്ടിയുടെ ചോദ്യത്തിന് ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന വേളയിലായിരുന്നു അതേക്കുറിച്ച് ആലോചിച്ചത് എന്നായിരുന്നു മറുപടി. നാലു തവണ ശ്രമിച്ചിട്ടാണ് ഐഎഎസ് കടമ്പ കടക്കാനായത്. എല്ലാ ദിവസവും ഇംഗ്ലീഷ് ദിനപ്പത്രം ഉള്‍പ്പെടെ വായിക്കുന്നതാണ് സിവില്‍ സര്‍വീസ് പരീക്ഷയ്ക്കുള്ള ഏറ്റവും നല്ല തയ്യാറെടുപ്പ്. അതോടൊപ്പം തങ്ങളുടെ അക്കാദമിക വിഷയത്തില്‍ നന്നായി ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. ഐഎഎസ് കിട്ടിയില്ലെങ്കില്‍ പിന്നെന്ത് എന്നുള്ളതിന് സ്വന്തമായി ഉത്തരമുണ്ടെങ്കിലേ ആത്മവിശ്വാസത്തോടെ സിവില്‍ സര്‍വീസിനായി തയ്യാറെടുക്കാന്‍ കഴിയൂ എന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
ഐഎഎസ്സുകാരനെന്ന നിലയില്‍ രാഷ്ട്രീയ ഇടപെടല്‍ പ്രയാസം സൃഷ്ടിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് എട്ടു വര്‍ഷത്തെ തന്റെ സര്‍വീസിനിടയില്‍ അത്തരമൊരു ദുരനുഭവം തനിക്ക് ഉണ്ടായിട്ടില്ലെന്നായിരുന്നു മറുപടി. അതാണ് കേരളത്തില്‍ ജോലി ചെയ്യുന്നതിന്റെ മഹത്വം. ഇതര സംസ്ഥാനങ്ങളില്‍ കാര്യങ്ങള്‍ ഇതുപോലെ ആവണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ വിദ്യാഭ്യാസ രീതി വളരെ മികച്ചതാണെന്ന് കലക്ടര്‍ അഭിപ്രായപ്പെട്ടു.
ബന്ധപ്പെട്ട വാർത്തകൾ: തണ്ണീർത്തടങ്ങളും കണ്ടൽക്കാടുകളും പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതികൾക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ചു
തന്റെ സംസ്ഥാനമായ ആന്ധ്രാപ്രദേശിലെ പല വിദ്യാലയങ്ങളിലും രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് എട്ടു മണി വരെ പഠനം മാത്രമാണ്. അവിടെ പഠനേതര പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെയില്ല. എന്നാല്‍ ഇവിടെ മിക്കവാറും എല്ലാ കുട്ടികളും ഏതെങ്കിലും തരത്തില്‍ പഠനേതര പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാറുണ്ട്. കുട്ടികള്‍ പഠനം ആസ്വദിക്കുന്ന അനുഭവമാണിവിടെ. തന്റെ മകന് കേരളത്തില്‍ പഠിക്കാന്‍ അവസരം കിട്ടിയത് ഭാഗ്യമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നതില്‍ സോഷ്യല്‍ മീഡിയയ്ക്ക് വലിയ പങ്കുണ്ട്. താന്‍ ആളുകളുമായി സംസാരിക്കുന്ന ഭാഷയിലാണ് ഫെയ്‌സ്ബുക്ക് വഴിയും സംസാരിക്കാറുള്ളത്. ജനങ്ങളുമായി സംവദിക്കാന്‍ അതാണ് നല്ല വഴിയെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ: ഇന്ത്യൻ നേവിയിൽ അഗ്‌നിവീർ തസ്‌തികയിൽ 1465 ഒഴിവുകൾ;
യുവ ഉത്സവ അരങ്ങിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങളും ജില്ലാ കലക്ടര്‍ വിതരണം ചെയ്തു. നെഹ്‌റു യുവ കേന്ദ്ര യൂത്ത് ജില്ലാ ഓഫീസര്‍ സി ബിന്‍സി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി പി അബ്ദുള്‍ കരീം, നെഹ്‌റു യുവ കേന്ദ്ര സംസ്ഥാന ഡയറക്ടർ എം.അനിൽകുമാർ, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എന്‍ എസ് എസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. ടി എല്‍ സോണി, വിമല കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബീന ജോസ്, വിമല കോളേജ് പ്രോഗ്രാം ഓഫീസര്‍ സന്തോഷ് പി ജോര്‍ജ്, എന്‍ എസ് എസ് ജില്ലാ കോര്‍ഡിനേറ്റര്‍ സതീഷ് ടി വി, ഒ. നന്ദകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ബന്ധപ്പെട്ട വാർത്തകൾ: വിഎഫ്പിസികെ സ്വാശ്രയ കർഷക സമിതി വിപണി മന്ദിരം നാടിന് സമർപ്പിച്ചു
Share your comments