സംസ്ഥാന സർക്കാറിന്റെ സുഭിക്ഷ കേരളം പദ്ധതിയിലൂടെ കൃഷിയോഗ്യമായത് 26,580 ഹെക്ടർ തരിശുഭൂമി. 25,000 ഹെക്ടർ തരിശുനിലങ്ങളിൽ കൃഷിയിറക്കാനായിരുന്നു പദ്ധതി ലക്ഷ്യമിട്ടത്. നെല്ല് ഉത്പാദനം 6.8 ലക്ഷം മെട്രിക് ടണ്ണിൽ നിന്നും 9 ലക്ഷം മെട്രിക് ടണ്ണായി വർദ്ധിച്ചു.
50,000 ഏക്കർ തരിശുനിലത്താണ് ഇപ്പോൾ നെൽകൃഷിയുള്ളത്. സുഭിക്ഷ കേരളം പദ്ധതിയിലൂടെ തരിശ് ഭൂമി ഉൾപ്പടെ കൃഷി യോഗ്യമാക്കിക്കൊണ്ട് 2015-16ൽ 6.28 ലക്ഷം ടണ്ണായിരുന്ന പച്ചക്കറി ഉൽപാദനം 2019-20 ആയതോടെ 15 ലക്ഷം ടണ്ണായി.
പദ്ധതിയിലേക്ക് പരമാവധി കർഷകരെയും യുവാക്കളെയും ആകർഷിക്കാനായി സുഭിക്ഷ കേരളം വെബ് പോർട്ടൽ ആരംഭിച്ചിട്ടുണ്ട്. ഇത് വരെ പദ്ധതിയിൽ 65,979 കർഷകരാണ് പോർട്ടൽ വഴിയും നേരിട്ടും രജിസ്റ്റർ ചെയ്തത്. ഇതിൽ 11,428 പ്രവാസികളും 11,316 യുവാക്കളുമുണ്ട്. നെൽകൃഷി ചെയ്യുന്ന കർഷകർക്കുള്ള റോയൽറ്റി ഇതിനകം 32,118 കർഷകർക്ക് നൽകി.
റോയൽറ്റിക്ക് അർഹതയുള്ള കർഷകരുടെ രജിസ്‌ട്രേഷൻ തുടരുകയാണ്. എല്ലാ കുടുംങ്ങളെക്കൊണ്ടും പരമാവധി കൃഷി ചെയ്യിക്കുന്നതിന്റെ ഭാഗമായി ഒരുകോടി ഇരുപത് ലക്ഷത്തോളം വിത്ത് പാക്കറ്റുകളാണ് രണ്ട് ഘട്ടങ്ങളിലായി സംസ്ഥാനത്ത് വിതരണം ചെയ്തത്.
സുഭിക്ഷ കേരളം പദ്ധതിയിലൂടെ വിവിധ വിഭാഗങ്ങളിലായി 28 ലക്ഷം പേർക്കാണ് പ്രയോജനം ലഭിക്കുന്നത്. ഇതിൽ 10.87 ലക്ഷം പേർ സ്ത്രീകളും മൂന്നു ലക്ഷം പേർ യുവാക്കളുമാണ്.
പ്രാദേശിക, വിദേശ ഫല വർഗങ്ങളുടെ വ്യാപനം കേരളത്തിൽ സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഒരു കോടി ഫലവൃക്ഷത്തൈകളുടെ വിപണനവും പരിപാലനവും ഇതിന്റെ ഭാഗമായി ആരംഭിച്ചിരുന്നു. പദ്ധതിയുടെ രണ്ടാം ഘട്ടമാണ് ഇപ്പോൾ നടക്കുന്നത്. 100.07 ലക്ഷം ഫലവൃക്ഷത്തൈകൾ ഇതു വരെ വിതരണം ചെയ്തു.
തരിശുനിലങ്ങളിൽ പൂർണമായി കൃഷിയിറക്കുക, പച്ചക്കറി ഉൽപാദനത്തിൽ സ്വയംപര്യാപ്തത നേടുക, ഉല്പാദന വർധനവിലൂടെ കർഷകർക്ക് നല്ല വരുമാനം ഉറപ്പാക്കുക, കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട് യുവാക്കളെയും തിരിച്ചുവരുന്ന പ്രവാസികളെയും കൃഷിയിലേക്ക് ആകർഷിക്കുക, മൃഗപരിപാലന മേഖലയും മത്സ്യബന്ധന മേഖലയും അഭിവൃദ്ധിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് സുഭിക്ഷ കേരളം പദ്ധതി നടപ്പാക്കുന്നത്.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ഒബിസി, ഒഇസി, എസ് സി /എസ് ടി വിഭാഗത്തിലെ തൊഴില്‍ രഹിതരായ യുവാക്കള്‍ക്കായി സൗജന്യ നൈപുണ്യ പരിശീലനം
Share your comments