പെൻഷനായ മുൻ സർക്കാർ ജീവനക്കാർ തങ്ങളുടെ പെൻഷൻ ആനുകൂല്യം തുടർന്നും ലഭിക്കുന്നതിനായി ഉടൻ തന്നെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണമെന്ന് അറിയിപ്പ്. അതായത്, ഫെബ്രുവരി 28നകം ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണമെന്നാണ് നിർദേശം. നേരത്തെ ഡിസംബർ 31 ആയിരുന്നു അവസാന തീയതിയായി അറിയിച്ചിരുന്നത്. എന്നാൽ പിന്നീട് സമയം നീട്ടി നൽകുകയായിരുന്നു.
ഇതുവരെയും ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാത്തവർക്ക് ഇത് രണ്ടാം തവണയാണ് സമയം നീട്ടി നൽകുന്നത്. ഓരോ വർഷവും നവംബർ 30 ആണ് ലൈഫ് സർട്ടിഫിക്കറ്റ് നൽകാനുള്ള അവസാന തീയതിയാക്കി നിശ്ചയിക്കുന്നത്. എന്നാൽ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഇത് ആദ്യം ഡിസംബർ 31ലേക്കും പിന്നീട് ഫെബ്രുവരി 28ലേക്കും മാറ്റുകയായിരുന്നു.
പെൻഷൻ വാങ്ങുന്ന സർക്കാർ ജീവനക്കാർക്ക് അവരുടെ ആനുകൂല്യം തുടർന്നും ലഭിക്കണമെങ്കിൽ ലൈഫ് സർട്ടിഫിക്കറ്റ് നിർബന്ധമായും സമർപ്പിക്കേണ്ടതാണ്. അല്ലാത്ത പക്ഷം, മാർച്ച് മാസം മുതൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിങ്ങളുടെ പെൻഷൻ എത്തില്ല.
എന്താണ് ലൈഫ് സർട്ടിഫിക്കറ്റ്? (What Is Life Certificate?)
പെൻഷൻ വാങ്ങുന്നവർ ഏറ്റവും ആവശ്യമായി സമർപ്പിക്കേണ്ട ഒരു രേഖയാണിത്. ജീവൻ പ്രമാൺ പത്ര എന്നും ലൈഫ് സർട്ടിഫിക്കറ്റ് അറിയപ്പെടുന്നു. പെൻഷൻ ലഭിക്കുന്നവർ തങ്ങൾ ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കുന്നതിനായാണ് ഈ രേഖ പ്രധാനമായും ഉപയോഗിക്കുന്നത്.4
ബന്ധപ്പെട്ട വാർത്തകൾ: SBI: ഈ തീയതിക്കുള്ളിൽ പാൻ കാർഡും ആധാറും ലിങ്ക് ചെയ്തില്ലെങ്കിൽ 10,000 രൂപ പിഴ, അക്കൗണ്ട് മരവിപ്പിക്കും
80 വയസ്സിന് മുകളിൽ പ്രായമുള്ളവർ ഒക്ടോബർ 1നാണ് സാധാരണ എല്ലാ വർഷവും ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടത്. ഇതിന് താഴെ പ്രായമുള്ളവരാണെങ്കിൽ നവംബർ 1 വരെയും സർട്ടിഫിക്കറ്റ് സമർപ്പിക്കണം.
ഇവർക്കാണ് ഇപ്പോൾ ഫെബ്രുവരി 28 വരെ സമയം നീട്ടി നൽകിയിരിക്കുന്നത്. എംപ്ലോയീസ് പെൻഷൻ സ്‌കീം വഴി പെൻഷൻ ലഭിക്കുന്നവർക്ക് വർഷത്തിൽ എപ്പോൾ വേണമെങ്കിലും ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കാവുന്നതാണ്. ഓൺലൈനായും ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതിന് സൗകര്യമുണ്ട്. എങ്ങനെയാണ് ഇതിന്റെ നടപടിക്രമങ്ങൾ എന്ന് പരിശോധിക്കാം.
ഡിജിറ്റലായി എങ്ങനെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാം? (How To Submit Life Certificate Digitally?)
https://jeevanpramaan.gov.in/ എന്ന വെബ്‌സൈറ്റിലൂടെ നിങ്ങൾക്ക് ഡിജിറ്റലായി ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാവുന്നതാണ്. ജീവൻ പ്രമാൺ വെബ്‌സൈറ്റിന് പുറമെ ആപ്പിലൂടെയും ഇത് സാധിക്കും.
ഇതിനായി ആദ്യം ജീവൻ പ്രമാൺ മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക. ശേഷം, പെൻഷൻ ഗുണഭോക്താവ് തങ്ങളുടെ ആധാർ നമ്പർ, പെൻഷൻ പേമെന്റ് ഓർഡർ, ബാങ്കിന്റെ പേര്, ബാങ്ക് അക്കൗണ്ട് നമ്പർ, മൊബൈൽ നമ്പർ എന്നിവ നൽകി സ്വയം രജിസ്റ്റർ ചെയ്യുക.
ആധാർ പ്ലാറ്റ്ഫോമിലൂടെ ഈ പോർട്ടൽ ബയോമെട്രിക് സ്ഥിരീകരണം നടത്തുന്നു. കൂടാതെ, അപേക്ഷകൻ അവരുടെ വിരലടയാളം തിരിച്ചറിയലിനായി സമർപ്പിക്കണം.
ഇത് പൂർത്തിയായി കഴിഞ്ഞാൽ നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു എസ്എംഎസ് ലഭിക്കും. ഇതിൽ ലൈഫ് സർട്ടിഫിക്കറ്റ് ഐഡി അടങ്ങിയിട്ടുണ്ട്. ഈ ഐഡി നൽകി നിങ്ങളുടെ ലൈഫ് സർട്ടിഫിക്കറ്റ് എടുക്കാം. പെൻഷൻ വിതരണം ചെയ്യുന്ന ബാങ്കുകൾ വഴിയും ലൈഫ് സർട്ടിഫിക്കറ്റ് എടുക്കാനാകും. ഇതിനായി ബാങ്കുകളിൽ അപേക്ഷഫോം നൽകി ലൈഫ് സർട്ടിഫിക്കറ്റിനായി അപേക്ഷിക്കണം. അതുമല്ലെങ്കിൽ പോസ്റ്റ്മാൻ വഴിയോ നിയുക്ത ഉദ്യോഗസ്ഥൻ വഴിയോ ഡോർസ്റ്റെപ്പ് ബാങ്കിങ് സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.
ഇതിന് പുറമെ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കൾക്കായി വീഡിയോ കോളിങ് സൗകര്യത്തിലൂടെയും ലൈഫ് സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാനാകും. എന്നാൽ, വീഡിയോ കോളിൽ ഹാജരാകുമ്പോൾ പാൻ കാർഡ് നിർബന്ധമായും കൈവശമുണ്ടായിരിക്കണം.
Share your comments