- ക്ഷീരസംഘങ്ങൾക്കും കർഷകർക്കും ലിറ്റർ ഒന്നിന് നാലുരൂപ സബ്‌സിഡി ഓണസമ്മാനമായി നൽകുമെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. കഴിഞ്ഞ മാസം മുതലുള്ള സബ്‌സിഡി ബാങ്ക് വഴി നേരിട്ടു ലഭ്യമാക്കും. മിൽമ റിച്ച് പാൽ, സ്മാർട്ട് തൈര്, സ്വിഗി ഓൺലൈൻ പ്ലാറ്റ്‌ഫോം വഴിയുള്ള മിൽമ ഉൽപ്പന്നങ്ങൾ എന്നിവയുടെ വിതരണോദ്ഘാടനം കൊല്ലം പ്രസ് ക്ലബ്ബിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ക്ഷീരക്ഷേമനിധി ബോർഡ്, ഓണക്കൈനീട്ടം എന്ന നിലയിൽ, ക്ഷീരകർഷകർക്ക് 250 രൂപ നൽകും. ഇക്കൊല്ലം പശുക്കിടാവ് പദ്ധതിയിൽ ഇരട്ടി പഞ്ചായത്തുകളെ തെരഞ്ഞെടുത്തതായി മന്ത്രി അറിയിച്ചു. കൂടാതെ, പച്ചപ്പുൽ വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിനായി ഒരേക്കറിന് 16,000 രൂപ സബ്‌സിഡി നൽകുന്നുവെന്നും മന്ത്രിവ്യക്തമാക്കി.
- രാജ്യത്തെ കര്‍ഷകര്‍ കടുത്ത പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന സാഹചര്യത്തിൽ കര്‍ഷക ദിനത്തിന്റെ പ്രസക്തി വര്‍ധിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കർഷകരുടെ സുരക്ഷിതത്വം തകർക്കുന്ന, നവഉദാരവൽക്കരണ നയങ്ങൾക്കെതിരെ രാജ്യമാകെ വലിയ പ്രക്ഷോഭങ്ങളാണ് നടക്കുന്നതെന്നും അവയോട് ഐക്യപ്പെടാനും കർഷകർക്കു പിന്തുണ നൽകാനും നമ്മൾ തയ്യാറാകേണ്ട സന്ദർഭമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. നമ്മുടെ ശ്രേഷ്ഠമായ കാർഷിക പാരമ്പര്യത്തെ ആഘോഷിക്കാനും കാർഷിക മേഖലയുടെ അഭിവൃദ്ധിക്കായി പുതിയ ചിന്തകൾ പങ്കുവയ്ക്കാനുമുള്ള അവസരമാണ് ചിങ്ങം ഒന്ന് കർഷക ദിനമായി ആചരിക്കുന്നതിലൂടെ ലഭിക്കുന്നതെന്ന് മുഖ്യമന്ത്രി ആശംസാസന്ദേശത്തിൽ പറഞ്ഞു. ബദൽ കാർഷിക നയങ്ങളുമായി മുന്നോട്ടു പോകുന്ന സംസ്ഥാന സർക്കാരിന്റെ പദ്ധതികൾ കൂടുതൽ ജനകീയമാക്കാൻ അനിവാര്യമായ പിന്തുണ എല്ലാവരിൽ നിന്നുമുണ്ടാകണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
- സർക്കാരിന്റെ ഓണക്കിറ്റ് വിതരണം ഈ മാസം 23ന് തുടങ്ങും. ഓഗസ്റ്റ് 22ന് വൈകിട്ട് നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓണക്കിറ്റ് വിതരണം ഉദ്ഘാടനം ചെയ്യും. റേഷൻ കടകൾ വഴിയാണ് ഓണക്കിറ്റ് വിതരണം. അന്ത്യോദയ അന്നയോജന കാർഡ് ഉടമകൾക്കാണ് ആദ്യം കിറ്റ് ലഭിക്കുക. 14 ഉത്പന്നങ്ങൾ അടങ്ങിയ കിറ്റിന് 434 രൂപയാണ് കുറഞ്ഞ ചിലവ്. ഭക്ഷ്യ കിറ്റിന്‍റെ പാക്കിങ് 80 ശതമാനം പൂർത്തിയായതായി സപ്ലൈക്കോ അറിയിച്ചു. ഓണത്തിന് മുൻപ് വിതരണം പൂർത്തിയാക്കാനാണ് സപ്ലൈക്കോയുടെ ലക്ഷ്യം. 90 ലക്ഷം ഭക്ഷ്യ കിറ്റുകളാണ് സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകൾക്ക് വിതരണത്തിനായി തയ്യാറാക്കുന്നത്.
- ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി സംസ്ഥാന കൃഷി വകുപ്പ് മന്ത്രിയും കൃഷിവകുപ്പിലെ സംസ്ഥാനതല ഉദ്യോഗസ്ഥരും, കർഷകരുമായി സംവദിച്ച് പ്രശ്നപരിഹാരം നടത്തുന്ന ‘കൃഷിദർശൻ’ പരിപാടിക്ക് തുടക്കമായി. തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഇന്ന് വൈകിട്ട് നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കൃഷി ദർശന്റെ ഔദ്യോഗിക പ്രഖാപനം നടത്തി. സംസ്ഥാനത്തെ മുഴുവൻ കാർഷിക ബ്ലോക്കുകളും കേന്ദ്രീകരിച്ച് ഘട്ടംഘട്ടമായാണ് പരിപാടി നടപ്പിലാക്കുന്നതെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്. അതേ സമയം, കർഷക ദിനം പ്രമാണിച്ച് സംസ്ഥാനത്ത് കൃഷിവകുപ്പ് വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. കൃഷി ദർശൻ ഉദ്ഘാടനത്തിന് പുറമെ, കർഷക ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും സംസ്ഥാന കർഷക അവാർഡ് വിതരണവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
- പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന കാര്‍ഷിക വിളകള്‍ വിപണനം ചെയ്യുന്നതിന് സമൃദ്ധി-നാട്ടുപീടിക പദ്ധതിയുമായി കൃഷി വകുപ്പ്. പദ്ധതിയുടെ ഭാഗമായി ഓഗസ്റ്റ് 19ന് സംസ്ഥാനതലത്തില്‍ 32 കണ്ടെയ്‌നര്‍ ഷോപ്പുകള്‍ നാടിന് സമര്‍പ്പിക്കും. വിപണിയിലെ വില നിയന്ത്രിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് കൃഷി മന്ത്രി പി പ്രസാദ് വ്യക്തമാക്കി. ഗുണമേന്‍മയുള്ള ഉത്പന്നങ്ങള്‍ കേരളത്തില്‍ തന്നെ ഉത്പാദിപ്പിക്കാനും ഇത്തരം പദ്ധതികള്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
- ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഖാദി വസ്ത്രം ധരിക്കുന്നവരുടെ സംഗമം മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ കണ്ണൂരിൽ ഉദ്ഘാടനം ചെയ്തു. ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ അധ്യക്ഷത വഹിച്ചു. മുതിർന്ന ഖാദി തൊഴിലാളികളായ KVN കുഞ്ഞമ്പു, AV.നളിനി, ബാലകൃഷ്ണൻ, PV ഗോപാലൻ, OP കൃഷ്ണൻ, CV നാരായണി, P നാണി, കാർത്യായനി, പി.രാജലക്ഷ്മി, വി.വല്ലി എന്നിവരെ മന്ത്രി ആദരിച്ചു. 'അച്ഛനും അമ്മയ്ക്കും ഒരു ഖാദി കോടി' ക്യാംപെയ്നിന്റെ ഭാഗമായി മുൻ എംഎൽഎ ടി.കെ.ബാലന്റെ മകൻ അരുൺ, ഭാര്യ സീമ എന്നിവർക്ക് മകൾ അൻവിത ഓണക്കോടി നൽകി. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പുമായി സഹകരിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
- എറണാകുളം ജില്ലയിലെ പള്ളിപ്പുറം കൃഷിഭവന്റെ കീഴിലുള്ള ഹരിത കാർഷിക കർമ്മസേനയുടെ ബയോ ഫാർമസി യും ജൈവ വള നിർമ്മാണ യൂണിറ്റും പ്രവർത്തനം ആരംഭിച്ചു. കാർഷിക കർമസേന പുനരുദ്ധാരണ പദ്ധതി 2021-22ന്റെ ഭാഗമായാണ് ബയോഫാർമസി ഉദ്ഘാടനം ചെയ്തത്.
- കൃഷിയിടങ്ങളില്‍ ട്രാക്ടര്‍ ഓടിച്ചു നിലമൊരുക്കാന്‍ തയ്യാറെടുത്ത് എറണാകുളം മുളന്തുരുത്തി ഗ്രാമപഞ്ചായത്തിലെ ഒരു കൂട്ടം വനിതകള്‍. കാര്‍ഷിക രംഗത്ത് സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച മഹിളാ കിസാന്‍ ശാക്തീകരണ്‍ പരിയോജനയുടെ ഭാഗമായാണ് ട്രാക്ടര്‍ പരിശീലനം ആരംഭിച്ചത്. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു പി. നായര്‍ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. സ്ത്രീകള്‍ക്ക് യന്ത്രവല്‍ക്കൃത കൃഷി രീതികളില്‍ പരിശീലനം നല്‍കി കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 8 ദിവസം നീണ്ടുനിൽക്കുന്ന പരിശീലനത്തിൽ, എം.വി വത്സന്‍, പി.എം വിജയന്‍ എന്നീ വിദഗ്ധ പരിശീലകർ നേതൃത്വം നൽകും.
ബന്ധപ്പെട്ട വാർത്തകൾ: പാരമ്പര്യത്തിലേക്ക് മടങ്ങാം; ഇന്ന് ദേശീയ കൈത്തറി ദിനം
- കേരള കർഷക ദിനത്തോടനുബന്ധിച്ച് വെബ്ബിനാർ സംഘടിപ്പിച്ച് കൃഷി ജാഗരൺ. ഇന്ന് വൈകുന്നേരം 5 മണിക്ക് കൃഷി ജാഗരൺ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്ത പരിപാടിയിൽ, വിവിധ കാർഷിക മേഖലകളിലെ പത്തോളം കർഷകർ പങ്കെടുത്തു. കേരളത്തിന്റെ കാർഷിക മേഖയിലുണ്ടായ മാറ്റങ്ങൾ, കർഷക ദിനത്തിന്റെ പ്രാധാന്യം, ഭാവിയിലെ കാർഷികമേഖലയെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ എന്നിവ കർഷകർ പങ്കുവച്ചു.
- അറേബ്യൻ ഉൾക്കടലിൽ അയക്കൂറ മത്സ്യത്തെ പിടിക്കുന്നതിന് വിലക്കേർപ്പെടുത്തി സൗദി പരിസ്ഥിതി കൃഷി മന്ത്രാലയം. മത്സ്യത്തിന്റെ പ്രജനനകാലം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഒക്ടോബർ പതിനഞ്ച് വരെയാണ് വിലക്ക്. ഗൾഫ് സഹകരണ കൗൺസിലിന്റെ ഏകോപനത്തോടെ, ഫിഷറീസ് അതോറിറ്റിയാണ് നിരോധനം പ്രഖ്യാപിച്ചത്. ആറ് ജി.സി.സി രാജ്യങ്ങളും സമാനമായ രീതിയിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മത്സ്യത്തിന്റെ പ്രജനന സംരക്ഷണവുമായി ബന്ധപ്പെട്ടാണ് വിലക്കേർപ്പെടുത്തുന്നതെന്ന് മന്ത്രാലയ ഡയറക്ടർ ജനറൽ അമർ അൽമു തൈരി വ്യക്തമാക്കി.
- 'മേക്ക് ഇൻ ഇന്ത്യ' പോലെയുള്ള പദ്ധതികൾ വിജയകരമാക്കണമെങ്കിൽ രാജ്യത്ത് അഗ്രോ കെമിക്കൽസ് കമ്പനികൾക്ക് അവസരമൊരുക്കണമെന്ന് ഭാരത് സെർട്ടിസ് അഗ്രി സയൻസ് ലിമിറ്റഡിൻ്റെ മാനേജിംഗ് ഡയറക്ടർ ധർമേഷ് ഗുപ്ത. കഴിഞ്ഞ ദിവസം കെ.ജെ ചൗപാലിൽ കൃഷി ജാഗരൺ അംഗങ്ങളുമായി സംവദിച്ച ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കൃഷിയെപ്പോലെ അഗ്രോ കെമിക്കൽസ് ഇൻഡസ്ട്രിയും പ്രാധാന്യമർഹിക്കുന്നതായും, എന്നാൽ കാർഷിക രാസവസ്തുക്കൾ ഉപയോഗിക്കുന്ന രാജ്യമെന്ന നിലയിൽ ഇത് ഇപ്പോഴും അഞ്ചാം സ്ഥാനത്ത് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
- കേരളത്തിൽ പൊതുവെ ചൂടുള്ള കാലാവസ്ഥ. ഇനി വരുന്ന ദിവസങ്ങളിലും വെയിലും തെളിഞ്ഞ കാലാവസ്ഥയും അനുഭവപെടുമെന്ന് കാലാവസ്ഥ റിപ്പോർട്ട്. എന്നാൽ, കണ്ണൂർ കാസറഗോഡ് ജില്ലകളിലും കേരളത്തിന്റെ കിഴക്കൻ മേഖലകളിലും ഒറ്റപ്പെട്ട മഴ ലഭിച്ചേക്കും. എന്നാൽ, കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇവിടെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിന് സാധ്യതയുണ്ട്. അതേസമയം, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല.
Share your comments