
നിരവധി ബീജങ്ങൾ നൽകി പ്രശസ്‌തി നേടിയ "സുൽത്താൻ" എന്ന പോത്ത് ഹരിയാനയിലെ കൈത്തൽ എന്ന സ്ഥലത്ത് ഹൃദയാഘാതം മൂലം മരണപ്പെട്ടു. സംസ്ഥാനത്തെ എല്ലാ കന്നുകാലി മേളകളുടെയും അഭിമാനമായിരുന്നു സുൽത്താൻ.
രാജസ്ഥാനിലെ പുഷ്കറിൽ നടന്ന മേളയിൽ, സുൽത്താൻ കോടികളുടെ ലേലത്തിനായിരുന്നു വിളിച്ചിരുന്നത്. എന്നാൽ ഉടമ അവനെ നഷ്ടപ്പെടാൻ തയ്യാറായിരുന്നില്ല. പക്ഷേ ഇപ്പോൾ ആ ഉടമയ്ക്ക് "സുൽത്താൻ" എന്നന്നേക്കുമായി നഷ്ടപ്പെട്ടിരിക്കുകയാണ്. സുൽത്താൻറെ മരണശേഷം യജമാനനായ നരേഷ് ബെനിവാൾ വളരെ ദുഃഖിതനായി കാണപ്പെട്ടു.
സുൽത്താൻ ഒരു സാധാരണ പോത്തായിരുന്നില്ല. 1200 കിലോഗ്രാം ഭാരമുള്ള അവൻ യഥാർത്ഥത്തിൽ ഒരു സെലിബ്രിറ്റി തന്നെയായിരുന്നു, എണ്ണമയമുള്ള ശരീരവും, മിനുസമാർന്ന ചാരനിറത്തിലുള്ള കറുത്ത നിറവും, തിളങ്ങുന്ന കണ്ണുകളുമുള്ള സുൽത്താൻ നിരവധി രാഷ്ട്രീയക്കാരും അഭിനേതാക്കളും അടങ്ങിയ ഒരു വലിയ ജനക്കൂട്ടത്തെ ആകർഷിച്ചിരുന്നു. സംസ്ഥാനത്ത്, ബീജത്തിന് വലിയ ഡിമാൻഡ് ഉള്ളതിനാൽ സുൽത്താൻറെ ബീജങ്ങൾ വിറ്റിരുന്ന ഉടമയ്ക്ക് ഓരോ വർഷവും 90 ലക്ഷത്തിലധികം രൂപ ലഭിച്ചിരുന്നു. "മുറാ" ഇനത്തിൽ പെട്ടതായിരുന്നു ഈ പോത്ത്.
2013 -ൽ ജജ്ജാർ, കർണാൽ, ഹിസാർ എന്നിവിടങ്ങളിൽ നടന്ന ദേശീയ മൃഗ സൗന്ദര്യമത്സരത്തിൽ സുൽത്താൻ ദേശീയ ജേതാവായിരുന്നു. രാജസ്ഥാനിലെ പുഷ്കർ മേളയിൽ ഒരു മൃഗസ്‌നേഹി സുൽത്താനെ 21 കോടി രൂപയ്ക്ക് വാങ്ങാമെന്ന് വാഗ്ദാനം ചെയ്തിരുന്നു, എന്നാൽ ഉടമ നരേഷ് ബെനിവാൾ സ്വന്തം മകനെ പോലെ വളർത്തിയ സുൽത്താനെ വിൽക്കാൻ തയ്യാറായിരുന്നില്ല.
6 അടി നീളമുള്ള സുൽത്താൻ ദിവസവും 15 കിലോ ആപ്പിളും 20 കിലോഗ്രാം കാരറ്റും കഴിച്ചിരുന്നു. കൈത്തലിലെ ബുഡാഖേഡ എന്ന ഗ്രാമത്തിലെ സുൽത്താൻ ഹരിയാനയിൽ മാത്രമല്ല, രാജ്യം മുഴുവൻ പ്രശസ്തനായിരുന്നു. സുൽത്താനെപ്പോലെ മറ്റാരു പോത്ത് ഉണ്ടാകില്ലെന്ന് ഉടമ നരേഷ് പറയുന്നു. സുൽത്താൻ തന്നെയും ഇന്ത്യ മുഴുവൻ പ്രശസ്തനാക്കിയെന്ന് ഉടമ പറയുന്നു.
മുറ പോത്തുകളെ വാങ്ങിക്കുമ്പോൾ നോക്കി വാങ്ങിക്കാം
Share your comments