സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും സപ്ലൈകോയുടെ വില്‍പ്പന ശാലകള്‍ തുറക്കുമെന്ന സര്‍ക്കാര്‍ നയം ലക്ഷ്യംകൈവരിച്ചതായി ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍.
പേട്ടയില്‍ പുതുതായി ആരംഭിച്ച സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റിന്റെ ഉദ്ഘാടനവും സമ്പൂര്‍ണ വില്‍പ്പനശാല പ്രഖ്യാപനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് വേണമെന്നു ജനങ്ങള്‍ ആവശ്യപ്പെട്ട ഇടങ്ങളിലെല്ലാം അവ യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞതായി മന്ത്രി പറഞ്ഞു. ജനങ്ങളുടെ അഭിരുചിയും ജീവിത ശൈലിയും മാറുന്നതിനൊപ്പം സപ്ലൈകോയും അടിമുടി മാറി.
ഇതിന്റെ ഭാഗമായി നൂറോളം മാവേലി സ്റ്റോറുകളെ സൂപ്പര്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകളായി ഉയര്‍ത്തി.
85 ലക്ഷത്തോളം വരുന്ന കാര്‍ഡ് ഉടമകള്‍ക്ക് എല്ലാ മാസവും പരാതികളില്ലാതെ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യാന്‍ കഴിയുന്നത് ഏറെ അഭിമാനകരമാണ്. കേരളത്തിലേതു പോലെ വിപുലമായ പൊതുവിതരണ ശൃംഖല രാജ്യത്ത് മറ്റൊരിടത്തുമില്ലെന്നും മന്ത്രി പറഞ്ഞു.
പേട്ടയിലേതിനു പുറമേ സംസ്ഥാനത്തെ മറ്റു 13 സൂപ്പര്‍ മാര്‍ക്കറ്റുകളുടെ ഉദ്ഘാടനവും ചടങ്ങില്‍ മന്ത്രി നിര്‍വഹിച്ചു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 98 പുതിയ വില്‍പ്പനശാല കളാണു സപ്ലൈകോ തുറന്നത്. 194 എണ്ണത്തിന്റെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തി. ചടങ്ങില്‍ വി.എസ് ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. സപ്ലൈകോ മാനേജിംഗ് ഡയറക്ടര്‍ അലി അസ്ഗര്‍ പാഷ, വാര്‍ഡ് കൗണ്‍സിലര്‍മാര്‍, ഭക്ഷ്യവകുപ്പ് ജീവനക്കാര്‍ തുടങ്ങിയവരും സംബന്ധിച്ചു.
Share your comments