സപ്ലൈകോ നെല്ല് സംഭരണം ഒന്നാം ഘട്ടത്തിൽ 825 ടൺ പൂർത്തിയായി. കർഷകരിൽ നിന്ന് പരമാവധി നെല്ല് സംഭരിക്കാൻ ലക്ഷ്യമിട്ടാണ് നെല്ല് സംഭരണം ആരംഭിച്ചത്.കഴിഞ്ഞ വർഷം ഒരു ലക്ഷം ടൺ നെല്ലാണ് സംഭരിച്ചത്. ഈ വർഷവും അത്ര തന്നെ നെല്ലാണ് സപ്ലൈകോ പ്രതീക്ഷിക്കുന്നത്. 59 മില്ലുകളാണ് നെല്ലെടുപ്പിനായി സപ്ലൈകോയുമായി കരാറിലേർപ്പെട്ടിരിക്കുന്നത്. 3000 കർഷകരാണ് നെല്ല് സംഭരണം ലക്ഷ്യമാക്കി നടത്തുന്ന രജിസ്‌ട്രേഷനിൽ ഇതിനകം പങ്കാളികളായത്. സീസൺ ആകുന്നതോടെ ഡിസംബർ-ജനുവരി മാസങ്ങളിൽ കർഷകരുടെ എണ്ണം ഇനിയും വർധിക്കും. 2020 ജൂണിലാണ് നെല്ല് സംഭരണം പൂർത്തിയാക്കുക. നെല്ലു സൂക്ഷിക്കാനുള്ള ഗോഡൗണുകളുടെ പട്ടികയും തയാറായിട്ടുണ്ട്.
കർഷകർക്ക് സ്വകാര്യ മില്ലുകൾ നൽകുന്നതിനേക്കാൾ അധിക തുകയാണ് സംഭരണ വിലയായി സപ്ലൈകോ നൽകുന്നത്. പുറത്ത് പതിനെട്ട് രൂപ സംഭരണ വിലയായി നൽകുമ്പോൾ സപ്ലൈകോ നൽകുന്നത് കിലോഗ്രാമിന് 26.95 രൂപയാണ്.www.supplycopaddy.in എന്ന സൈറ്റ് വഴി കർഷകർക്ക് നേരിട്ട് രജിസ്റ്റർ ചെയ്യാം. കർഷകന്റെ പേര്, മേൽവിലാസം, കൃഷിസ്ഥലത്തിന്റെ വിസ്തീർണ്ണം, സർവേ നമ്പർ, മൊബൈൽ നമ്പർ, ആധാർ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ, ബാങ്കിന്റെ ശാഖയുടെ പേര് (ഐഎഫ്എസ്‌കോഡ് ഉൾപ്പെടെ) തുടങ്ങിയ വിവരങ്ങളാണ് രജിസ്ട്രേഷന് ആവശ്യം. എൻആർഎ, എൻആർഒ, സീറോ സിറോബാലൻസ് അക്കൗണ്ടുകൾ, ലോൺഅക്കൗണ്ടുകൾ, ഇടപാടുകൾ ഇല്ലാത്ത അക്കൗണ്ടുകൾ എന്നിവ രജിസ്ട്രേഷന് ഉപയോഗിക്കരുത്. ഉമ, ജ്യോതി, മട്ട, വെള്ള എന്നിവയ്ക്ക് പ്രത്യേകം രജിസ്ട്രേഷൻ നിർബന്ധമാണ്. താൽക്കാലിക കൃഷിയാണെങ്കിൽ ഭൂവടമയുടെ പേരും വിലാസവും ഉൾപ്പെടുത്തി നിശ്ചിതമാത്യകയിലുള്ള സത്യവാങ്മൂലം (മാത്യക വെബ്സൈറ്റിൽ ലഭ്യമാണ്) 200 രൂപയുടെ മുദ്രപത്രത്തിൽ രേഖപ്പെടുത്തി അപേക്ഷയോടൊപ്പം സമർപ്പിക്കണം. രജിസ്ട്രേഷൻ പൂർത്തിയാകുമ്പോൾ ലഭിക്കുന്ന പ്രിന്റൗട്ട്, അനുബന്ധരേഖകൾ സഹിതം അതത് കൃഷിഭവനിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം സമർപ്പിക്കണം.
വിത്ത് വിതച്ച് 60 ദിവസത്തിനകം രജിസ്ട്രേഷൻ നടപടികൾ നിർബന്ധമായും പൂർത്തിയാക്കണം. നെല്ല് സംഭരിക്കുന്ന തീയതി, സംഭരണകേന്ദ്രം എന്നിവ കർഷകരെ നേരിട്ട് അറിയിക്കും. സപ്ലൈക്കോയ്ക്ക് നെല്ല് നൽകുന്ന കർഷകൻ ബില്ല് ലഭിച്ചാലുടൻ രജിസ്റ്റർ ചെയ്ത ബാങ്കിൽ ഏൽപ്പിച്ച് ലോൺ നടപടികൾ പൂർത്തിയാക്കി ബില്ലിന്റെ തുക കൈപ്പറ്റേണ്ടതാണെന്നും അധികൃതർ അറിയിച്ചു.
Share your comments