ടാറ്റാ കൺസൾട്ടൻസി സർവീസസ്, ഇൻഫോസിസ്, വിപ്രോ എന്നിവ ഒന്നര ലക്ഷത്തിലധികം ഫ്രെഷർമാരെ നിയമിക്കാനൊരുങ്ങുന്നു. ഇന്ത്യയിലെ വിവിധ കാമ്പസുകളിൽനിന്നാണ് യോഗ്യരായ ഉദ്യോഗാർത്ഥികളെ നിയമത്തിനായി ക്ഷണിക്കുക.
ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഫർമേഷൻ ടെക്‌നോളജി (ഐടി) സേവന ദാതാക്കളായ ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്), ഇൻഫോസിസ്, വിപ്രോ എന്നിവ ഈ സാമ്പത്തിക വർഷത്തിൽ ഒന്നര ലക്ഷത്തിലധികം ഫ്രെഷർമാരെ നിയമിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. ഇന്ത്യയിലെ വിവിധ കാമ്പസുകളിൽനിന്നാണ് യോഗ്യരായ ഉദ്യോഗാർത്ഥികളെ നിയമത്തിനായി ക്ഷണിക്കുക. കൊവിഡിനിടെ നിരവധി പേർക്ക് ആശ്വാസമേകുന്ന നടപടികളാണ് രാജ്യത്തെ പ്രമുഖ ഐടി കമ്പനികളുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്.
ടിസിഎസ് (TCS)
രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയായ ടിസിഎസ് 2021-22 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലുടനീളമുള്ള കാമ്പസുകളിൽ നിന്ന് 40,000 ഫ്രെഷർമാരെ നിയമിക്കും. നിലവിൽ 5 ലക്ഷത്തിലധികം ജീവനക്കാരുള്ള കമ്പനി 2020ൽ 40,000 ബിരുദധാരികളെ വിവിധ കാമ്പസുകളിൽ നിന്ന് നിയമിച്ചിരുന്നു.
കൊറോണ വൈറസ് പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ നിയമനം നടത്തുന്നതിനുള്ള പ്രക്രിയകൾക്ക് തടസമാകില്ലെന്നും കഴിഞ്ഞ വർഷം മൊത്തം 3.60 ലക്ഷം ഫ്രെഷർമാർ പ്രവേശന പരീക്ഷയ്ക്ക് ഹാജരായിട്ടുണ്ടെന്നും ടിസിഎസ് ആഗോള മാനവ വിഭവശേഷി മേധാവി മിലിന്ദ് ലക്കാഡ് പറഞ്ഞു.
ഇൻഫോസിസ് (Infosys)
ബംഗ്ലൂർ ആസ്ഥാനമായുള്ള ഇൻഫോസിസ് നടപ്പ് സാമ്പത്തിക വർഷത്തിൽ 35,000 ബിരുദധാരികളെ നിയമിക്കാൻ പദ്ധതിയിടുന്നതായി ചീഫ് ഓപ്പറേറ്റിങ് ഓഫീസർ പ്രവീൺ റാവു പറഞ്ഞു. മാർച്ച് പാദത്തിൽ ഇൻഫോസിസിന്റെ മൊത്തം ജീവനക്കാരുടെ എണ്ണം 2.67 ലക്ഷമായിരുന്നു.
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 2.59 ലക്ഷമായിരുന്നു. 2020ലെ കണക്കനുസരിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഐടി കമ്പനിയാണ് ഇൻഫോസിസ്. ടാറ്റ കൺസൾട്ടൻസി സർവീസസ് ആണ് ഒന്നാമത്.
വിപ്രോ (Wipro)
ഇന്ത്യൻ മൾട്ടിനാഷണൽ കോർപ്പറേഷൻ കമ്പനിയായ വിപ്രോ ലിമിറ്റഡിൽ നിലവിൽ 209,890 പേരാണ് ജോലി ചെയ്യുന്നത്. ഏറ്റവും കൂടുതൽ ജോലിക്കാരുള്ള ഇന്ത്യയിലെ ഒമ്പതാമത്തെ വലിയ തൊഴിൽ ദാതാവാണ് വിപ്രോ. ഈ വർഷം ആദ്യ പാദത്തിൽ പതിനായിരത്തിലധികം ആളുകളെ കരാർ അടിസ്ഥാനത്തിലും രണ്ടായിരത്തോളം ഫ്രെഷർമാരെ വിവിധ പോസ്റ്റുകളിലും നിയമിച്ചിരുന്നു.
രണ്ടാം പാദത്തിൽ 6,000 ഫ്രെഷർമാരെയാണ് കമ്പനിയിൽ നിയമിച്ചത്. ഇത് വിപ്രോയുടെ എക്കാലത്തെയും ഉയർന്ന നിരക്കാണ്. ഈ വർഷം 30,000 ത്തിലധികം ഓഫർ ലെറ്ററുകൾ കമ്പനി പുറത്തിറക്കും. ഇതിൽ 22,000 ഫ്രെഷർമാർ ഉൾപ്പെടുമെന്നും വിപ്രോ സിഇഒയും മാനേജിങ് ഡയറക്ടറുമായ തിയറി ഡെലാപോർട്ട് പറഞ്ഞു.
Share your comments