കണ്ണൂർ/ ഇരിട്ടി : കറുത്ത പൊന്നിന്റെ കരുത്തും കനവും തിരഞ്ഞാണ് ബിജു നാരായണന്റെ ജീവിതത്തിലെ ഒരു വ്യാഴവട്ടക്കാലം കടന്നു പോയത്. പാട്ടുകാരൻ ബിജു നാരായണൻ അല്ല കേട്ടോ. ഇത് കണ്ണൂർ ഇരിട്ടിയിലുള്ള ഒരു യുവ കർഷകനാണ്. ഈ കർഷകന്റെ യാത്ര മുഴുവൻ കുരുമുളക് ഗവേഷണത്തിനായാണ്. ആ യാത്രയിൽ ബിജു കണ്ടെത്തിയത് 20 ഇനം കുരുമുളകുകളും അവയ്ക്കായി പച്ചപ്പാർന്ന ഒരു ഉദ്യാനവും ബിജു സ്വന്തമാക്കി.
കുരുമുളക് കൃഷിയുടെ വൈവിധ്യങ്ങളും സാധ്യതകളും കാട്ടിത്തരുകയാണ് ഉളിക്കൽ വയത്തൂരിലെ ഈ യുവ കർഷകൻ. കേരളത്തിനകത്തും പുറത്തുമുള്ള എല്ലായിനം കുരുമുളക് കൊടികളും ബിജുവിന്റെ വീടിനോടു ചേർന്നുള്ള അമ്പതു സെന്റ് സ്ഥലത്തെ പെപ്പർ ഗാർഡനിലുണ്ട്.
ബാലൻകോട്ട, ഉതിരാങ്കോട്ട, കരിമുണ്ട, നീലിമുണ്ടി, വെള്ളാനാമ്പൻ, പെരുങ്കൊടി, നാരായക്കൊടി, തുടങ്ങി കേരളത്തിന്റെ സ്വന്തം നാടൻ ഇനങ്ങളും അവയ്ക്കൊപ്പം മുണ്ട, മഞ്ഞമുണ്ടാ, ശുഭകരം, തേവര, പൗർണമി, പന്നിയൂർ ഒന്നുമുതൽ എട്ടുവരെ, വിജയ്, കൂമ്പുക്കൽ, കൈരളി തെക്കൻ, സിയോൺ മുണ്ടി, തുടങ്ങി കേരളം ഗവേഷണം വഴി വികസിപ്പിച്ചെടുത്ത പുതിയ ഇനം കുരുമുളക് കൊടികളുമുണ്ട്.
ഉളിക്കൽ കാലാങ്കിയിൽ സമുദ്ര നിരപ്പിൽ നിന്ന് രണ്ടായിരം അടി ഉയരത്തിലുള്ള കശുമാവിൻ തോപ്പിൽ ആധുനിക കൃഷി രീതിയും അഞ്ചു വർഷമായി ബിജു ചെയ്യുന്നു. കശുമാവ് തോട്ടത്തിലെ തുറസ്സായ സ്ഥലത്തു ശീമക്കൊന്ന കമ്പു നാട്ടി ചുവടെ കുരുമുളക് കൊടി നടും. ഒപ്പം വിവിധയിനം തേൻ വരിക്കയുടെ കുരുവും ഒരെണ്ണം പാകും. നാമ്പെടുക്കുന്ന കുരുമുളക് കായ്‌ക്കു ആദ്യ തണലാകുന്നത് ശീമക്കൊന്നയാണ്.
മുളപൊട്ടി ആൾപൊക്കത്തിലേക്കു രണ്ടോ മൂന്നോ കൊല്ലം കൊണ്ട് വളരുന്ന പ്ലാവും അത്രയും ഉയരം വളർച്ചയെത്തിയാൽ അറ്റം ചെത്തി കൂർപ്പിച്ചു മുറിച്ചു മാറ്റി ശിഖരങ്ങൾ കിളിർക്കാൻ വിടും. അയ്യായിരം തേൻ വരിക്ക പ്ലാവുകളാണ് ഇതുവരെ മുളപ്പിച്ചെടുത്തത് . കൂടാതെ റംബൂട്ടാനും മാങ്കോസ്റ്റിനുമുണ്ട്. കുരുമുളക് ഗവേഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥന്മാരുടെ ഉപദേശ നിർദ്ദേശങ്ങളും ബിജുവിന് തുണയാകുന്നു. അതുവഴിയാണ് ഇത്തരത്തിലെ ബഹുരീതി കൃഷി തുടങ്ങിയത് തന്നെ. വേവിക്കാൻ പാകത്തിൽ ചക്കയും പഴുത്ത തേൻവരിക്ക ചക്ക വിഭവങ്ങളും പാക്കെറ്റിലാക്കി വിപണിയിലെത്തിക്കാനുള്ള സംരംഭം തുടങ്ങാനും പദ്ധതിയുണ്ട്.
കൃഷി ചെയ്യാൻ സ്ഥലമില്ലാത്തവർക്ക് വീടുകളിൽ കൃഷി ചെയ്യാവുന്ന കുറ്റിക്കുരുമുളകു കൃഷി തുടങ്ങാനും ബിജുവിന് പദ്ധതിയുണ്ട്. രണ്ടോ മൂന്നോ ചട്ടികൾ വാങ്ങി നനച്ചു വളവും ചേർത്ത് കുരുമുളക് നട്ടാൽ എക്കാലവും വീട്ടാവശ്യത്തിനുള്ള കുരുമുളക് കിട്ടും. കുത്തനെയുള്ള കൃത്രിമ തൂണുകളിൽ പടർത്തുന്ന കുരുമുളക് കൃഷി രീതിക്കും തുടക്കമിട്ടിട്ടുണ്ട്. കുരുമുളക് കൃഷി വാണിജ്യാടിസ്ഥാനത്തിലോ അല്ലാതെയോ തുടങ്ങാൻ തലപര്യമുള്ളവർക്കു ബിജുവിനെ വിളിക്കാം. 9447447694 .
കറുത്ത പൊന്നിന്റെ ഗവേഷകൻ
കണ്ണൂർ/ ഇരിട്ടി : കറുത്ത പൊന്നിന്റെ കരുത്തും കനവും തിരഞ്ഞാണ് ബിജു നാരായണന്റെ ജീവിതത്തിലെ ഒരു വ്യാഴവട്ടക്കാലം കടന്നു പോയത്.
Share your comments