ഡിജിറ്റല്‍ റീ സര്‍വെ നടക്കുമ്പോള്‍ കൈവശക്കാരുടെ ഭൂമി നഷ്ടപ്പെടുമെന്ന പ്രചാരണത്തിന് യാതൊരുവിധ അടിസ്ഥാനവുമില്ലെന്ന് റവന്യു, ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍. ജില്ലയിലെ 11 സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
റവന്യു വകുപ്പുമായി ബന്ധപ്പെട്ട പൊതുസമൂഹത്തിന്റെ പ്രശ്നങ്ങള്‍ സുതാര്യമായും വേഗത്തിലും പരിഹരിക്കാനുള്ള ഇടപ്പെടലാണ് സര്‍ക്കാര്‍ നടത്തുന്നത്. ഭൂമിക്ക് കൃത്യമായ രേഖകള്‍ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡിജിറ്റല്‍ റീ സര്‍വെക്ക് കേരളത്തില്‍ തുടക്കം കുറിച്ചത്. ജില്ലയില്‍ നിലനില്‍ക്കുന്ന സങ്കീര്‍ണമായ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രദ്ധേയമായ നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ഭൂവിഷയങ്ങളില്‍ ജനങ്ങള്‍ നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാന്‍ നിയമങ്ങളിലും ചട്ടങ്ങളിലും ആവശ്യമായ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാണ്.
പട്ടയമിഷന്റെ ഭാഗമായി എല്ലാ നിയോജക മണ്ഡലങ്ങളിലും മുഴുവന്‍ ജനപ്രതിനിധികളും പങ്കെടുക്കുന്ന പട്ടയ അസംബ്ലികള്‍ ആരംഭിച്ചു കഴിഞ്ഞു. പട്ടയ അസംബ്ലികളിലൂടെ ലഭ്യമാകുന്ന പ്രശ്നങ്ങള്‍ പട്ടയ ഡാഷ്ബോര്‍ഡില്‍ ഉള്‍പ്പെടുത്തും. അഞ്ചു തലങ്ങളിലായി രൂപീകരിക്കപ്പെടുന്ന ദൗത്യസംഘങ്ങളുടെ സഹായത്തോടെ അര്‍ഹരായ മുഴുവന്‍ പേര്‍ക്കും പട്ടയം വിതരണം ചെയ്യുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ഉടുമ്പന്‍ചോല, ദേവികുളം, പീരുമേട് താലൂക്കുകളിലായി ജില്ലയിലെ 11 വില്ലേജ് ഓഫീസുകളാണ് ഇതോടെ സ്മാര്‍ട്ടായത്. ഉടുമ്പന്‍ചോല താലൂക്കില്‍ ചതുരംഗപ്പാറ, കല്‍ക്കുന്തല്‍, പാറത്തോട്, കരുണാപുരം, ശാന്തന്‍പാറ, ഉടുമ്പന്‍ചോല എന്നീ വില്ലേജ് ഓഫീസുകളും ദേവികുളം താലൂക്കില്‍ മന്നാംകണ്ടം, മാങ്കുളം, വട്ടവട, കൊട്ടക്കാമ്പൂര്‍ വില്ലേജ് ഓഫീസുകളും, പീരുമേട് താലൂക്കില്‍ മഞ്ചുമല വില്ലേജ് ഓഫീസുമാണ് നാടിന് സമര്‍പ്പിച്ചത്.
'എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി റീ ബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഓരോ കെട്ടിടത്തിനും 44 ലക്ഷം രൂപ വീതം വിനിയോഗിച്ചാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. ജില്ലയില്‍ 68 വില്ലേജ് ഓഫീസുകളില്‍ 30 വില്ലേജുകള്‍ ഇതോടെ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളായി. ആറെണ്ണത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. ഈ സാമ്പത്തിക വര്‍ഷം അഞ്ച് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ക്ക് കൂടി അനുമതിയായിട്ടുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: 500 വാട്ടർ എടിഎമ്മുകൾ തുടങ്ങാനൊരുങ്ങി ഡൽഹി; ലക്ഷ്യം ശുദ്ധജല ലഭ്യത
Share your comments