കേരളത്തിന്റെ അഭിമാന പദ്ധതിയായ കെ-ഫോണിന് (കേരള ഫൈബർ ഒപ്റ്റിക് നെറ്റ് വർക്ക് ലിമിറ്റഡ്) പ്രവർത്തനാനുമതി അനുവദിച്ച് കേന്ദ്ര സർക്കാർ. ഇൻഫ്രാസ്ട്രക്ചർ പ്രൊവൈഡർ കാറ്റഗറി 1 ലൈസൻസാണ് കേന്ദ്ര ടെലി കമ്മ്യൂണിക്കേഷൻസ് വകുപ്പ് അനുവദിച്ചത്. പദ്ധതിക്കുള്ള ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ ലൈസൻസ് അധികം വൈകാതെ ലഭ്യമാവുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ: എസ്ബിഐ ചൈല്‍ഡ് പ്ലാന്‍: ദീര്‍ഘകാല നിക്ഷേപം വഴി 1 കോടി രൂപ വരെ നേടാം
ഇന്റർനെറ്റ് ഒരു ജനതയുടെ അവകാശമാണ് എന്ന സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപനമാണ് കെ-ഫോൺ പദ്ധതി. അതിവേഗ ഇന്റർനെറ്റ് സൗജന്യമായും കുറഞ്ഞ നിരക്കിലും ഗുണമേന്മയോടും കൂടി പരമാവധി പേർക്ക് ലഭ്യമാക്കുന്ന ഈ പദ്ധതി ടെലികോം മേഖലയിലെ കോർപറേറ്റ് ശക്തികൾക്ക് എതിരെയുള്ള ജനകീയ ബദലാണ്.
കേന്ദ്ര ടെലി കമ്മ്യൂണിക്കേഷൻ വകുപ്പിന്റെ ഔദ്യോഗിക രജിസ്‌ട്രേഷൻ പ്രകാരം കെ-ഫോണിന് ഫൈബർ ഒപ്റ്റിക് ലൈനുകൾ (ഡാർക്ക് ഫൈബർ), ഡക്ട് സ്‌പേസ്, ടവറുകൾ, നെറ്റ് വർക്ക് ശൃംഖല, മറ്റ് ആവശ്യ സംവിധാനങ്ങൾ തുടങ്ങിയവ സ്വന്തമാക്കാനും, തയ്യാറാക്കാനും, നിലനിർത്താനും, അറ്റകുറ്റ പണികൾ നടത്താനും സാധിക്കുന്നു. മാത്രമല്ല ഇവ ടെലികോം സർവീസ് ലൈസൻസ് ഉള്ളവർക്ക് വാടകയ്ക്കോ ലീസിനോ നൽകാനും അല്ലെങ്കിൽ വിൽക്കാനുമുള്ള അധികാരമുണ്ടാകും. സ്വകാര്യ കേബിൾ ശൃംഖലകളുടെയും മൊബൈൽ സേവനദാതാക്കളുടെയും ചൂഷണം കുറയ്ക്കുന്നത് ലക്ഷ്യമിട്ടാണ് സംസ്ഥാന സർക്കാർ കെ-ഫോൺ പദ്ധതിക്ക് തുടക്കം കുറിച്ചത്.
വൈദ്യുതി, ഐടി വകുപ്പുകൾ വഴി സർക്കാർ വിഭാവനം ചെയ്യുന്ന കെ-ഫോൺ പദ്ധതി സമൂഹത്തിലുണ്ടാകുന്ന ഡിജിറ്റൽ ഡിവൈഡിനെ മറികടക്കാൻ സഹായകമാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മാത്രമല്ല കേരളത്തിന്റെ വൈജ്ഞാനിക വിപ്ലവത്തിന് സാങ്കേതിക രംഗത്തെ ഈ കുതിച്ചുചാട്ടം വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Share your comments