തൃശ്ശൂർ: 2023 അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ നേതൃത്വത്തില്‍ ചെറു ധാന്യങ്ങളുടെ പ്രാധാന്യം ജനങ്ങളില്‍ എത്തിക്കുന്നതിനായി 'നമത്ത് തീവനഗ' എന്ന പേരില്‍ സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കുന്ന ചെറു ധാന്യ ഉല്‍പ്പന്ന പ്രദര്‍ശന സന്ദേശയാത്ര സെപ്റ്റംബര്‍ 27 ന് രാവിലെ 10 ന് തൃശ്ശൂര്‍ കളക്ടറേറ്റ് അങ്കണത്തില്‍ എത്തിച്ചേരും.
കളക്ടറേറ്റില്‍ എത്തുന്ന സന്ദേശയാത്ര ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണതേജ ഫ്‌ളാഗ് ഓഫ് ചെയ്യും.
കേരളത്തിലെ ചെറുധാന്യ കലവറയായ അട്ടപ്പാടിയില്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന തനത് ചെറുധാന്യങ്ങളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും വിപണനം ഉയര്‍ത്തുകയും എല്ലാ ജില്ലകളിലും ചെറുധാന്യ കൃഷി വ്യാപിക്കുകയുമാണ് സന്ദേശയാത്രയുടെ ലക്ഷ്യം.
രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ സംഘടിപ്പിക്കുന്ന മേളയോടനുബന്ധിച്ച് ചെറുധാന്യങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും ഉണ്ടായിരിക്കും. അട്ടപ്പാടിയിലെ വന വിഭവങ്ങള്‍ ചേര്‍ത്ത് തയ്യാറാക്കിയ പ്രത്യേക ഭക്ഷണങ്ങളുടെ വില്‍പ്പനയും ഉണ്ടായിരിക്കും. ചെറുധാന്യങ്ങളുടെ കൃഷിരീതിയും പ്രാധാന്യവും എന്ന വിഷയത്തില്‍ സെമിനാറും അവതരിപ്പിക്കും.
Share your comments