ആലപ്പുഴ: കോവിഡ് കാലത്ത് വളർത്തു മൃഗങ്ങൾക്കും കരുതലേകാനായി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിൽ തുടക്കമിട്ട ആനിമൽ ഡേ കെയർ സെന്ററിൽ ആദ്യ അന്തേവാസികളെത്തി.
കോവിഡ് രോഗബാധിതരായവരുടെ വീടുകളിലുള്ള പശുക്കളുടേയും മറ്റു വളർത്തു മൃഗങ്ങളുടേയും സംരക്ഷണത്തിനായാണ് കഞ്ഞിക്കുഴിയിൽ ആനിമൽ ഡേ കെയർ സെന്റർ തുറന്നത്. രണ്ടാഴ്ച മുൻപ് ആരംഭിച്ച ആനിമൽ ഡേ കെയർ സെന്ററിൽ കഴിഞ്ഞ ദിവസമാണ് ആദ്യ അന്തേവാസികൾ എത്തിയത്.
പഞ്ചായത്ത് ഏഴാം വാർഡിലുള്ള ഒരു കുടുംബം കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നാണ് അവരുടെ വീട്ടിലെ കറവ പശുക്കളെ ആനിമൽ ഡേ കെയർ സെന്ററിൽ എത്തിച്ചത്. വെറ്റിനറി സർജൻ ഡോ. എസ്. ജയശ്രീയുടെ നേതൃത്വത്തിൽ ആദ്യ ദിവസം തന്നെ പശുക്കളെ നേരിട്ടെത്തി പരിശോധിച്ച് ആരോഗ്യ സ്ഥിതി വിലയിരുത്തി.
അത്യാവശ്യ ഘട്ടത്തിൽ ഉപയോഗിക്കാനായി മരുന്നുകൾ അടങ്ങിയ ഫസ്റ്റ് എയ്ഡ് ബോക്സും ഡേ കെയർ സെന്ററിന് നൽകിയിട്ടുണ്ട്. ഫോണിലൂടെ എല്ലാ ദിവസവും ഡേ കെയറിലുള്ള മൃഗങ്ങളെ പരിചരിക്കുന്നവർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുന്നതിനു പുറമെ ചികിത്സ ആവശ്യമുള്ള ഘട്ടങ്ങളിൽ ഡോക്ടർ നേരിട്ട് ഡേ കെയർ സെന്ററിൽ എത്തും.
കോവിഡ് ബാധിതരുടെ വീടുകളിലുള്ള പാൽ ഉൽപ്പാദനമുള്ള പശുക്കളുടെ സംരക്ഷണം പ്രതിസന്ധിയിലായപ്പോഴാണ് കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് ആനിമൽ ഡേ കെയർ സെന്ററിന് തുടക്കമിട്ടത്. പതിനേഴാം വാർഡ് സ്വദേശിയും ക്ഷീര കർഷകനുമായ പുത്തൻവെളി സാംബന്റെ വീടിനോടു ചേർന്നാണ് ആനിമൽ ഡേ കെയർ സെന്റർ പ്രവർത്തിക്കുന്നത്.
പശുക്കൾക്കാവശ്യമായ കാലിത്തീറ്റയും പച്ചപ്പുല്ലും പഞ്ചായത്ത് നൽകും. പാൽ കറന്ന് ക്ഷീര സംഘത്തിൽ എത്തിക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. പശുക്കളുടെ പരിചരണവും കറവയുമുൾപ്പടെയുളള സേവനവും ഇവിടെ ലഭ്യമാണ്. പാൽ വിതരണമടക്കമുള്ള പ്രവർത്തനങ്ങൾ ഒരുക്കുന്നതിനായി സന്നദ്ധ സേനയെയും രൂപീകരിച്ചിട്ടുണ്ട്. ഫോൺ: 7736791135.
English Summary: The first inmates arrived at the Animal Day Care Center in Kanjikuzhi
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments