കോഴിക്കോട്: വിവിധ ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുവാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് തുറമുഖ മ്യൂസിയംപുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. കോഴിക്കോട് കോർപ്പറേഷൻ്റെ ‘ഒപ്പം’ ക്യാമ്പയിനും ഗുണഭോക്തൃ സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സാമൂഹ്യ വികസനത്തിന്റെ നിർണായക മേഖലകളിൽ ഒന്നാണ് ജനങ്ങളുടെ സർവ്വോന്മുക പുരോഗതി. അടിസ്ഥാന ജീവിത സൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ട വിഭാഗങ്ങളിലേക്ക് കൂടി എത്തിക്കാന്‍ കഴിയണം. തൊഴിൽ പരിശീലനം, സ്വയം തൊഴിൽ സംരംഭങ്ങൾ, മാലിന്യ നിർമ്മാർജ്ജനം, ഊർജ്ജ സംരക്ഷണം, സമ്പാദ്യശീലം, ലിംഗനീതി, ഇഫക്ടീവ് പാരന്റിംഗ്, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ച് അവബോധമാണ് സർക്കാർ ഗുണഭോക്താക്കളിലേക്ക് പകർന്ന് നൽകുന്നത്. ഇതുവഴി സർവ്വതല സ്പർശിയായ വികസന കാഴ്ചപ്പാടുകൾ സമൂഹത്തിന് മുമ്പിൽ സമർപ്പിക്കുകയാണ് സർക്കാരെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ സംരംഭകർക്കുള്ള സിഇഎഫ് ലോൺ വിതരണം ഡെപ്യൂട്ടി മേയർ സി.പി മുസാഫർ അഹമ്മദ് നിർവ്വഹിച്ചു. നഗര തൊഴിലുറപ്പ് തൊഴിൽ കാർഡ് വിതരണം സ്ഥിരം സമിതി അധ്യക്ഷൻ പി.സി രാജൻ നിർവ്വഹിച്ചു. കോർപ്പറേഷൻ സെക്രട്ടറി കെ.യു ബിനി പദ്ധതി വിശദീകരിച്ചു.
സ്ഥിരം സമിതി അധ്യക്ഷൻമാരായ പി.കെ നാസർ സി രേഖ, കൃഷ്ണകുമാരി, കൗൺസിലർ സദാശിവൻ ഒതയമംഗലത്ത്, എസ്.കെ അബൂബക്കർ, എം.എസ് തുഷാര, റെനീഷ്, ജില്ലാ കുടുംബശ്രീ മിഷൻ കോഡിനേറ്റർ ഇൻ ചാർജജ് പി.എം ഗിരീഷൻ, കുടുംബശ്രീ നോർത്ത് സിഡിഎസ് ചെയർപേഴ്സൺ എം അംബിക, കുടുംബശ്രീ സൗത്ത് സിഡിഎസ് ചെയർപേഴ്സൺ ശ്രീജ ഹരീഷ് എന്നിവർ സംസാരിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ പി ദിവാകരൻ സ്വാഗതവും കുടുംബശ്രീ പ്രൊജക്ട് ഓഫീസർ ടി.കെ പ്രകാശൻ നന്ദിയും പറഞ്ഞു.
Share your comments