കോഴിക്കോട്: സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന് വലിയ പ്രചരണം നൽകാൻ കേരളോത്സവത്തിലൂടെ സാധിച്ചതായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ജില്ലാ കേരളോത്സവം കൂട്ടാലിട ജെ.എസ്.സി ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ മതനിരപേക്ഷ മനസ്സ് കേരളോത്സവത്തിന്റെ കാര്യത്തിൽ കാണാൻ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലാ പഞ്ചായത്തുമായി ചേർന്നാണ് ജില്ലാ കേരളോത്സവം നടത്തുന്നത്. അവിടനല്ലൂർ എൻ.എൻ. കക്കാട് സ്മാരക ഗവ. ഹയർസെക്കൻഡറി സ്കൂൾ ഉൾപ്പെടെ നാല് വേദികളാണ് മത്സരങ്ങൾക്കായി ഒരുക്കിയിട്ടുള്ളത്. ഉദ്ഘാടനത്തിന്റെ ഭാഗമായി സാംസ്കാരിക ഘോഷയാത്രയും സംഘടിപ്പിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: സർക്കാരിന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ജനകീയമായി: മന്ത്രി പി. രാജീവ്
ഇന്ന് (ഡിസംബർ 11) കേരളോത്സവത്തിന് സമാപനമാവും. രാവിലെ മുതൽ മോണോ ആക്ട്, മിമിക്രി, മൈമിങ്, ലളിതഗാനം, സംഘഗാനം, ദേശഭക്തിഗാനം, കർണാട്ടിക് സംഗീതം, ഹിന്ദുസ്ഥാനി വായ്‌പ്പാട്ട്, ചെണ്ട, ഓട്ടൻതുള്ളൽ, കഥകളി, ഉപകരണസംഗീതം എന്നീ മത്സരങ്ങൾ നടക്കും. വൈകിട്ട് അഞ്ചുമണിക്ക് വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിക്കും.
അഡ്വ.കെഎം സച്ചിൻദേവ് എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി ശിവാനന്ദൻ, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ അനിത, കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എച്ച് സുരേഷ്, ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ എൻ.എം വിമല, വി.പി ജമീല, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി ഗവാസ്, മുക്കം മുഹമ്മദ്, ഐ.പി രാജേഷ്, സംസ്ഥാന യുവജന ക്ഷേമ ബോർഡ് അംഗം ദിപു പ്രേംനാഥ്, ജില്ലാ യൂത്ത് ഓഫീസർ വിനോദൻ പൃത്തിയിൽ, ജില്ലാ യൂത്ത് കോർഡിനേറ്റർ ടി.കെ സുമേഷ് തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി സ്വാഗതവും സെക്രട്ടറി അഹമ്മദ് കബീർ നന്ദിയും പറഞ്ഞു.
Share your comments