സംസ്ഥാനത്ത് കടുത്ത ചൂട് അതിന്റെ ക്ലൈമാക്സിലേക്ക് കടക്കുകയാണെന്ന് പറയാം. ഏപ്രിൽ 30 ചൊവ്വാഴ്ച വരെ കേരളത്തിൽ ചൂട് അതിന്റെ മൂർദ്ധാന്ന്യാവസ്ഥയിൽ നിൽക്കും.അടുത്ത മൂന്നു ദിവസത്തിൽ പാലക്കാട് ജില്ലയിൽ ഏറ്റവും ഉയർന്ന താപനില രേഖപെടുത്തും. പാലക്കാട് മലപ്പുറം തൃശൂർ ജില്ലകളിലായിരിക്കും ശരീരികമായി ഏറ്റവും അസ്വസ്ഥത ഉളവാക്കുന്ന കാലാവസ്ഥ അനുഭവപ്പെടുക. കണ്ണൂർ കോഴിക്കോട് ജില്ലകളുടെ കിഴക്കൻ മേഖലകളിലും കോട്ടയം പത്തനംതിട്ട കൊല്ലം ജില്ലകളിലും അത്യുഷണം തന്നെ ആയിരിക്കും. മറ്റു ജില്ലകളിൽ ചൂട് കുറവായിരിക്കും എന്നല്ല, മേല്പറഞ്ഞ ജില്ലകളിൽ ആയിരിക്കും ചൂട് ഏറ്റവും ഉയർന്നു നിൽക്കുക എന്ന് മാത്രം.
മെയ് 5 ന് ശേഷം പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രിക്ക് താഴേക്ക് എത്തും എന്ന് നിലവിൽ കരുതുന്നു. സംസ്ഥാനത്ത് പൊതുവിലും മെയ് രണ്ടാം വാരത്തോടെ ചൂടിൽ കുറവ് വന്നു തുടങ്ങും എന്ന് പ്രതീക്ഷിക്കുന്നു.
വേനൽ മഴ
വടക്കൻ കേരളം
വയനാട് ജില്ലയിലും കിഴക്കൻ മലയോര മേഖലകളിലും അടുത്ത വാരത്തിൽ ചില ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ലഭിക്കുമെന്നത് ഒഴിച്ചാൽ തൃശൂർ മുതൽ കാസറഗോഡ് വരെയുള്ള ജില്ലകളിൽ മെയ് അഞ്ച് ഞായർ വരെയുള്ള ദിവസങ്ങളിൽ പൊതുവിൽ നിലവിലെ അന്തരീക്ഷ സ്ഥിതി തുടരും.
തെക്കൻ കേരളം
എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ മെയ് അഞ്ച് വരെയുള്ള ദിവസങ്ങളിൽ അങ്ങിങ്ങായി മഴ ലഭിക്കുമെങ്കിലും മഴയുടെ വിതരണം കൂടുതൽ മേഖലകളിൽ ഉണ്ടാകില്ല. മഴ പൊതുവിൽ കുറഞ്ഞു നിൽക്കും. കോട്ടയം പത്തനംതിട്ട തിരുവനന്തപുരം ആലപ്പുഴ ജില്ലകളിൽ അങ്ങങ്ങായ മഴയും എറണാകുളം ജില്ലയിൽ ചില പ്രദേശങ്ങളിലുമായാണ് മഴ സാധ്യത.
കേരളത്തിൽ മെയ് രണ്ടാം വാരത്തിൽ മഴയിൽ പുരോഗതി പ്രതീക്ഷിക്കാം. മെയ് പകുതിയോടെ സജീവമായ വേനൽ മഴലഭിക്കും എന്നാണ് നിലവിൽ കാണുന്നത്. ഇതേ സമയം തന്നെ ബംഗാൾ ഉൾകടലിൽ ഒരു ന്യുനമർദ്ദം രൂപം കൊള്ളാനുള്ള സാധ്യതയും കാണുന്നുണ്ട്. ഇത് ഈ മേഖലയിലെ അനുകൂല സാഹചര്യത്താൽ ചുഴലികാറ്റ് ആകാനും സാധ്യത ഉണ്ട്. ആന്തമാൻ നിക്കോമ്പാർ ദ്വീപിൽ ഈ സിസ്റ്റം മെയ് മൂന്നാമത്തെ വാരത്തോടെ തെക്കു പടിഞ്ഞാറൻ കാലവർഷം എത്തിച്ചേരാൻ കാരണമാകും.
കേരളത്തിൽ തെക്കു പടിഞ്ഞാറൻ കാലാവർഷം എപ്പോൾ ആരംഭിക്കും?
നിലവിൽ തെക്കു തെക്ക് പടിഞ്ഞാറൻ കാലവർഷം എന്ന് കൃത്യമായി എത്തും എന്ന് പ്രവചിക്കാൻ ഉള്ള സമയം ആയിട്ടില്ല. എങ്കിലും വിവിധ കാലാവസ്ഥാ മോഡലുകൾ പരിശോധിക്കുമ്പോൾ മെയ് അവസാന വാരത്തോടെ തെക്കൻ കേരളത്തിൽ കാലാവർഷം എത്തി ചേരാനുള്ള സൂചനകൾ കാണുന്നു. വരും ദിവസങ്ങളിൽ ഇതിൽ വ്യക്തത വരും.
ഈ വർഷം കാലവർഷത്തിൽ ഇന്ത്യയിൽ പൊതുവിൽ സാധാരണയിൽ കൂടുതൽ മഴ വിവിധ കാലാവസ്ഥാ മാതൃകൾ സൂചിപ്പിക്കുന്നു. ജൂലായ് ആഗസ്റ്റ് മാസത്തോടെ ലാനിന എന്ന സാഹചര്യം ഉരുതിരിയുന്നതും ന്യുട്രൽ /പോസിറ്റീവ് IOD ക്കുള്ള സാഹചര്യവും കണക്കാക്കുമ്പോൾ അതിവർഷത്തിനുള്ള സാധ്യത തന്നെയാണ് കാണുന്നത്. എന്നാൽ കേരളത്തിൽ കാലവർഷത്തെ പ്രാദേശികമായ മറ്റു പല ഘടകങ്ങൾ കൂടി സ്വാധീനിക്കാറുണ്ട്. കേരളത്തിൽ ഇത്തവണ സാധാരണ തോതിൽ ഉള്ള കാലവർഷതിനുള്ള സാധ്യതയാണ് നിലവിൽ കാണുന്നത്.
Share your comments