എറണാകുളം: ഭക്ഷണക്രമത്തിൽ ചെറു ധാന്യങ്ങൾ ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം വളരെ വലുതാണെന്ന് ഹൈബി ഈഡൻ എം.പി. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മില്ലറ്റ് ഫെസ്റ്റ് 2023ന്റെ ഭാഗമായി മില്ലറ്റ് സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്താരാഷ്ട്ര മില്ലറ്റ് വർഷാചരണത്തിന്റെ ഭാഗമായി വലിയ ബോധവത്കരണ പ്രവർത്തനങ്ങളാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നടത്തുന്നത്. മുൻ കാലങ്ങളിൽ ഭക്ഷണക്രമത്തിൽ ധാരാളം നാരുകളും ധാന്യങ്ങളും ഉൾപ്പെടുത്തിയിരുന്നു. നിത്യ ജീവിതത്തിലെ സമയക്കുറവ് കാരണം നമ്മൾ ആശ്രയിക്കുന്ന ഫാസ്റ്റ് ഫുഡ് എല്ലാവരെയും രോഗികളാക്കുന്നു. സ്വാദ് വർദ്ധിപ്പിക്കാനും നിറം നൽകാനും ഭക്ഷണത്തിൽ ഉപയോഗിക്കുന്ന രാസവസ്തുക്കൾ മനുഷ്യ ശരീരത്തിനെ മാരകമായി ബാധിക്കുന്നുണ്ട്.
ഏറ്റവും വേഗത്തിൽ വികസനം നടക്കുന്ന എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ പൊക്കാളി കൃഷി ചെയ്യുന്നത് എന്നതിൽ ഏറെ അഭിമാനമുണ്ട്. കോട്ടുവള്ളിയിൽ മില്ലറ്റ് കൃഷി വ്യാപകമാണെന്നും കുടുംബശ്രീയുടെ മില്ലറ്റ് മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ വിപണനം സമൂഹത്തിൽ വലിയ അവബോധമാണ് സൃഷ്ടിക്കുന്നതെന്നും ഹൈബി ഈഡൻ എം.പി പറഞ്ഞു.
ദൈനംദിനം ജീവിതത്തിലെ ഭക്ഷണക്രമത്തിൽ വന്ന മാറ്റം എല്ലാവരെയും രോഗികളാക്കുന്നുവെന്ന് ഉമ തോമസ് എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസാരിച്ചു. ആരോഗ്യത്തിന്റെ പ്രാധാന്യം അടുത്ത തലമുറയ്ക്ക് മനസ്സിലാക്കി കൊടുക്കേണ്ടതുണ്ട്. നമ്മുടെ കർഷകർ വിളയിച്ച ഉത്പന്നമാണ് പ്രദർശന വിപണന മേളയുടെ മുഖ്യ ആകർഷണം. ഇത്തരത്തിലുള്ള മേളകൾ എല്ലാവർക്കും പ്രചോദനമാകണമെന്നും എം. എൽ. എ പറഞ്ഞു.
കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, ആകാശവാണി, കുടുംബശ്രീ, ലയൺസ് ക്ലബ് എന്നിവയുടെ സംയുക്ത സഹകരണത്തോടെ തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലാണ് മില്ലറ്റ് ഫെസ്റ്റ് 2023 നടക്കുന്നത്. പ്രദർശന വിപണന മേളയുടെ രണ്ടാം ദിനം തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ രാധാമണി പിള്ള ഉദ്ഘാടനം ചെയ്തു. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന മേള ഡിസംബർ 1ന് വൈകിട്ട് സമാപിക്കും.
പ്രശസ്ത ഗായിക നഞ്ചിയമ്മ മുഖ്യാതിഥിയായെത്തിയ പരിപാടിയിൽ ജില്ലാ കളക്ടർ എൻ.എസ്. കെ ഉമേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, വൈസ് പ്രസിഡന്റ് സനിത റഹീം, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എം.ജെ ജോമി, ലിസി അലക്സ്, പ്രിൻസിപ്പൽ കൃഷി ഓഫീസർ ബിൻസി എബ്രഹാം, ആകാശവാണി കൊച്ചി നിലയം പ്രോഗ്രാം ഓഫീസർ ബാലനാരായണൻ തുടങ്ങിയവർ പങ്കെടുത്തു.
Share your comments