ഒരു കപ്പ് ഐസ് ക്രീമിനായി നിങ്ങൾ എത്ര രൂപ ചെലവാക്കും? 50 രൂപ? അല്ലെങ്കിൽ 500 രൂപ. ഇനി നിങ്ങൾ അത്രയും റിച്ച് ആണെങ്കിൽ ഒരുപക്ഷെ 5000 രൂപ.
പക്ഷെ ഒരു സ്‌കൂപ്പ് ഐസ്ക്രീമിനായി 60,000 രൂപ കൊടുക്കാൻ നിങ്ങൾ തയ്യാറാണോ? സ്വർണം കൊണ്ടുള്ള ഐസ്ക്രീം ആണെങ്കിൽ നോക്കാം എന്നാണ് മറുപടിയെങ്കിൽ ചേരുവകളിൽ ഒന്ന് സ്വർണം ആണ്, 23 ക്യാരറ്റ് ഭക്ഷിക്കാവുന്ന സ്വർണം.ബ്ലാക്ക് ഡയമണ്ട് എന്ന് പേരിട്ടിരിക്കുന്ന ഈ ഐസ്ക്രീം ദുബായിലെ സ്കൂപ്പി കഫേയിലാണ് വിളമ്പുന്നത്. ദുബായിലെ ഏറ്റവും വില കൂടിയ ഐസ്ക്രീം ആണ് ബ്ലാക്ക് ഡയമണ്ട് എന്നാണ് കഫേ അവകാശപ്പെടുന്നത്.
മഡഗാസ്കർ വാനിലയും ഇറ്റാലിയൻ ബ്ലാക്ക് ട്രാഫിൾസുമാണ് ബ്ലാക്ക് ഡയമണ്ട് ഐസ്ക്രീമിലെ പ്രധാന ചേരുവകൾ. ഇവ രണ്ടും വിലയേറിയതാണ്. കഴിഞ്ഞില്ല ഇറാനിയൻ കുങ്കുമവും മുകളിൽ 23 കാരറ്റ് സ്വർണ്ണവും ഉപയോഗിച്ചാണ് ബ്ലാക്ക് ഡയമണ്ട് അലങ്കരിച്ചിരിക്കുന്നത്. ഡിസൈനർ ക്രോക്കറി ബ്രാൻഡായ വേർസസ് പാത്രത്തിൽ വെള്ളി സ്പൂണോടൊപ്പമാണ് ബ്ലാക്ക് ഡയമണ്ട് ലഭിക്കുക (പാത്രവും സ്പൂണും തിരികെ ഏൽപ്പിക്കണം).
ബ്ലാക്ക് ഡയമണ്ട് മാത്രമല്ല സ്കൂപ്പി കഫേയിലെ വില കൂടിയ വിഭവങ്ങൾ 23 ക്യാരറ്റ് ഭക്ഷിക്കാവുന്ന സ്വർണം ചേർത്ത ക്യാപ്പുച്ചിനോ, ബർഗർ എന്നിവയും ഇവിടെ വിളമ്പുന്നുണ്ട്. ബ്ലാക്ക് ഡയമണ്ട് ദുബായിലെ ഏറ്റവും വില കൂടിയ ഐസ്ക്രീം ആണെങ്കിലും ലോകത്തെ ഏറ്റവും വില കൂടിയ മധുര വിഭവം (ഡെസേർട്ട്) ആയി ഗിന്നസ് വേൾഡ് റെക്കോർഡിൽ വ്യക്തമാക്കിയിരിക്കുന്നത് ന്യൂയോർക്കിലെ സെറെൻഡിപിറ്റി 3 റെസ്റ്റോറന്റിൽ വിളമ്പുന്ന ഫ്രോസൺ ഹോട്ട് ചോക്ലേറ്റ് ആണ്. 25,000 ഡോളർ, ഏകദേശം 18 ലക്ഷം ആണ് വില.
സെറെൻഡിപിറ്റി 3 റെസ്റ്റോറന്റ് അടുത്തിടെ മറ്റൊരു വിഭവത്തിന്റെ കാര്യത്തിലും ഗിന്നസ് റെക്കോർഡ് നേടി. ലോകത്തിലെ ഏറ്റവും ചെലവേറിയ ഫ്രഞ്ച് ഫ്രൈസ് നിർമ്മിച്ചാണ് വാർത്തകളിൽ ഇടം പിടിച്ചത്. 200 യുഎസ് ഡോളർ വിലയുള്ള ഈ വിഭവത്തിൽ ഡോം പെരിഗൺ ഷാംപെയ്ൻ, ഫ്രാൻസിൽ നിന്നുള്ള ഗൂസ് കൊഴുപ്പ്, ജെ. ലെബ്ലാങ്ക് ഫ്രഞ്ച് ഷാംപെയ്ൻ അർഡെൻ വിനാഗർ എന്നിവ ചേർത്തിട്ടുണ്ട്. 3 മാസം പഴക്കമുള്ള ഗ്രുയേർ ട്രഫിൽഡ് സ്വിസ് റാക്കലെറ്റ്, 23 ക്യാരറ്റ് ഭക്ഷ്യയോഗ്യമായ സ്വർണ്ണത്തിന്റെ പൊടി എന്നിവ ചേർത്താണ് വിഭവം അലങ്കരിച്ചിരിക്കുന്നത്.
Share your comments