സംസ്ഥാനത്തെ നെല്ല് കർഷകരുടെ സംഭരണ വിപണന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി സ്ഥാപിക്കുന്ന കേരള പാഡി പ്രൊക്യുർമെന്റ് പ്രോസസിംഗ് ആൻഡ് മാർക്കറ്റിംഗ് സഹകരണ സംഘം (കെഎപിസിഒഎസ്) രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി നിലവിൽ വന്നു.
കർഷകരിൽ നിന്നും ന്യായവിലയ്ക്ക് നെല്ല് സംഭരിച്ച് അരിയാക്കി വിപണനം നടത്തുന്നതിന് വേണ്ടിയാണ് സഹകരണ സംഘം സ്ഥാപിച്ചത്. നേരത്തെ പാലക്കാട് ജില്ലയിൽ സമാനമായ സഹകരണ സംഘം നിലവിലുണ്ട്. സഹകരണ സംഘത്തിന്റെ ഭാഗമായി നെല്ല് സംസ്‌കരിച്ച് അരിയാക്കി മാറ്റുന്നതിനുള്ള മില്ലും സ്ഥാപിക്കും.
പാലക്കാട് ജില്ല ഒഴികെയുള്ള 13 ജില്ലകൾ സഹകരണ സംഘത്തിന്റെ പ്രവർത്തന പരിധിയിലാണ്. കുട്ടനാട്ടിലും അപ്പർ കുട്ടനാട്ടിലുമാണ് റൈസ് മില്ലുകൾ സ്ഥാപിക്കുക. കർഷകരിൽ നിന്നും വിപണി വിലയ്ക്ക് നെല്ല് സംഭരിച്ച് അരിയാക്കി വിപണനം ചെയ്യുകയാണ് ലക്ഷ്യം.
നെൽ കൃഷി വ്യാപിപ്പിക്കുന്നതിനുള്ള പദ്ധതികളും സഹകരണ സംഘം വഴി നടപ്പിലാക്കും. കേരളത്തിന്റെ തനത് ഉത്പന്നമായി അരി വിപണനം ചെയ്യും. സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾ വഴിയും സ്വകാര്യ മേഖലയിലും ഓൺലൈനായുമാകും വിൽപ്പന നടത്തുക. ഉത്പന്നങ്ങൾക്ക് മികച്ച വില ഉറപ്പു വരുത്തുന്നതു വഴി നെൽ കർഷകർക്ക് ലാഭകരമായി കൃഷി വ്യാപിപ്പിക്കുന്നതിനുള്ള നടപടിയാണ് സ്വീകരിക്കുന്നത്.
സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച നൂറു ദിന കർമ്മ പരിപാടിയുടെ ഭാഗമായാണ് നെൽ കർഷക സംഘം രൂപീകരിച്ച് അരി മില്ലുകൾ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്. കോട്ടയം ജില്ലയാണ് ആസ്ഥാനം. ജില്ലയിലെ 26 പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾ അംഗങ്ങളായ കെഎപിഒഎസിന്റെ ഓഹരി മൂലധനം 310 കോടി രൂപയാണ്.
കാർഷിക മേഖലയിൽ വലിയ മാറ്റങ്ങൾക്ക് പുതിയ സഹകരണ സംഘം വഴിയൊരുക്കുമെന്ന് രജിസ്ട്രേഷൻ, സഹകരണം വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ഇടനിലക്കാരുടെ ചൂഷണമില്ലാതെ നെല്ലിന് ന്യായ വില ലഭ്യമാക്കാൻ സഹകരണ സംഘത്തിനു കഴിയും.
സ്വകാര്യ കച്ചവടക്കാരെ പോലെ അധിക ലാഭം ഈടാക്കാതെ വിൽപ്പന നടത്തുക വഴി സാധാരണക്കാർക്ക് കുറഞ്ഞ വിലയിൽ ഗുണമേൻമയുള്ള അരി ലഭ്യമാക്കാനും കഴിയുമെന്ന് മന്ത്രി പറഞ്ഞു. കോട്ടയം സർക്കിൾ സഹകരണ യൂണിയൻ ചെയർമാനും പാമ്പാടി സഹകരണ ബാങ്ക് പ്രതിനിധിയുമായ കെ. രാധാകൃഷ്ണനാണ് സഹകരണ സംഘത്തിന്റെ ചീഫ് പ്രമോട്ടർ.
പുഞ്ച കൃഷി: നെല്ല് സംഭരണം പുനരാരംഭിച്ചു
Share your comments