വീണ്ടും സന്തോഷം നൽകുന്ന വാർത്തയാണ് കേന്ദ്ര സർക്കാർ ജീവനക്കാർക്ക്. കേന്ദ്ര സർക്കാർ, ജൂലൈയിലോ ഓഗസ്റ്റിലോ ക്ഷാമബത്ത (DA) വീണ്ടും വർദ്ധിപ്പിക്കുമെന്ന് സൂചന. അങ്ങനെയെങ്കിൽ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ ഉടൻ തന്നെ അടുത്ത വർദ്ധനവ് പ്രതീക്ഷിക്കാം.
ബന്ധപ്പെട്ട വാർത്തകൾ: സന്തോഷവാർത്ത; ഇന്ത്യൻ റെയിൽവേ ജീവനക്കാരുടെ ക്ഷാമബത്ത ഉയർത്താൻ കേന്ദ്ര സർക്കാരിൻറെ അംഗീകാരം
വർഷത്തിൽ രണ്ടു തവണയാണ് കേന്ദ്രസർക്കാർ ജീവനക്കാരുടെ ഡിഎയും (DA) ഡിആറും (DR) പരിഷ്കരിക്കുന്നത്. പണപ്പെരുപ്പം അടിസ്ഥാനമാക്കി സാധാരണയായി ജനുവരിയിലും ജൂലൈയിലുമാണ് ഈ ഭേദഗതി പ്രഖ്യാപിക്കുന്നത്. ഏപ്രിൽ മാസത്തിലെ ചില്ലറ പണപ്പെരുപ്പം സംബന്ധിച്ചുള്ള കണക്കുകൾ ഈ ആഴ്ച പുറത്തു വരും. ഫെബ്രുവരിയിൽ 6.1 ശതമാനമായിരുന്ന രാജ്യത്തെ ചില്ലറ പണപ്പെരുപ്പം മാർച്ചിൽ ഏഴ് ശതമാനമായി ഉയർന്നിരുന്നു. ഭക്ഷ്യവസ്തുക്കളുടെ വില വർധനവാണ് പണപ്പെരുപ്പം ഉയരാനുള്ള പ്രധാന കാരണം. മാർച്ചിലെ ഭക്ഷ്യവിലക്കയറ്റം 7.68 ശതമാനമാണ് ഫെബ്രുവരിയിൽ ഇത് 5.85 ശതമാനം മാത്രമായിരുന്നു.
ജൂലൈയിൽ ക്ഷാമബത്ത (ഡിഎ) നാല് ശതമാനം കൂടി വർധിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ, അങ്ങനെയെങ്കിൽ ഡിഎ 38 ശതമാനമായി ഉയരും. ഈ വർഷത്തെ ആദ്യ ഡിഎ വർധന കഴിഞ്ഞ മാർച്ചിലാണ് പ്രഖ്യാപിച്ചത്. ഏഴാം ശമ്പള കമ്മീഷനു കീഴിൽ ക്ഷാമബത്തയിൽ (ഡിഎ) 3 ശതമാനം വർധന വരുത്താൻ കേന്ദ്ര കാബിനറ്റ് അംഗീകാരം നൽകിയിരുന്നു. ഇതനുസരിച്ച് അടിസ്ഥാന വരുമാനത്തിന്റെ 34 ശതമാനമായി ഡിഎ ഉയർത്തി. 50 ലക്ഷം സർക്കാർ ജീവനക്കാർക്കും 65 ലക്ഷം പെൻഷൻകാർക്കും ഇതിന്റെ പ്രയോജനം ലഭിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: 7th Pay Commission Latest: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളത്തിലും ബമ്പർ വർധനവ് വരുന്നു
കോവിഡ് മഹമാരി മൂലം ഉടലെടുത്ത പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര സർക്കാർ ഡിഎയുടെയും ഡിആറിന്റെയും മൂന്ന് ഗഡുക്കൾ തടഞ്ഞുവെച്ചിരുന്നു. 2020 ജനുവരി 1, 2020 ജൂലൈ 1, 2021 ജനുവരി 1എന്നീ കാലയളവുകളിലെ ഡിഎയും ഡിആറും ആണ് തടഞ്ഞുവെച്ചത്. ഡിഎയും ഡിആറും തടഞ്ഞുവെച്ചതിലൂടെ 34,402 കോടി രൂപ ലാഭിക്കാൻ കഴിഞ്ഞതായി ധനമന്ത്രി നിർമ്മല സീതാരാമൻ കഴിഞ്ഞ ഓഗസ്റ്റിൽ രാജ്യസഭയിൽ അറിയിച്ചിരുന്നു.
ബന്ധപ്പെട്ട വാർത്തകൾ: 7th Pay Commission Big Update: 18 മാസത്തെ DA കുടിശ്ശികയിലെ സർക്കാർ തീരുമാനം പുറത്ത്
ഡിഎ (Dearness allowance) സർക്കാർ ജീവനക്കാർക്ക് ലഭ്യമാക്കുന്നതാണ്. അതേസമയം ഡിആർ (dearness relief) പെൻഷനായവർക്ക് വേണ്ടിയുള്ളതാണ്. 2021 ജൂലൈയിലാണ് ക്ഷാമബത്ത വീണ്ടും ലഭ്യമാക്കി തുടങ്ങിയത്. അതിന് ശേഷം ഇതുവരെ ഡിഎയും ഡിആറും മൂന്ന് പ്രാവശ്യം വർധിപ്പിച്ചു. ഏകദേശം ഇരട്ടിയോളം വർധന ആണ് ഉണ്ടായിരിക്കുന്നത്.
കേന്ദ്രസർക്കാർ 2021 ജൂലൈയിൽ ഡിഎയും ഡിആറും 17 ശതമാനത്തിൽ നിന്ന് 28 ശതമാനമായി ഉയർത്തി. 2021 ഒക്ടോബറിൽ വീണ്ടും കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയിൽ 3 ശതമാനം വർധന വരുത്തി. തുടർന്ന്, 2021 ജൂലൈ മുതൽ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡിഎ 31 ശതമാനമായി ഉയർന്നു. 2022 ജനുവരി മുതൽ വീണ്ടും വർധന വരുത്തി. ഇപ്പോൾ 34 ശതമാനം നിരക്കിലാണ് ഡിഎ ലഭ്യമാക്കുന്നത്. അടുത്ത ജൂലൈയിലും ക്ഷാമബത്തയില്‍ വീണ്ടും വർധന ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാർ.
Share your comments