<
  1. News

കൂട്ടായ പരിശ്രമം; ബ്രഹ്മപുരത്തെ പുക പൂർണമായും ശമിച്ചു

12 ദിവസത്തെ കൂട്ടായ പരിശ്രമങ്ങള്‍ക്കൊടുവില്‍ ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തവും പുകയും പൂര്‍ണമായി ശമിച്ചു

Darsana J
കൂട്ടായ പരിശ്രമം; ബ്രഹ്മപുരത്തെ പുക പൂർണമായും ശമിച്ചു
കൂട്ടായ പരിശ്രമം; ബ്രഹ്മപുരത്തെ പുക പൂർണമായും ശമിച്ചു

12 ദിവസത്തെ കൂട്ടായ പരിശ്രമങ്ങള്‍ക്കൊടുവില്‍ ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തവും പുകയും പൂര്‍ണമായി ശമിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് 5.30 ഓടെ 100 ശതമാനവും പുക അണയ്ക്കാനായതായി ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് അറിയിച്ചു. ബ്രഹ്‌മപുരത്തെ തീയണച്ചതിനെ തുടര്‍ന്ന് ഭാവിയില്‍ ബ്രഹ്‌മപുരത്ത് തീപിടിത്തം ആവര്‍ത്തിക്കാതിരിക്കാനുള്ള പദ്ധതികള്‍ അവലോകനം ചെയ്യാന്‍ ചേര്‍ന്ന ദുരന്ത നിവാരണ അതോറിറ്റി യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടർ.

കൂടുതൽ വാർത്തകൾ: PM Kisan ഗുണഭോക്താക്കൾക്ക് ആധാർ അനുസരിച്ച് പേര് മാറ്റാം

കൂട്ടായ പരിശ്രമത്തിന്റെ വിജയം 

ഫയര്‍ ആന്റ് റെസ്‌ക്യൂ, റവന്യൂ, നേവി, എയർഫോഴ്സ്, സിവിൽ ഡിഫൻസ്, പോലീസ്, ഹോംഗാർഡ്, കോര്‍പ്പറേഷന്‍, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്, എല്‍എന്‍ജി ടെര്‍മിനല്‍, ബിപിസിഎല്‍, ആരോഗ്യം, എക്സകവേറ്റർ ഓപ്പറേറ്റർമാർ തുടങ്ങി എല്ലാവരുടെയും കൂട്ടായ അധ്വാനത്തിന്റെ ഫലമായാണ് തീയണയ്ക്കാനായത്. സ്‌മോള്‍ഡറിംഗ് ഫയര്‍ ആയതു കൊണ്ട് ചെറിയ തീപിടിത്തങ്ങള്‍ വരാനുള്ള സാധ്യത കണക്കിലെടുത്ത് അടുത്ത 48 മണിക്കൂര്‍ വരെ ജാഗ്രത തുടരും. ചെറിയ തീപിടിത്തമുണ്ടായാലും അണയ്ക്കുന്നതിന് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സേനാംഗങ്ങള്‍ ക്യാംപ് ചെയ്യുന്നുണ്ട്. ഇനി തീയുണ്ടായാലും രണ്ട് മണിക്കൂറിനകം അണയ്ക്കും. ഇതിനാവശ്യമായ എസ്‌കവേറ്ററുകളും ഉപകരണങ്ങളുണ്ട്. എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്. നിലവില്‍ തീയും പുകയും പൂര്‍ണമായി അണയ്ക്കാന്‍ കഴിഞ്ഞു.

തീപിടിത്തം ആവര്‍ത്തിക്കാതിരിക്കാൻ പദ്ധതികൾ

ഭാവിയില്‍ തീപിടിത്തം ആവര്‍ത്തിക്കാതിരിക്കാനുള്ള ഹ്രസ്വകാല പദ്ധതി തയാറാക്കാന്‍ അഗ്നിരക്ഷാ സേനയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഫയര്‍ വാച്ചര്‍മാരെ നിയോഗിക്കുന്നതിലും ഹൈഡ്രന്റ്‌സ് ഉള്‍പ്പടെയുള്ള ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടും വിശദമായ കര്‍മ്മ പദ്ധതി തയാറാക്കി ജില്ലാ ഭരണകൂടത്തിന് നല്‍കും. ഇതനുസരിച്ചായിരിക്കും അടുത്ത നടപടി. തീപിടിത്തം ആവര്‍ത്തിക്കാതിരിക്കാനുള്ള ഹ്രസ്വകാല, ദീര്‍ഘകാല പദ്ധതികള്‍ ഉടന്‍ നടപ്പാക്കും.

തീ അണയ്ക്കല്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായ ഉദ്യോഗസ്ഥര്‍ക്ക് ശാരീരികവും മാനസികവുമായ സമ്മര്‍ദം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഇവരുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. കാക്കനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ മെഡിക്കല്‍ കോളേജിലെ ടീമിന്റെ സേവനം ലഭ്യമാക്കി മെഡിക്കല്‍ ക്യാംപ് ചൊവാഴ്ച്ച സംഘടിപ്പിക്കും. ക്യാംപില്‍ പള്‍മണോളജിസ്റ്റ് ഉള്‍പ്പടെയുള്ള സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകും.

ഇതില്‍ എല്ലാ ജീവനക്കാരും പങ്കെടുക്കണമെന്ന് കളക്ടര്‍ അഭ്യര്‍ഥിച്ചു. ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ടും ലഭ്യമാക്കും. വിവിധ ജില്ലകളില്‍ നിന്നുള്ള ജീവനക്കാര്‍ക്ക് ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിന് അതത് ജില്ലകളിലെ ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ നടപടിയുണ്ടാകും. ഇവരുടെ തുടര്‍ ആരോഗ്യപരിപാലനവും ഉറപ്പാക്കും.

വായു ഗുണനിലവാരം ഉയരുന്നു

വായുവിന്റെ ഗുണനിലവാരം മെച്ചപ്പെട്ടു വരുന്നുണ്ട്. കഴിഞ്ഞയാഴ്ച 442 ആയിരുന്ന പര്‍ട്ടിക്കുലേറ്റ് മാറ്ററിന്റെ അളവ് 139 വരെ എത്തിയിട്ടുണ്ട്. ഇനിയും അത് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീപിടിത്തം അണയ്ക്കാന്‍ മിഷന്‍ മോഡില്‍ പ്രവര്‍ത്തിച്ചതു പോലെ തന്നെ മാലിന്യ സംസ്‌കരണത്തിനായി ശാശ്വത പരിഹാരം കണ്ടെത്തുന്നതിന് ജില്ലാ ഭരണ കൂടവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പിന്തുണ നല്‍കി പ്രവര്‍ത്തിക്കുമെന്നും കളക്ടര്‍ പറഞ്ഞു.

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ പുകയണയ്ക്കലിന്റെ അവസാനഘട്ടത്തില്‍ 98 അഗ്‌നിശമന സേനാംഗങ്ങളും, 22 എസ്‌കവേറ്റര്‍ ഓപ്പറേറ്റര്‍മാരും 57 സിവില്‍ ഡിഫന്‍സ് അംഗങ്ങളും 24 കൊച്ചി കോര്‍പ്പറേഷന്‍ ജീവനക്കാരും 16 ഹോം ഗാര്‍ഡുകളും 4 പോലീസുകാരും ആണ് രംഗത്തുണ്ടായിരുന്നത്. 22 എസ്‌കവേറ്ററുകളും 18 ഫയര്‍ യൂണിറ്റുകളും 3 ഹൈ പ്രഷര്‍ പമ്പുകളുമാണ് പ്രവര്‍ത്തിച്ചത്. സെക്ടര്‍ വെസ്റ്റിലെയും സെക്ടര്‍ 1ലെയും പുകയണയ്ക്കലാണ് ഏറ്റവുമൊടുവില്‍ പൂര്‍ത്തിയാക്കിയത്. ചതുപ്പിലെ പുക ശമിപ്പിക്കുന്നതായിരുന്നു ഏറ്റവും ശ്രമകരമായ ദൗത്യം. മാലിന്യ പ്ലാന്റ് പ്രദേശത്ത് അസ്‌ക ലൈറ്റുകള്‍ വിന്യസിച്ച് രാത്രിയിലും നടത്തിയ നിതാന്ത പരിശ്രമമാണ് പുക നിയന്ത്രണം ഫലവത്താക്കിയത്.

ഫയര്‍ ടെന്‍ഡറുകള്‍ നേരിട്ട് എത്തിക്കാനാകാത്തതാണ് ചതുപ്പു മേഖലയില്‍ നേരിട്ട പ്രശ്‌നം. കടമ്പ്രയാറില്‍ നിന്നും ഉയര്‍ന്ന ശേഷിയുള്ള പമ്പുകള്‍ ഉപയോഗിച്ച് ഉന്നത മര്‍ദത്തില്‍ വെള്ളം പമ്പു ചെയ്താണ് ഇതിന് പരിഹാരം കണ്ടത്. മിനിട്ടില്‍ 4000 ലിറ്റര്‍ വെളളമാണ് ഇത്തരത്തില്‍ പമ്പു ചെയ്തത്. ഫയര്‍ ടെന്‍ഡറുകള്‍ എത്തിക്കാനാകാത്ത മറ്റ് കൂനകളിലേക്കും വെള്ളമെത്തിക്കാന്‍ പമ്പ് ഉപയോഗിച്ചു. പ്ലാന്റ് പ്രദേശത്തെ 7 സെക്ടറുകളായി തിരിച്ചായിരുന്നു പുക അണയ്ക്കല്‍. വിവിധ വകുപ്പുകളുടെ ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനത്തില്‍ പൂര്‍ണമായും പുകയണയ്ക്കാന്‍ കഴിഞ്ഞതായി റീജിയണല്‍ ഫയര്‍ ഓഫീസര്‍ പറഞ്ഞു.

English Summary: The smoke in Brahmapuram has completely subsided due to the collective effort of workers

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds