ഭാഷകളുടെ വൈവിധ്യത്തെ ഓർമ്മപ്പെടുത്തുന്ന ഒരു ദിനം. വിവിധ ഭാഷകളുടെ ഒരു കൂട്ടായ്മയാണ് നമ്മുടെ ലോകം. ഓരോ ഭാഷയുടേയും സ്വത്വം സംരക്ഷിക്കുവാനും അത് സമൂഹത്തിൻറെ വളർച്ചയ്ക്ക് ഒതുങ്ങും വിധം ഉപയോഗപ്പെടുത്തുവാനും വേണ്ടിയാണ് യു എൻ എല്ലാ വർഷവും ഫെബ്രുവരി 21 മാതൃഭാഷ ദിനമായി ആചരിക്കുന്നത്.
1999 നവംബർ 21 നാണ് UNESCO ലോക മാതൃഭാഷാ ദിനമായി ആചരിക്കുന്നത്. പിന്നീട് രണ്ടായിരത്തിൽ UN ജനറൽ അസംബ്ലി ഇത് ശരിവെയ്ക്കുകയും ചെയ്തു. പിന്നീട് 2008ൽ ലോകമാന്യ ഭാഷ ദിനമായി ആചരിക്കുവാനും തുടങ്ങി. ബംഗ്ലാദേശിൽ നിന്നുള്ള ഒരു പോരാട്ടത്തിന്റെ ഓർമ്മപ്പെടുത്തലാണ് ഓരോ ഭാഷാ ദിനവും. ബംഗളയെ ഒരു ഭാഷയായി ഉയർത്തിക്കൊണ്ടുവരാനുള്ള ബംഗ്ലാദേശിൽ നിന്നുള്ള ചെറുത്തുനിൽപ്പ് ഇന്ന് ലോകത്താകമാനം മാതൃഭാഷാ ദിനമായി ആചരിക്കുവാനുള്ള ഹേതു ആയി കൈമാറി.
നമ്മൾക്ക് എല്ലാവർക്കും നമ്മുടെ പെറ്റ അമ്മയോട് തോന്നുന്ന അതേ മമത തന്നെയാണ് നമ്മുടെ മാതൃഭാഷയോടും. കുഞ്ഞിളം നാവിൽ പകർന്നു നൽകുന്ന അക്ഷരങ്ങൾക്ക് മുലപ്പാലിനോളം മാധുര്യം ഉണ്ട്. വൈവിധ്യങ്ങളുടെ കൂട്ടായ്മയാണ് നമ്മുടെ ലോകം. എന്നാൽ ഈ വൈവിധ്യത്തെ ഒന്നിച്ചു നിർത്തുന്ന ഒരു ഘടകമേ ഉള്ളൂ അത് ഭാഷയാണ്.
വിവരസാങ്കേതികവിദ്യയുടെ വളർച്ച നമ്മുടെ ഭാഷകളുടെ വളർച്ചയെ ദ്രുതഗതിയിൽ ആക്കുകയാണ് ചെയ്തത്. ഒരു വിരൽത്തുമ്പിൽ അക്ഷരങ്ങളുടെ ലോകം നമുക്ക് സമ്മാനിക്കാൻ സാങ്കേതികവിദ്യയ്ക്ക് സാധിച്ചു എന്നത് വളരെ വലിയൊരു കാര്യമാണ്. ഭാഷാ എവിടെ നശിക്കുന്നുവോ അവിടെ സംസ്കാരവും നശിക്കുന്നു. നമ്മുടെ സംസ്കാരത്തിന് അടയാളമായി നമ്മുടെ ഭാഷ മാറ്റേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. ആംഗലേയ സാഹിത്യത്തിന്റെ രുചി അല്ല കുട്ടികൾക്ക് പകർന്നു നൽകേണ്ടത്. നമ്മുടെ മാതൃഭാഷയുടെ ഗന്ധം ശ്വസിച്ച്, മാതൃഭാഷയുടെ രുചി അറിഞ്ഞു അവർ വളരട്ടെ.
"ഏതൊരു വേദവുമേതൊരു
ശാസ്ത്രവുമേതൊരു
കാവ്യവുമേതോരാൾക്കും
ഹൃത്തിൽപ്പതിയേണമെങ്കിൽ
സ്വഭാഷതൻ വക്രതത്തിൽ
നിന്നു തന്നെ കേൾക്കണം"
മാതൃഭാഷയുടെ ജീവൻ തുടിക്കുന്ന ഈ വരികൾ പതിപ്പിക്കാം നമ്മുടെ ഓരോ ഹൃദയത്തിലും....
Share your comments