ധാരാളം പണം ആവശ്യമായ കാര്യമായതിനാൽ, നല്ലവണ്ണം ആലോചിച്ച് എടുക്കേണ്ട തീരുമാനമാണ് വീട് വാങ്ങുക എന്നത്. സ്വന്തമായി വീട് വേണമെന്നുള്ളത് നമ്മളെല്ലാവരുടെയും സ്വപ്‌നമാണ്. പക്ഷെ, അത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. സ്വന്തമായി ഒരു വീട് ഉണ്ടാവുകയെന്നത് നിങ്ങൾക്ക് സുരക്ഷിതത്വവും സമാധാനവും സമ്മാനിക്കുമെന്നതിനോടൊപ്പം ആത്മവിശ്വാസവും വർദ്ധിപ്പിക്കും. പുതിയ വീട് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ പങ്ക് വെയ്‌ക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: വീടു വയ്ക്കാൻ ഭൂമി വാങ്ങുന്നതിനായി സർക്കാർ ആറ് ലക്ഷം രൂപ വരെ ധനസഹായം നൽകുന്നു
* നിങ്ങളുടെ സാമ്പത്തിക സ്ഥിതി, വീട് വാങ്ങിക്കാൻ പോകുന്ന സ്ഥലം, ലോൺ തിരിച്ചടവിനുള്ള വഴി എന്നീ മൂന്ന് കാര്യങ്ങൾ പുതിയൊരു വീട് വാങ്ങുമ്പോൾ തീർച്ചയായും ചിന്തിക്കണം. ഈ മൂന്ന് ഘടകങ്ങളുമായി ബന്ധപ്പെട്ട വ്യക്തതയാണ് നിങ്ങളുടെ സ്വപ്നം യാഥാർഥ്യമാക്കാൻ നിങ്ങളെ സഹായിക്കുക.
* വീട് വാങ്ങുന്നതിനായി വലിയ തുക ആവശ്യമായതിനാൽ, സാധാരണയായി ആളുകൾ ലോൺ എടുക്കുകയാണ് പതിവ്. ഇതിനുപുറമെ അധിക ചെലവ് വരാൻ സാധ്യതയേറെയാണ്. ഭവന വായ്പ വഴി 75-90% വരെ ധനസഹായമാണ് ലഭിക്കുക. ബാക്കി തുക നിങ്ങൾ തന്നെ കണ്ടെത്തേണ്ടതുണ്ട്. കൂടുതൽ ഡൗൺ പേയ്‌മെന്റ് നടത്തിയാൽ നിങ്ങളുടെ ലോൺ തിരിച്ചടവ് അത്രയും കുറയ്ക്കാൻ സാധിക്കും. ഇങ്ങനൊക്കെയാണെങ്കിലും ലോൺ അല്ലാതെ നിങ്ങൾ പണം കണ്ടെത്തേണ്ടി വരും.
ബന്ധപ്പെട്ട വാർത്തകൾ: വീട് വയ്ക്കാൻ 2.67 ലക്ഷംവരെ സബ്സിഡി നൽകി കേന്ദ്രസർക്കാർ
* നിങ്ങളുടെ ലോൺ തിരിച്ചടക്കാനുള്ള കഴിവിനെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. ഇഎംഐക്ക് പുറമെ ജീവിതച്ചെലവ് എന്തെല്ലാമെന്ന് വിലയിരുത്തി വ്യക്തമായ പദ്ധതി തയ്യാറാക്കണം.
* പുതിയ വീടിന് വേണ്ടി ലോൺ എടുക്കാൻ പോവുകയാണെങ്കിൽ മികച്ച ക്രെഡിറ്റ് സ്കോർ ഉണ്ടെന്ന് ഉറപ്പ് വരുത്തണം. അങ്ങനെയാവുമ്പോൾ കുറഞ്ഞ പലിശനിരക്കിൽ ലോൺ ലഭിക്കാനുള്ള സാധ്യതയുമുണ്ട്. നിലവിൽ നിങ്ങൾക്ക് എന്തെങ്കിലും ഹ്രസ്വകാല ഇഎംഐ ഉണ്ടെങ്കിൽ അത് എത്രയും പെട്ടെന്ന് അടച്ച് തീർക്കുക. കൂടുതൽ ഇഎംഐ ഉണ്ടെങ്കിൽ ലോൺ തിരിച്ചടവ് നിങ്ങളെ പ്രയാസത്തിലാക്കും. ഇത് ക്രെഡിറ്റ് സ്കോറിനെയും ബാധിക്കും.
ബന്ധപ്പെട്ട വാർത്തകൾ: വീട് മാറുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
* വീട് വാങ്ങുന്നവർ ആദ്യം തങ്ങൾ വാങ്ങുന്ന വസ്തുവിന് ആവശ്യമായ സർട്ടിഫിക്കറ്റുകളും നിയമപരമായ രേഖകളും ലോക്കൽ ക്ലിയറൻസുകളും ഉണ്ടോ എന്ന് സൂക്ഷ്മപരിശോധന നടത്തണം. റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയിൽ (RERA) വസ്തു രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്നതാണ് പ്രധാനമായി പരിശോധിക്കേണ്ട മറ്റൊരു കാര്യം.
* വസ്തുവിൻെറ കൈവശാവകാശ രേഖയും ബാധ്യത സർട്ടിഫിക്കറ്റും വീട് വാങ്ങുന്നതിന് മുമ്പ് തന്നെ പരിശോധിച്ച് ബോധ്യപ്പെട്ടിരിക്കണം. ഭൂമിയുടെ ഉടമസ്ഥാവകാശ രേഖയാണിത്. വസ്തു കൈമാറ്റം ചെയ്യുന്നതിനോ ഉടമസ്ഥാവകാശം വിൽക്കുന്നതിനോ ഉള്ള അവകാശം ആർക്കാണെന്ന് ബാധ്യത സർട്ടിഫിക്കറ്റിലൂടെ മനസ്സിലാകും.
* സ്റ്റാമ്പ് ഡ്യൂട്ടി (5-7%), രജിസ്ട്രേഷൻ ഫീസ് 1-2%, മെയിന്റനൻസ് ചാർജുകൾ, പാർക്കിംഗ് ചാർജുകൾ എന്നിവയെല്ലാം കരാർ ഒപ്പിടുമ്പോൾ നൽകേണ്ടതായി വരും. ഇത് കൂടാതെ 45 ലക്ഷത്തിൽ കുറവ് ചെലവ് വരുന്ന വീടുകൾക്ക് 1 ശതമാനവും 45 ലക്ഷത്തിന് മുകളിൽ വരുന്ന വീടുകൾക്ക് 5 ശതമാനവും ജിഎസ്ടി അടക്കേണ്ടതായിട്ടുണ്ട്. ഇത്തരം ചെലവുകൾ എന്തെല്ലാമെന്ന് വ്യക്തമായി അറിഞ്ഞിരിക്കണം.
* ഒരു പുതിയ വീട് വാങ്ങിക്കും മുമ്പ് ചില വസ്തുതകൾ കൂടി അറിഞ്ഞിരിക്കണം. വസ്തു നിൽക്കുന്ന സ്ഥലം നന്നായി വിലയിരുത്തുക. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, റെയിൽ-റോഡ് കണക്റ്റിവിറ്റി, വിമാനത്താവളങ്ങൾ, ഷോപ്പിംഗ് മാർക്കറ്റുകൾ എന്നിവയെല്ലാം അടുത്തുണ്ടോയന്ന് നോക്കണം. ഇത്തരം സൗകര്യം നിങ്ങളുടെ ജീവിതനിലവാരം ഉയർത്തുമെന്നുറപ്പാണ്.
Share your comments