1. പാലക്കാട് ജില്ലയില്‍ ബ്രോയിലര്‍ കോഴിഫാമുകള്‍ ആരംഭിക്കുന്നതിന് കുടുംബശ്രീ/ ഓക്‌സിലറി ഗ്രൂപ്പുകളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. 1000 മുതൽ 5000 കോഴികളെ വരെ പരിപാലിക്കുന്ന ഫാമുകൾ തുടങ്ങാം. നിലവില്‍ ലൈസന്‍സോടുകൂടി പ്രവര്‍ത്തിക്കുന്ന ഫാമുകള്‍ക്കു മുന്‍ഗണന ലഭിക്കും. നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോം പൂരിപ്പിച്ച് ഫെബ്രുവരി 29ന് വൈകിട്ട് 5-നകം ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപന ഓഫീസില്‍ നല്‍കണമെന്ന് ഡിസ്ട്രിക്ട് മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. അപേക്ഷ ഫോറത്തിനും വിശദവിവരങ്ങള്‍ക്കും കുടുംബശ്രീ സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടാം.
കൂടുതൽ വാർത്തകൾ; PM Kisan; പതിനാറാം ഗഡു ഈ മാസം കിട്ടും! തീയതി അറിയാം..
2. ക്ഷീര കര്‍ഷകര്‍ക്കും സംരംഭകരായ വീട്ടമ്മമാര്‍ക്കും ക്ഷീരോത്പന്ന നിര്‍മ്മാണത്തിൽ പരിശീലനം നേടാം. പട്ടം ക്ഷീര പരിശീലന കേന്ദ്രത്തില്‍ വച്ച് ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 7 വരെയുള്ള 10 പ്രവൃത്തി ദിവസങ്ങളില്‍ പരിശീലനം നടക്കും. പരിശീലനത്തിൽ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ഫെബ്രുവരി 24ന് വൈകിട്ട് 5 മണിക്ക് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം. രജിസ്‌ട്രേഷന്‍ ഫീസ് 135 രൂപയാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്ക് അവസരം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 -2440911 എന്ന ഫോണ്‍ നമ്പറിലോ, ക്ഷീര പരിശീലന കേന്ദ്രം, പൊട്ടക്കുഴി റോഡ്, പട്ടം പിഒ തിരുവനന്തപുരം 695004 എന്ന മേല്‍വിലാസത്തിലോ ബന്ധപ്പെടാം.
3. വയനാട് ജില്ലയിൽ ആദ്യ നേച്ചേര്‍സ് ഫ്രഷ് അഗ്രി കിയോസ്‌ക് പ്രവര്‍ത്തനം തുടങ്ങി. വെള്ളത്തൂവല്‍ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിലാണ് കിയോസ്ക് ആരംഭിച്ചത്. വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിബി എല്‍ദോസ് കിയോസ്ക് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ, സംഘകൃഷി ഗ്രൂപ്പുകളുടെ വിഷരഹിത പച്ചക്കറി ഉത്പന്നങ്ങള്‍ കിയോസ്കിലൂടെ വിൽപന ചെയ്യും. കൂടാതെ, വിഷരഹിത പച്ചക്കറികള്‍, കിഴങ്ങു വര്‍ഗ്ഗങ്ങള്‍, മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ എന്നിവയോടൊപ്പം മൃഗസംരക്ഷണ മേഖലയിലെ കര്‍ഷകരില്‍ നിന്നും ശേഖരിക്കുന്ന പാല്‍, മുട്ട, മറ്റ് മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍ തുടങ്ങിയവയും കിയോസ്‌ക്കില്‍ ലഭ്യമാക്കും.
4. ഇന്ത്യയിൽ നിന്നും 4 രാജ്യങ്ങളിലേയ്ക്ക് ഉള്ളി കയറ്റുമതി ചെയ്യാൻ കേന്ദ്രസർക്കാർ അനുമതി. ബംഗ്ലാദേശ്, ബഹ്റൈൻ, മൊറീഷ്യസ്, ഭൂട്ടാൻ എന്നീ രാജ്യങ്ങളിലേക്ക് 54,760 ടൺ ഉള്ളി കയറ്റുമതി ചെയ്യും. മാർച്ച 31-നകം വ്യവസായികൾക്ക് കയറ്റുമതി ചെയ്യാൻ അനുമതിയുണ്ട്. മാർച്ച് 31 വരെ ഉള്ളി കയറ്റുമതിയ്ക്ക് വിലക്കുണ്ടെങ്കിലും 4 രാജ്യങ്ങൾക്കും ഇളവ് നൽകുകയായിരുന്നുവെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ സെക്രട്ടറി രോഹിത് കുമാർസിങ് അറിയിച്ചു.
Share your comments