കൊല്ലം: തീരദേശ മേഖലയിലെ സാമ്പത്തിക, സാമൂഹിക, തൊഴില്‍ മേഖലകളില്‍ മാറ്റം വരുത്തുക ലക്ഷ്യമിട്ട 'തൊഴില്‍തീരം' പദ്ധതി ജില്ലയിലെ നാല് നിയോജക മണ്ഡലങ്ങളില്‍ കൂടി നടപ്പാക്കുന്നു. ചവറ, കൊല്ലം, ഇരവിപുരം, ചാത്തന്നൂര്‍ മണ്ഡലങ്ങളിലാണ് തുടങ്ങുന്നത്. മുമ്പ് കരുനാഗപ്പള്ളിയില്‍ മാത്രമായിരുന്നു പദ്ധതി ആവിഷ്‌കരിച്ചിരുന്നത്. കേരള നോളജ് ഇക്കോണമി മിഷന്‍ - ഫിഷറീസ് വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ മിഷന്‍, അസാപ്, എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. മത്സ്യത്തൊഴിലാളി വിഭാഗത്തിലെ തൊഴില്‍ അന്വേഷകരായ മുഴുവന്‍ ഉദ്യോഗാര്‍ഥികളെയും ഡി ഡബ്ല്യൂ എം എസ് വഴി രജിസ്റ്റര്‍ ചെയ്ത് പ്രത്യേക നൈപുണ്യ പരിശീലനവും വൈജ്ഞാനിക തൊഴില്‍ പരിചയവും നല്‍കി ജില്ലാതല തൊഴില്‍മേള സംഘടിപ്പിച്ച് തൊഴില്‍ മേഖലയില്‍ എത്തിക്കുകയാണ് ലക്ഷ്യം.
പദ്ധതി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചവറ, ചാത്തന്നൂര്‍, ഇരവിപുരം നിയോജക മണ്ഡലങ്ങളില്‍ സംഘാടക സമിതി രൂപീകരണ യോഗം നടന്നു. എം എല്‍ എ ചെയര്‍മാനായും പഞ്ചായത്ത് പ്രസിഡന്റുമാര്‍, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ എന്നിവര്‍ വൈസ് ചെയര്‍മാനായും ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ജനറല്‍ കണ്‍വീനറായും സംഘാടക സമിതി രൂപീകരിച്ചു. ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, കുടുംബശ്രീ സി ഡി എസ് ചെയര്‍പേഴ്‌സണ്‍മാര്‍ സംഘടനാ നേതാക്കള്‍ തുടങ്ങിയവരാണ് ജോയിന്റ് കണ്‍വീനര്‍മാര്‍. ഫിഷറീസ്, പഞ്ചായത്ത്, കുടുംബശ്രീ ഉദ്യോഗസ്ഥര്‍ വോളന്റീര്‍മാര്‍ എന്നിവരാണ് അംഗങ്ങള്‍.
ബന്ധപ്പെട്ട വാർത്തകൾ: തിലാപ്പിയ രുചിയിൽ മാത്രമല്ല ആരോഗ്യത്തിലും കേമൻ
ചവറയില്‍ ഡോ. സുജിത്ത് വിജയന്‍പിള്ള എം എല്‍ എ നീണ്ടകര ഫിഷറീസ് അവയര്‍ണസ് സെന്ററില്‍ സംഘാടക സമിതി ഉദ്ഘാടനം ചെയ്തു. നീണ്ടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ആര്‍ രജിത് അധ്യക്ഷനായി. പരവൂര്‍ മുനിസിപ്പാലിറ്റി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ചാത്തന്നൂര്‍ മണ്ഡലതല യോഗം പരവൂര്‍ മുനിസിപ്പാലിറ്റി വൈസ് ചെയര്‍മാന്‍ എ സഫര്‍ ഖായല്‍ ഉദ്ഘാടനം ചെയ്തു. ഇരവിപുരത്ത് സെന്റ് ജോണ്‍സ് ചര്‍ച്ച് ഹാളില്‍ നടത്തിയ പരിപാടി ഡിവിഷന്‍ കൗണ്‍സില്‍ മുതിര്‍ന്ന അംഗം പ്രിയദശന്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ സുനില്‍ ജോസ് അധ്യക്ഷനായി.
പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ താഴെ പറയുന്ന ഏതെങ്കിലും വിഭാഗങ്ങളില്‍പ്പെട്ടവരാണെന്ന് സാക്ഷ്യപ്പെടുത്തുന്ന രേഖകള്‍ സമര്‍പ്പിക്കണം. കുടുംബത്തിന്റെ ആകെ വാര്‍ഷിക വരുമാനം അഞ്ചുലക്ഷത്തില്‍ താഴെയുള്ളവര്‍ വരുമാന സര്‍ട്ടിഫിക്കറ്റ് (കല്യാണം കഴിഞ്ഞവര്‍ ഭര്‍ത്താവിന്റെയോ, പതിനെട്ടു വയസ്സിനു മുകളില്‍ പ്രായമുള്ള ആണ്‍കുട്ടികളുടെയോ വരുമാനം) ഹാജരാക്കണം. ഇ ഡബ്ല്യൂ എസ് /പട്ടികജാതി / പട്ടികവര്‍ഗ / ഒ ബി സി വിഭാഗക്കാര്‍ - വരുമാനം, ജാതി, അസറ്റ് (അര്‍ഹതയുണ്ടെങ്കില്‍), എന്നീ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കണം. കോവിഡ് കാരണം ജോലി നഷ്ടപ്പെട്ടവര്‍ രേഖ ഹാജരാക്കണം. ഒരു രക്ഷിതാവ് മാത്രമുള്ള അപേക്ഷക (മരണപ്പെട്ടയാളുടെ മരണ സര്‍ട്ടിഫിക്കറ്റ്, ഭിന്നശേഷിക്കാരുടെ അമ്മ, വിധവ/വിവാഹ മോചനം നേടിയവര്‍, ഒരു പെണ്‍കുട്ടി മാത്രമുള്ള അമ്മമാര്‍ എന്നിവര്‍ രേഖ ഹാജരാക്കണം.അസല്‍ രേഖകളും രണ്ടു പകര്‍പ്പുമായി (പത്താം ക്ലാസ്, പ്ലസ് ടു, ബിടെക് /ബി ആര്‍ക്ക്, ആധാര്‍, നിര്‍ദിഷ്ട യോഗ്യതകള്‍) ചവറ ഐ ഐ ഐ സിയില്‍ ഓഗസ്റ്റ് 11 ന് രാവിലെ ഒമ്പതിന് എത്തണം. വിവരങ്ങള്‍ക്ക് www.iiic.ac.in ഫോണ്‍: 8078980000.
Share your comments