കൊറോണ മൂലം കോടതികൾ അടച്ചിട്ട പശ്ചാത്തലത്തിൽ അയ്യൻ പട്ക്കയിലെ വടുവൻ തോട്ടിൽ വീണ്ടും അനധികൃത തടണ കെട്ടിപ്പൊക്കുന്നവർക്കെതിരെ കളക്ടർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ലോക്താന്ത്രിക് യുവജനതാദൾ ജില്ലാ പ്രസിഡൻ്റ് വാക്സറിൻ പെരെപ്പാടൻ ആവശ്യപ്പെട്ടു.ഇവിടെ തടയണ കെട്ടിയാൽ ആളൂർ പഞ്ചായത്തിലെ 50 ഏക്കറോളം കൃഷിയാണ് നശിച്ച് പോകുന്നത്.
കർഷകരുടെ വർഷങ്ങൾ നീണ്ട് നിന്ന നിയമയുദ്ധത്തിന് ശേഷം കോടതി നിർദ്ദേശിച്ചത് ,കളക്ടറുടെ നേതൃത്വത്തിൽ കർഷകരുടെയും പഞ്ചായത്ത് അധികൃതരുടെയും സമിതി രൂപീകരിച്ച് ഓരോ വർഷവും സാഹചര്യമനുസരിച്ച് വേണ്ട തീരുമാനമെടുക്കാനാണ്.സമിതി രൂപീകരണ ചുമതല കളക്ടർ ആർ.ഡി.ഒ.യ്ക്കാണ് നല്‍കിയിരുന്നത്.
ആർ.ഡി.ഒ. യുടെ നേതൃത്വത്തിൽ, ഫെബ്രുവരിയിൽ ചേർന്ന യോഗത്തിൽ, മറ്റൊരു യോഗം വിളിച്ച് കാര്യങ്ങൾ തീരുമാനിക്കാമെന്ന് ആർ.ഡി.ഒ അറിയിച്ചു. എന്നാൽ ഇതുവരെ മറ്റൊരു യോഗം ആർ.ഡി.ഒ വിളിച്ചിട്ടില്ലെന്ന് കർഷകർ പറഞ്ഞു.കർഷക നേതാക്കളുടെ പങ്കാളിത്തം ഒഴിവാക്കിയാണ് ആദ്യ യോഗം നടത്തിയതെന്നത് ആശങ്ക ഉയര്‍ത്തിയതായി കർഷകർ ആരോപിച്ചു.
ചാലക്കുടി ഇറിഗേഷന്‍റെ റിവർ ഡൈവേർഷൻ പദ്ധതിയിലെ വലതുകര കനാലിലെ ഊറൽ ജലമാണ് ഇവിടെ വെള്ളക്കെട്ടുണ്ടാക്കുന്നത്.കുടിവെള്ളത്തിന്‍റെ പേര് പറഞ്ഞ് ചുരുങ്ങിയ വിലയ്ക്ക് കർഷകരുടെ ഭൂമി സ്വന്തമാക്കാനുള്ള മണലൂറ്റ് മാഫിയയാണ് അനധികൃതമായി തടയണ കെട്ടി വെള്ളക്കെട്ട് സൃഷ്ടിച്ച് കൃഷി നശിപ്പിക്കുന്നതെന്ന് വർഷങ്ങളായി കർഷകർ പരാതി നൽകിയിട്ടും ഒരു നടപടിയും സർക്കാറിന്‍റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.
മനുഷ്യനിർമ്മിത കൃഷിനാശമെന്ന് പറഞ്ഞ് ഒരു രൂപ പോലും കർഷകർക്ക് നഷ്ടപരിഹാരം നൽകിയില്ല എന്നുമാത്രമല്ല കൃഷി നാശം വരുത്തിയവർക്ക് നേരെ ഒരു അന്വേഷണം പോലുമുണ്ടായില്ല. നാല് വർഷമായി ഏകദേശം അറുപത് ലക്ഷത്തിലധികം രൂപയുടെ കൃഷി നാശമാണ് സംഭവിച്ചിട്ടുള്ളത്.
വടുവൻ തോടിലെ ജലം ഒഴുകിയെത്തുന്നത് വേളൂക്കര പഞ്ചായത്തിലെ തൊമ്മാനയിലേക്കാണ്, അതിനാൽ വേളൂക്കര പഞ്ചായത്തിന് അർഹതപ്പെട്ട ജലം ആളൂർ പഞ്ചായത്ത് തടഞ്ഞ് വെക്കുന്നതിനെതിരെ വേളൂക്കരയിലെ കർഷക സമിതി പരാതി നൽകിയിരുന്നു.കൊറോണ കാരണം വീടുകളിൽ നിന്ന് പുറത്തിറങ്ങാത്തതിനാൽ, കരഭൂമിയിലേക്ക് ഉയർന്ന വെള്ളത്തിന്‍റെ നിലയനുസരിച്ച് മൂന്ന് ദിവസത്തിലധികമായിട്ടുണ്ടാകാം അനധികൃത തടയണ കെട്ടൽ നടന്നിട്ട് എന്ന് കർഷകർ പറയുന്നു.ഈ വർഷവും വെള്ളക്കെട്ടിനാൽ കൃഷിനാശം സംഭവിച്ചാൽ തങ്ങളുടെ കൃഷിഭൂമി പഞ്ചായത്ത് ഏറ്റെടുക്കണമെന്ന് കർഷക സമര സമിതി ആളൂർ പഞ്ചായത്തിനോട് ആവശ്യപ്പെട്ടിരുന്നു.
വെള്ളക്കെട്ട് രൂക്ഷമാകാതിരിക്കാൻ ഇത്തവണ തടയണയിൽ ചെറിയൊരു ഗ്യാപ്പ് ഇട്ടിട്ടുണ്ടെന്ന് സ്ഥലം സന്ദർശിച്ച അയ്യൻ പട്ക്ക കർഷക സമിതി ചെയർമാൻ രാമൻ നമ്പൂതിരി പറഞ്ഞു.തടയണ കെട്ടിയ വിവരം ആർ.ഡി.ഒ., പഞ്ചായത്ത് അധികൃതർ എന്നിവരെ കർഷകർ അറിയിച്ചിട്ടും നടപടിയൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.
English Summary: Thrissur district machinery failed to protect ayyan padka farmers' interest
Share your comments