കാർഷിക സർവകലാശാലയുടെ 5 0 -ാം മത് സ്ഥാപിത ദിനാഘോഷ ചടങ്ങുകൾ കൃഷിവകുപ്പ് മന്ത്രി അഡ്വ. വി എസ് സുനിൽകുമാർ ഉദ്‌ഘാടനം ചെയ്തു. ഗവ. ചീഫ് വിപ്പ് അഡ്വ. കെ രാജൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ തമിഴ്നാട് കാർഷിക സർവ്വകലാശാല വൈസ് ചാൻസലർ ഡോ. എൻ. കുമാർ സ്ഥാപിത പ്രഭാഷണം നടത്തി.
തൃശൂർ - പൊന്നാനി കോൾനിലങ്ങളിലെ സമഗ്ര വികസനത്തിലൂടെ വർഷം മുഴുവൻ കൃഷിയും വരുമാനവും ഉറപ്പാക്കുന്നതിനുള്ള കർമ പദ്ധതി ആവിഷ്ക്കരിച്ച് നടപ്പിലാക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ വി എസ് സുനിൽകുമാർ പറഞ്ഞു.
പുതുതായി നടപ്പിലാക്കിയ ബ്ലോക്ക് തല കാർഷിക വിജ്‍ഞാന കേന്ദ്രങ്ങൾ കാർഷിക സർവകലാശാലയുടെ നൂതന സാങ്കേതിക വിദ്യകൾ കർഷകരിലേക്കെത്തിക്കുന്നതിൽ നിർണായക പങ്കുവഹിക്കും. സുവർണ ജൂബിലി വർഷത്തിൽ കാർഷിക പ്രാധാന്യമുള്ള 50 ബ്ലോക്കുകൾ കാർഷിക സർവകലാശാല ദത്തെടുത്ത് അവയുടെ സമഗ്ര കാർഷിക വികസനം സാധ്യമാക്കണമെന്നും മന്ത്രി നിർദേശിച്ചു.
കാലാവസ്ഥ വ്യതിയാന സാഹചര്യത്തിൽ സർവകലാശാല പുറത്തിറക്കിയ കെ എ യു, മിഥില തുടങ്ങിയ പുതിയ നെല്ലിനങ്ങൾ കർഷകർക്ക് വരദാനമാണ്. കർഷകർക്കിടയിൽ പ്രചുര പ്രചാരം നേടിയ ഉമ നെല്ലിനം കാർഷിക സർവകലാശാലയുടെ സംഭവനയാണ്.
ഐ സി എ ആർ റാങ്കിങ്ങിൽ പ്രകടനം മെച്ചപ്പെടുത്തിയതിനു കേരള കാർഷിക സർവകലാശാലയെ കൃഷിമന്ത്രി അഭിനന്ദിച്ചു.
സ്ഥാപിത ദിനാഘോഷ പ്രഭാഷണം നടത്തിയ തമിഴ്‌നാട് കാർഷികസർവകലാശാല വൈസ് ചാൻസലർ കാർഷിക ഉന്നത വിദ്യാഭ്യാസ രംഗത്തെ സ്വകാര്യവൽക്കരണത്തെ ചെറുത്തു നില്ക്കാൻ കഴിഞ്ഞതിൽ കേരളത്തെ അഭിനന്ദിച്ചു. സുഗന്ധ വ്യഞ്ജനവിളകളിലും ഉഷ്ണമേഖലാ ഫലവിളകളിലുമുള്ള കേരളത്തിൻ്റെ അനന്ത സാധ്യതകൾ പ്രയോജനപ്പെടുത്തി കർഷകർക്ക് കൂടുതൽ വരുമാനം നേടിക്കൊടുക്കാനാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ചടങ്ങിൽ കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. ആർ ചന്ദ്ര ബാബു, രജിസ്ട്രാർ ഡോ. എ സക്കിർ ഹുസൈൻ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
കേരള കാർഷിക സർവകലാശാല
1971 ലാണ് കേരളത്തിലെ ഏക കാർഷിക സർവകലാശാല തൃശ്ശൂരിലെ വെള്ളാനിക്കരയിൽ സ്ഥാപിതമായത്. അന്നത്തെ യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ ചെയർമാനായിരുന്ന ഡോ. സി എസ് കോത്താരിയുടെ ശുപാർശ പ്രകാരം ഓരോ സംസ്ഥാനത്തും കാർഷിക സർവകലാ ശാലകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണിത് സ്ഥാപിതമായത്. വിള പരിപാലനം, വന പരിപാലനം തുടങ്ങിയ മേഖലകളിൽ വിദ്യാഭ്യാസം, ഗവേഷണം, വിജ്ഞാന വ്യാപനം എന്നിവ കൈകാര്യം ചെയ്യുന്നു. 2011 ൽ കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് യൂണിവേഴ്സിറ്റി, ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് സർവകലാശാല, കേരള അഗ്രികൾചറൽ സർവകലാശാല എന്നിങ്ങനെ മൂന്നായി വിഭജിക്കപ്പെട്ടു. ഇപ്പോൾ കാർഷിക സർവകലാശാലയിൽ 7 കോളേജുകൾ, 6 ആർ എ ആർ എസ്,7 കെ വി കെ,15 റിസർച്ച് സ്റ്റേഷനുകൾ,16 അഗ്രികൾച്ചർ റിസർച്ച് ആൻഡ് എക്സ്റ്റൻഷൻ യൂണിറ്റുകൾ, അഗ്രികൾച്ചറൽ എൻജിനീയറിങ് കോളേജ്, വനശാസ്ത്ര കോളേജ് എന്നിവ ഉൾപ്പെടുന്നു. കൂടാതെ കാലാവസ്ഥ വ്യതിയാന അക്കാദമിയും അഗ്രികൾച്ചർ ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടും കാർഷിക സർവകലാശാലയുടെ കീഴിൽ പ്രവർത്തിച്ചു വരുന്നു.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :17-ാമത് 'കേരള ബാംബു ഫെസ്റ്റ്' 16 മുതൽ 20 വരെ
Share your comments