ആലപ്പുഴ: ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന സുഭിക്ഷ കേരളം ജനകീയ മത്സ്യകൃഷി പദ്ധതി വഴി തുറവൂര്‍ ഫിഷറീസ് യൂണിറ്റിന്റെ പരിധിയിലെ വിവിധ പ്രദേശങ്ങളില്‍ നടത്തിയ മത്സ്യകൃഷികളുടെ വിളവെടുപ്പ് ആരംഭിച്ചു.
2020- 21 സാമ്പത്തിക വര്‍ഷത്തില്‍ ഫിഷറീസ് വകുപ്പ് നടപ്പാക്കിയ ജനകീയ മത്സ്യകൃഷി പദ്ധതിയിലെ നാടന്‍ മത്സ്യങ്ങളുടെ കൃഷി, തിലോപ്പിയ മത്സ്യകൃഷി, സമ്മിശ്ര കൃഷി, ശുദ്ധജല മത്സ്യകൃഷി, കൂട് കൃഷി, ചെമ്മീന്‍ കൃഷി, ഞണ്ട് കൃഷി എന്നിവയുടെ വിളവെടുപ്പാണ് ആരംഭിച്ചത്.
പദ്ധതി പ്രകാരം മത്സ്യ കര്‍ഷകര്‍ക്ക് ബണ്ട് നിര്‍മ്മാണം, കുളം ഒരുക്കല്‍, മത്സ്യത്തീറ്റ, മത്സ്യക്കുഞ്ഞുങ്ങള്‍ എന്നിവ 40% സബ്‌സിഡിയോടെയാണ് സര്‍ക്കാര്‍ നല്‍കുന്നത്. സുഭിക്ഷ കേരളം പദ്ധതി വഴി ബയോഫ്‌ലോക്കില്‍ ഗിഫ്റ്റ് തിലോപ്പിയ മത്സ്യ കൃഷി നടത്തിയ കര്‍ഷകര്‍ക്ക് തീറ്റയ്ക്കുള്ള സബ്‌സിഡിയും മത്സ്യക്കുഞ്ഞുങ്ങളുടെ അനുവദിനീയമായ തുകയുടെ 20 ശതമാനവും സര്‍ക്കാര്‍ സബ്‌സിഡിയായി നല്‍കി. തുറവൂര്‍ യൂണിറ്റിന് കീഴിലുള്ള തൈക്കാട്ടുശേരി, പട്ടണക്കാട്, കഞ്ഞിക്കുഴി ബ്ലോക്കുകള്‍ മത്സ്യകൃഷിയില്‍ വന്‍ നേട്ടമാണ് കൈവരിച്ചത്.
മത്സ്യകൃഷിക്കുള്ള തയ്യാറെടുപ്പ് മുതല്‍ ബണ്ട് നിര്‍മാണം, കുളമൊരുക്കല്‍, കുളത്തിന്റെ ആഴം കൂട്ടല്‍, വലവിരിക്കല്‍, വിത്ത് നിക്ഷേപം തുടങ്ങി വിപണനം വരെയുള്ള എല്ലാ കാര്യങ്ങള്‍ക്കും കര്‍ഷകര്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കി തുറവൂര്‍ ഫിഷറീസ് യൂണിറ്റിലെ ഉദ്യോഗസ്ഥരും ഒപ്പമുണ്ട്.
Share your comments