ഇന്ന് ചിങ്ങം ഒന്ന് കർഷകദിനം. കർക്കിടകത്തിന്റെ വറുതിയിൽ നിന്ന് സമ്പൽ സമൃദ്ധിയുടെ ദിവസങ്ങളിലേക്ക് കടക്കുന്ന പുതുവർഷ ആരംഭത്തിന് നാന്ദി കുറിക്കുന്ന ദിനം. ലോകമെങ്ങുമുള്ള മലയാളികൾ ചിങ്ങപുലരിയെ പുതുവർഷപ്പുലരിയായി കാണുന്നു. നമ്മുടെ വിളവെടുപ്പുത്സവമായ ഓണത്തെ വരവേൽക്കാൻ എല്ലാവരും ഒരുങ്ങി കഴിഞ്ഞിരിക്കുന്നു.
Today is Farmers' Day. Malayalees around the world see Chingapulari as New Year's dawn.
ചിങ്ങം ഒന്ന് പൊന്നോണ മാസത്തിന് തുടക്കം കുറിക്കുന്ന ഒരു ദിനം എന്നതിലുപരി മണ്ണിൽ പ്രയത്നിക്കുന്ന, മണ്ണിൻറെ മനസ്സറിയുന്ന കർഷകൻറെ കൂടി ദിവസമാണ്. ഓണം ടിവിയിലും, റസ്റ്റോറൻറ് ഫുഡുകളിലും ഒതുങ്ങുമ്പോൾ നാം മറന്നുപോകുന്ന ചിലതുണ്ട്. മലയാള മണ്ണിന് അന്യം നിന്നുപോയ കാർഷിക സംസ്കൃതി. നമ്മുടെ കാർഷിക പൈതൃകം.
ചിങ്ങമാസം കേരളത്തിൽ കൊയ്ത്തുകാലമായാണ് കണക്കാക്കുന്നത്. വിളഞ്ഞുനിൽക്കുന്ന നെന്മണികൾ വീട്ടുമുറ്റത്ത് കൊണ്ടുവന്ന് പറകളിൽ അളന്ന് പത്തായം നിറച്ചിരുന്ന കാലം. ഗൃഹാതുരത്വമുണർത്തുന്ന ആ നല്ല ഓർമ്മകൾ ഇന്നത്തെ തലമുറയ്ക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്നു.
കൊയ്ത്തുപാട്ട് ഈരടികളോ, പുതുമണ്ണിന്റെ ഗന്ധമോ ഇന്നത്തെ തലമുറയ്ക്ക് ആസ്വദിക്കാൻ കഴിയാതെ പോകുന്നു. കേരളം സ്വയംപര്യാപ്തത എന്ന ലക്ഷ്യം കൈവരിക്കാനുള്ള തയ്യാറെടുപ്പിലാണ് എന്നു പറയുമ്പോഴും കൃഷിയോട് ആഭിമുഖ്യം പുലർത്തുന്ന പുതുതലമുറയിൽപ്പെട്ട എത്ര പേർ നമുക്ക് ചുറ്റും ഉണ്ട്? വിരളമാണ്. കോവിഡ് എന്ന മഹാമാരിയുടെ പ്രതിഫലമായി കുറേപേർ കൃഷി സംബന്ധമായ മേഖലകളിലേക്ക് കഴിഞ്ഞവർഷത്തേക്കാൾ കടന്നു വന്നു എന്നത് യാഥാർഥ്യമാണ്. എന്നാൽ അന്തസ്സിന്റെ പേരിൽ കൃഷി എന്ന സാമൂഹിക ഉത്തരവാദിത്വത്തിൽ നിന്ന് പലരും പിന്നോട്ട് പോകുന്നു.
ഉഴുതുണ്ണുന്നവനെ തൊഴുതുണ്ണണം' എന്ന വാമൊഴി യാഥാർത്ഥ്യത്തിലേക്ക് എത്താൻ നമ്മൾ ഇനിയും കാത്തിരിക്കേണ്ടി വരുന്നു. പരിസ്ഥിതിസൗഹൃദ കാർഷിക സമ്പ്രദായങ്ങൾ കേരളത്തിൽ കാലികമായ ആസൂത്രണത്തോടെ നടപ്പിലാക്കേണ്ടതുണ്ട്. ചിങ്ങം ഒന്ന് കർഷകരെ ആദരിക്കാൻ നിരവധി ചടങ്ങുകൾ സംസ്ഥാനമൊട്ടാകെ നടക്കുന്നുണ്ട്. എന്നാൽ നമുക്ക് വേണ്ടത് കർഷകനെ മുഖ്യ സ്ഥാനത്തു നിർത്തിക്കൊണ്ടുള്ള വികസന സമീപനമാണ്. കൃഷി മുന്നോട്ടുവരുന്ന പുതിയ തലമുറയെ കാർഷിക സംരംഭകരാകാൻ നമ്മുടെ ഭരണസംവിധാനത്തിന് കഴിഞ്ഞിരിക്കണം.
അത്തരത്തിലുള്ള കർമപദ്ധതികൾ ആണ് ഇവിടെ വിഭാവന ചെയ്യേണ്ടത്. കൃഷി അധിഷ്ഠിത സംരംഭങ്ങളുടെ സാധ്യത കൃത്യമായി വിനിയോഗിക്കാൻ ഇനിയും നമ്മുടെ ഭരണസംവിധാനത്തിന് കഴിഞ്ഞിട്ടില്ല. പൂർണ്ണമായും ജൈവരീതിയിൽ കൃഷിയിറക്കി വിഷവിമുക്ത പച്ചക്കറികൾ ലഭ്യമാകുന്ന ഒരിടമായി കേരളം മാറേണ്ടതുണ്ട്. അത്തരത്തിലൊരു ജൈവകാർഷിക നയം ഇവിടെ നടപ്പിലാക്കണം. പ്രകൃതിയിലേക്കുള്ള മനുഷ്യന്റെ കടന്നുകയറ്റത്തിന് അറുതിവരുത്തി പ്രകൃതിയെ അതിൻറെ സ്വാഭാവികതയിൽ നിലനിർത്താനുള്ള നയങ്ങളാണ് കൊണ്ടുവരേണ്ടതുണ്ട്.
സ്ഥലപരവും, വിഭവപരവും, സാമൂഹ്യവുമായ ആസൂത്രണ പ്രക്രിയയിലൂടെ കാർഷിക സമുദായത്തെ അടിമുടി പരിഷ്കരിക്കുന്ന യജ്ഞത്തിൽ നമ്മളോരോരുത്തരും പങ്കുചേരണം. നമ്മുടെ നാടിൻറെ നട്ടെല്ലായ കൃഷിക്കുവേണ്ടി നാം എന്തു ചെയ്തു എന്ന് ഓരോരുത്തരും ആത്മപരിശോധന നടത്തേണ്ടത് അത്യന്താപേക്ഷിതമാണ്. കൃഷി സാമ്പത്തികമായി മെച്ചം ഉള്ളതും സാങ്കേതികവിദ്യകളാൽ സമ്പന്നവും ആകട്ടെ... കാർഷികവൃത്തിയുടെ ഒരു നല്ല നാളേക്കായി നമുക്ക് കാത്തിരിക്കാം.
Share your comments