ഇന്ന് ലോക മാതൃഭാഷാ ദിനം. സമൂഹത്തിൻറെ സംസ്കാരത്തെ കൂടി പ്രതിഫലിപ്പിക്കുന്ന ഒന്നാണ് ഭാഷ. 2000 മുതലാണ് ലോക മാതൃഭാഷാ ദിനാചരണം നടത്തുന്നത്. 1999 നവംബറിൽ ബംഗ്ലാദേശിന്റെ താൽപര്യപ്രകാരം ഫെബ്രുവരി 21 മാതൃഭാഷ ദിനമായി ആചരിക്കാനുള്ള പ്രഖ്യാപനം യൂനസ്കോ നടത്തുന്നു. 1952 ഫെബ്രുവരി 21 ന് ബംഗ്ലാദേശിലെ ബംഗാളി ഭാഷാ പ്രസ്ഥാനത്തിൻറെ സമരത്തിൽ ഉണ്ടായ പോലീസ് വെടിവെപ്പിൽ മരിച്ചവരുടെ സ്മരണയ്ക്ക് ബംഗ്ലാദേശ് ആചരിച്ചുവരുന്ന ഭാഷാ പ്രസ്ഥാന ദിനത്തിന് ഐക്യദാർഢ്യം കൂടിയാണ് ഈ ദിനാചരണത്തിലൂടെ സാധ്യമാകുന്നത്.
മനുഷ്യന് പെറ്റമ്മയെ പോലെ തന്നെയാണ് ഭാഷ. അത് നമ്മുടെ ശരീരത്തിൽ അലിഞ്ഞു ചേരുന്നു.
നമ്മുടെ മാതൃഭാഷ നമ്മുടെ വികാരം കൂടിയാണ്. ഭാഷയുടെ പുരോഗതിക്കും, അത് നമ്മുടെ നിത്യ വ്യവഹാരങ്ങളുടെ ഇടയിൽ ഊട്ടിയുറപ്പിക്കാനും ഉള്ള പദ്ധതികൾക്കുവേണ്ടി ശബ്ദം ഉയർത്തുവാനും ആണ് നാം ശ്രമിക്കേണ്ടത്. ആംഗലേയഭാഷ സംസാരിക്കുന്നതിന് മാത്രമല്ല, മാതൃഭാഷ പഠിച്ചവനാണ് സമൂഹത്തിൽ അവസരങ്ങളും ആദരവ് ലഭിക്കേണ്ടത്.
Today is World Mother Language Day. World Mother Language Day has been celebrated since 2000. In November 1999, UNESCO declared February 21 as Mother Language Day in the interest of Bangladesh.
വരും തലമുറ മലയാളത്തിൻറെ ഭംഗി ആവോളം ആസ്വദിക്കണം. മലയാളഭാഷയുടെ സമഗ്രതയിൽ ഞാൻ അഭിമാനിക്കാനും ആവേശം കൊള്ളാനും വരും തലമുറയ്ക്ക് കഴിയണം. മലയാളഭാഷയെ സമ്പന്നമാക്കുകയും, അകമഴിഞ്ഞ് സ്നേഹിക്കുകയും ചെയ്ത മഹാ കവികളെയും മഹാ സാഹിത്യകാരന്മാരെയും യുവതലമുറ അടുത്തറിയണം. കാരണം നമ്മുടെ ഭരണഭാഷയായി മലയാളത്തിലെ പ്രസക്തി ജീവിത വ്യവഹാരങ്ങളിൽ കുറഞ്ഞുപോയി എന്ന തോന്നൽ ആർക്കും ഉണ്ടാകരുത്. ഭാഷയുടെ വൈവിധ്യം, ഭാഷയുമായി ബന്ധപ്പെട്ട സംസ്കാരം എന്നിവയുടെ സംരക്ഷണത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ ബോധം ഉളവാക്കുന്ന തരത്തിൽ പദ്ധതികൾ ഇനിയും വിഭാവന ചെയ്യണം. പെറ്റമ്മയ്ക്ക് തുല്യമായ ഭാഷയെ നാം എവിടെയായാലും മറക്കരുത്. പാലൂട്ടി വാത്സല്യത്തോടെ വളർത്തുന്ന അമ്മയ്ക്ക് തുല്യമാണ് മലയാളം. ഈ അമ്മയുടെ കൈ പിടിച്ചാണ് നാം നവ ലോകത്തേക്ക് കാലെടുത്ത് വെക്കുന്നത്. മാതൃഭാഷയും മാതാവും ഭിന്നമല്ല. അക്ഷരങ്ങളിൽ നിന്ന് പദങ്ങളിലേക്കും പദങ്ങളിൽ നിന്ന് വാക്കുകളിലേക്കും ഭാഷ വളരുന്നു. കൂടെ നമ്മളും വളരുന്നു. ജീവിതത്തെ മുന്നോട്ട് നയിക്കുന്നത് വാക്കുകളാണ്. വാക്കുകൾ ആണ് നമ്മുടെ വെളിച്ചവും ശക്തിയും. പ്രൗഢവും പരിശുദ്ധവുമായ മലയാളഭാഷ നമ്മളെ ഈ മണ്ണിൽ നിലനിർത്തുന്ന അനുഭൂതിയാണ്. മലയാളവുമായുള്ള നമ്മുടെ വൈകാരികബന്ധം വാക്കുകൾക്കതീതമാണ്.
വശ്യമായ ശൈലിയും സൗന്ദര്യവും നിറഞ്ഞ മലയാളത്തെ നശിച്ചുപോകാതെ നിലനിർത്തേണ്ടത് നമ്മുടെ കടമയാണ്. മറ്റുള്ള ഭാഷകൾ സ്വഭാഷയിലൂടെ ഉൾക്കൊള്ളുവാൻ നാം തയ്യാറാകണം. മാതൃഭാഷാ പഠനത്തിന്റെ പ്രാധാന്യവും ആവശ്യകതയും മനസ്സിലാക്കി അതിന് പ്രാധാന്യം നൽകുന്ന, സ്വഭാഷയെ സ്നേഹിക്കുന്ന ഒരു തലമുറ ഇവിടെ ഉണ്ടാകട്ടെ..
Share your comments