ഇന്ന് അന്യം നിന്നുകൊണ്ടിരിക്കുന്ന തൊഴിലാണ് തെങ്ങ് ചെത്ത്. കഠിനമായ അധ്വാനവും തുച്ഛമായ വരുമാനവുമാണ് ജനങ്ങളെ ഈ തൊഴിലിൽ നിന്നും പിന്മാറ്റുന്നത്. എങ്കിലും കുലതൊഴിലായതു കൊണ്ട് ഈ തൊഴിൽ ചെയ്യുന്നവരുമുണ്ട്. അങ്ങനെയുള്ള ഒരാളെയാണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്.
കണ്ണൂർ ജില്ലയിലെ കൊയ്യം സ്വദേശിയായ തെങ്ങ് ചെത്ത് തൊഴിലാളിയായ സി.കെ.മോഹനൻ. നല്ല പ്രായത്തിൽ ആരംഭിച്ചതാണ് മോഹനൻ ഈ തൊഴിൽ. നല്ല കാലം മുഴുവൻ ഈ തൊഴിലാണ് ചെയ്തത്. അതുകൊണ്ട് ഇന്നും തുടരുന്നു.
ചെത്തുന്നതിനാവശ്യമായ ഉപകരണങ്ങൾ ഇവയാണ്. വീതിയുള്ള കത്തി, കോൽ ( കുല അടിച്ച് പാകമാക്കുന്നതിന് ഉപയോഗിക്കുന്നു. പശുവിന്റെ കൈ- കാലുകളിലെ അസ്ഥി ശേഖരിച്ച് മണ്ണിനടിയിൽ കുഴിച്ചിട്ട് അസ്ഥിക്കുള്ളിലെ മജ്ജ ദ്രവിച്ചശേഷം അതിനുള്ളിൽ ഈയം ഉരുക്കിയൊഴിച്ചാണ് ഇത് നിർമ്മിക്കുന്നത്), പിട്ടൽ(കത്തി നിലത്ത് വീഴാതെയും ശരീരത്തിൽ തൊടാതെയും വയ്ക്കുന്നതിനുപയോഗിക്കുന്ന ഉറ), ഒണ്ട (കുല കഴുകാനുള്ള വെള്ളം ശേഖരിക്കുന്ന പാത്രം), ചെരപ്പ (കള്ള് ശേഖരിക്കുന്ന കുടം), മാട്ടം (തെങ്ങിന് മുകളിൽ വയ്ക്കുന്ന മൺ കലം).
കള്ള് ശേഖരിക്കുന്ന രീതി ഇങ്ങനെയാണ്. പാകമായ കുല കോല് ഉപയോഗിച്ച് അടിച്ച് പാകമാക്കി ഓല കൊണ്ട് മുറുക്കി കെട്ടി വയ്ക്കുന്നു. 5 ദിവസത്തിന് ശേഷം കെട്ടഴിച്ച് കുലയുടെ പുറം തോട് ചെത്തി താഴെ ഭാഗം വീണ്ടും ഓല വച്ച് കെട്ടി കുലയിൽ ചരിച്ച് മാട്ടം വയ്ക്കുന്നു. ഓരോ നേരവും കുല കഴുകി മുകൾഭാഗം ചെത്തി മാറ്റണം. ഇങ്ങനെ ഒരാഴ്ച കഴിയുമ്പോൾ കള്ള് യഥേഷ്ടം ഉണ്ടായിത്തുടങ്ങും. ഒരു ദിവസം മൂന്ന് നേരമാണ് തെങ്ങിൽ കയറുന്നത്. ഇതിൽ രാവിലെയും അന്തിക്കുമാണ് കള്ള് ശേഖരിക്കുന്നത്. ഇത്തരത്തിൽ ആറ് മാസം വരെ ഒരു തെങ്ങ് ചെത്താം.
കള്ളിന് ദിനംപ്രതി വില കൂടുകയാണ് ചെയ്യുന്നത്. എന്നാൽ തെങ്ങിൽ കയറി കള്ള് ശേഖരിക്കുന്നവർക്ക് ലഭിക്കുന്നതോ വളരെ തുച്ഛമായ വരുമാനവും. ഗവർൺമെന്റിൽ നിന്നും കാര്യമായ സഹായങ്ങളൊന്നും ഇവർക്ക് ലഭിക്കുന്നില്ല. സർക്കാരിൽ നിന്ന് നല്ലൊരു കൈത്താങ്ങ് ലഭിച്ചെങ്കിൽ മാത്രമേ ഈ സമൂഹത്തിന് പിടിച്ച് നില്ക്കാൻ സാധിക്കു. ഇല്ലെങ്കിൽ അന്യം നിന്നുപോയ മറ്റ് കുലതൊഴിലുകൾ പോലെ ഈ തൊഴിലും ഇല്ലാതെയാകും.
Share your comments