പച്ചക്കറി-ഫലവര്‍ഗ്ഗ തൈ ഉത്പ്പാദനത്തില്‍ സ്വയം പര്യാപ്തത എന്ന ലക്ഷ്യവുമായി വിദഗ്ധ സംരംഭകരെ വാര്‍ത്തെടുക്കാന്‍ സി എം എഫ് ആര്‍ ഐ (CMFRI) യുടെ എറണാകുളം ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം (KVK) ഒരു മാസത്തെ പ്രത്യേക പരിശീലന കോഴ്സ് നടത്തുന്നു. നവംബര്‍ 12 മുതല്‍ ഡിസംബര്‍ 7വരെയാണ് കോഴ്‌സിന്റെ കാലാവധി.
ഭാരതീയ കാര്‍ഷിക നൈപുണ്യ വികസന കൗണ്‍സിലിന്റെ അംഗീകാരത്തോടെ നടത്തുന്ന കോഴ്സ് പൂര്‍ണമായും സൗജന്യമാണ്. തൈ ഉത്പ്പാദനത്തില്‍ ജില്ലയില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതോടൊപ്പം യുവതീ യുവാക്കള്‍ക്ക് വരുമാന മാര്‍ഗം ഉറപ്പാക്കുന്ന ഒരു സംരംഭമായി ഇതിനെ വളര്‍ത്തിയെടുക്കുക എന്നതുമാണ് ലക്ഷ്യം.
പ്രോട്രേയിലെ തൈ ഉത്പ്പാദനം, ഗുണമേന്മയുള്ള ഇനങ്ങളുടെ തിരഞ്ഞെടുക്കല്‍, കട്ടിങ് , ബഡിങ് , ഗ്രാഫ്റ്റിങ്, ലയറിങ്, ഗാര്‍ഡന്‍ ഡിസൈനിങ്, ഗ്രീന്‍ഹൗസുകളിലെ തൈ ഉത്പ്പാദനം, കുറ്റി കുരുമുളക് തൈ ഉത്പ്പാദനം, വെജിറ്റബിള്‍ ഗ്രാഫ്റ്റിങ് ടെക്നോളജി എന്നീ വിഷയങ്ങള്‍ക്ക് പുറമെ വിപണന കച്ചവട തന്ത്രങ്ങള്‍ തുടങ്ങിയ മേഖലയിലും പരിശീലനം നല്‍കുന്നതാണ്.
വിദ്യാഭ്യാസ യോഗ്യത, വയസ്സ് എന്നിവയ്ക്ക് പകരം പ്രസ്തുത മേഖലയിലുള്ള താത്പര്യവും പരിചയവും മാത്രമായിരിക്കും യോഗ്യത. യുവതീ യുവാക്കള്‍ക്ക് മുന്‍ഗണന ലഭിക്കും. അഭിമുഖം നടത്തി തെരഞ്ഞെടുക്കുന്നവര്‍ക്കു മാത്രമായിരിക്കും പ്രവേശനം. താല്പര്യമുള്ളവര്‍ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ വെബ്‌സൈറ്റില്‍ കൊടുത്തിരിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ചു നവംബര്‍ 7 നു മുന്‍പ് kvkernakulam@yahoo.co.in എന്ന വിലാസത്തില്‍ ഇ മെയില്‍ ചെയ്യുകയോ നേരിട്ട് സമര്‍പ്പിക്കുകയോ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8281757450 എന്ന നമ്പറില്‍ ബന്ധപ്പെടാം.
Share your comments