1. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഒക്ടോബർ മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. ഈ ആഴ്‌ചയിൽതന്നെ തുക പെൻഷൻകാരുടെ കൈകളിൽ എത്തുമെന്ന് ധനകാര്യമന്ത്രി ശ്രീ.കെ എൻ ബാലഗോപാൽ അറിയിച്ചു. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിലും മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തിച്ചും പെൻഷൻ തുക ഗുണഭോക്താക്കൾക്ക് ലഭ്യമാക്കും. ഓണത്തിന്റെ ഭാഗമായി മൂന്നു ഗഡു പെൻഷൻ വിതരണം ചെയ്‌തിരുന്നു. കഴിഞ്ഞ മാർച്ചു മുതൽ പ്രതിമാസ പെൻഷൻ വിതരണം ഉറപ്പാക്കിയിട്ടുണ്ടെന്നും ഈ സർക്കാർ കാലത്ത് ഇതുവരെ 32,100 കോടിയോളം രൂപയാണ് ക്ഷേമ പെൻഷനായി വിതരണം ചെയ്‌തതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
2. കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള തൃശ്ശൂർ കൃഷിവിജ്ഞാനകേന്ദ്രത്തിൽ 'കൃഷി അനുബന്ധ മേഖലകളിലെ പദ്ധതി രൂപരേഖ തയ്യാറാക്കൽ' (Detailed Project Report Preparation on Agriculture and Allied subjects) എന്ന വിഷയത്തിൽ 2024 ഒക്ടോബർ 29-ാം തീയതി ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താൽപര്യമുള്ളവർക്ക് രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെയുള്ള സമയങ്ങളിൽ 9400483754 എന്ന ഫോൺ നമ്പറിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.
3. ‘ദാന’ ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. കേരളത്തിലെ 4 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലും ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴക്കും സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ ‘ദാന’ ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചിട്ടുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് മഴ കനക്കുന്നത്.
Share your comments