വന്യമൃഗങ്ങളുടെ ശല്യം മറികടക്കാൻ ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലെ ആദിവാസികൾ നബാർഡിന്റെ നേതൃത്വത്തിൽ മഞ്ഞൾ ഗ്രാമം പദ്ധതി ആരംഭിച്ചു.
മഞ്ഞൾ, ഇഞ്ചി എന്നീ വിളകൾ വന്യമൃഗങ്ങൾ നശിപ്പിക്കാത്തതിനാലാണ് മഞ്ഞൾ കൃഷി വിപുലീകരിക്കാൻ നബാർഡ് പ്രത്യേക പദ്ധതി ഒരുക്കിയത്. 11,12,13 ബ്ലോക്കുകളിൽ 27 സ്വാശ്രയ ഗ്രൂപ്പ് നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദിവാസി വികസന ഫണ്ടിൽ നിന്ന് 2.60 കോടി രൂപ ഇതിനായി ഉപയോഗിക്കും.
കൃഷിക്കാവശ്യമുള്ള മഞ്ഞൾ വിത്ത് നബാർഡ് മുഖേന ആദിവാസികൾക്ക് സൗജന്യമായി എത്തിക്കുകയും ഉല്പാദിപ്പിച്ച മഞ്ഞൾ ഉയർന്ന വിലക്ക് സംഭരിക്കാൻ വിപണന കേന്ദ്രവും ആരംഭിക്കും. സംഭരിക്കുന്ന മഞ്ഞൾ ആറളം മഞ്ഞൾ എ ബ്രാൻഡിൽ പൊടിയാക്കി വിപണിയിൽ വിറ്റഴിക്കും. വിപണന കേന്ദ്രത്തിന് വേണ്ടി 11-ാം ബ്ലോക്കിലെ കക്കുവയലിൽ 15 സെന്റ് സ്ഥലം ആദിവാസി പുനരധിവാസ മിഷനിൽ നിന്ന് നല്കാൻ കലക്ടർ ഉത്തരവായി.
കഴിഞ്ഞ സീസണിൽ മേഖലയിൽ 400 ആദിവാസികൾക്ക് നബാർഡ് വക മഞ്ഞൾ വിത്ത് നല്കിയിരുന്നു. നിലവിൽ 17 ഏക്കറിൽ കൃഷിയുണ്ട്. ഇതര വിളകൾ കാട്ടുമൃഗങ്ങൾ നശിപ്പിക്കുമ്പോൾ ഇഞ്ചിയും മഞ്ഞളും നശിപ്പിക്കാറില്ല. ജീവനോപാധി പദ്ധതിയിൽ ആറളത്ത് നടീൽ വസ്തു നഴ്സറിയും ആട് ഗ്രാമം പദ്ധതിയും നടപ്പിലാക്കും. അഞ്ചു വർഷത്തെ പദ്ധതി നടത്തിപ്പ് ചുമതല സെൻട്രൽ ഫോർ റിസർച്ച് ആന്റ് ഡെവലപ്പ്മെൻറിനാണ്.
Share your comments