സാംസ്‌കാരിക വൈവിധ്യത്തിന്റെ നാടാണ് കേരളം. നമ്മുടെ തനതായ ഭക്ഷണരീതി, നാട്ടുവൈദ്യം, ആയുര്‍വേദ ചികിത്സ, നാടന്‍ കൃഷിരീതികള്‍, നാടന്‍ വിഭവങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് അറിയുവാനും രുചിച്ചുനോക്കാനും മനസ്സിലാക്കാനുമായി ഒരു പ്രദര്‍ശന വിപണനമേള പൈതൃകോത്സവം 2018' ത്തിന് തലസ്ഥാനനഗരം വേദിയാകുന്നു. പുത്തരിക്കണ്ടം മൈതാനിയില്‍ നടക്കുന്ന പ്രദര്‍ശന വിപണനമേള മാര്‍ച്ച് 17 മുതല്‍ 25 വരെയാണ്.
ആധുനിക കാലഘട്ടത്തിന് അന്യമായിക്കൊണ്ടിരിക്കുന്ന പൈതൃകവും സംസ്‌കാരവും വായനാശീലവും വീണ്ടെടുക്കുന്നതിലേക്കുള്ള ഒരുകാല്‍വെപ്പ് കൂടിയാണ് പൈതൃകോത്സവം. വഞ്ചിയൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പൈതൃകോത്സവ സമിതിയാണ് ഒമ്പതുദിവസം നീണ്ടുനില്‍ക്കുന്ന മേള സംഘടിപ്പിക്കുന്നത്.
ആധ്യാത്മിക പുസ്തകോത്സവം, ചക്കവിഭവങ്ങള്‍, ചുമര്‍ ചിത്രകലാപ്രദര്‍ശനം, നാട്ടുവൈദ്യം, ആയുര്‍വേദം, നാടന്‍ വിഭവങ്ങള്‍, ആദിവാസി വിഭവങ്ങള്‍, കാര്‍ഷിക വിളകള്‍, ഗോ ആധാരിക ഉത്പന്നങ്ങള്‍, കയര്‍-കൈത്തറി-കരകൗശല ഉത്പന്നങ്ങള്‍ എന്നിങ്ങനെ വിവിധ ഉത്പന്നങ്ങളുടെ പ്രദര്‍ശനവും മേളയില്‍ ഒരുക്കിയിരിക്കുന്നു. രാജസ്ഥാന്‍, ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള കൈത്തറി ഉത്പന്നങ്ങളുടെ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്.
ഭൗമസൂചികയില്‍ ഇടം നേടിയ ആറന്മുള കണ്ണാടിയും, കേരളത്തിന്റെ പ്രാചീന സംസ്‌കാരത്തിന്റെ പ്രതീകങ്ങളിലൊന്നായ പടയണിയും പൈതൃകോത്സവത്തിന്റെ പ്രധാന ആകര്‍ഷകണങ്ങളാണ്.
നാവില്‍ രുചിയൂറും ചക്കവിഭവങ്ങളാണ് മേളയുടെ മറ്റൊരാകര്‍ഷണം. പാല്‍, ചാണകം, ഗോമൂത്രം എന്നിവയില്‍ നിന്നും തയ്യാറാക്കിയ മരുന്നുകള്‍, സൗന്ദര്യവസ്തുക്കള്‍ മുതലായ മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ പ്രദര്‍ശനവും മേളയിലുണ്ടാകും. കാര്‍ഷിക പാരമ്പര്യം ,പൈതൃകം ,ചിത്രരചന ,നാടന്‍ കലാരൂപങ്ങള്‍ തുടങ്ങിയവയില്‍ സെമിനാറുകളും, ചര്‍ച്ചകളും മേളയുടെ ഭാഗമായി സംഘടിപ്പിക്കും.
Share your comments