വിപണിയിൽ പ്രതീക്ഷിച്ച വില ലഭിക്കാത്തതുമൂലം രണ്ട് ഏക്കർ സവാള വിളവെടുക്കും മുമ്പ് തന്നെ കർഷകൻ നശിപ്പിച്ചു. മുംബൈയിലെ നാസിക്കിലാണ് സംഭവം. മൊത്തവിപണിയിൽ നല്ല വില ലഭിക്കാത്തതിനെ തുടർന്ന് 200 ക്വിന്റൽ സവാളയാണ് സുനിൽ ബോർഗുഡെ എന്ന കർഷകൻ ട്രാക്ടർ കയറ്റിയിറക്കി നശിപ്പിച്ചത്. ചില്ലറ വിപണിയിൽ ഒരു കിലോ സവാളയ്ക്ക് 30 രൂപ വരെ വില ഈടാക്കുമ്പോൾ 5 മുതൽ 6 രൂപ വരെയാണ് കർഷകന് ലഭിക്കുന്നത്.
കൂടുതൽ വാർത്തകൾ: 512 കിലോ ഉള്ളി വിറ്റ കർഷകന് ലഭിച്ചത് '2 രൂപ'യുടെ ചെക്ക്
ഉൽപാദനച്ചെലവും മറ്റും കൂട്ടിയാൽ ഏകദേശം ഒന്നര ലക്ഷത്തോടളം രൂപ കൃഷിയ്ക്കായി ചെലവായെന്നും വിപണിയിൽ എത്തിക്കാൻ പിന്നെയും രണ്ട് ലക്ഷം കൂടി ചെലവാകുമെന്ന് സുനിൽ പറയുന്നു. മൊത്ത വിപണിയിൽ സവാള ക്വിന്റലിന് 500 മുതൽ 600 രൂപ വരെയാണ് ലഭിക്കുക. കഴിഞ്ഞ വർഷം മുതലാണ് പ്രശ്നം രൂക്ഷമായത്.
ഇടനിലക്കാരുടെ ചൂഷണം തടയാൻ സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് കർഷകർ ആരോപിക്കുന്നു. ഇതിനുമുമ്പ് മഹാരാഷ്ട്രയിലെ സോളാപൂരിലും കർഷകന്റെ ഗതികേട് തുറന്നുകാട്ടിയ സംഭവം വാർത്തയായിരുന്നു. 512 കിലോ ഉള്ളി വിറ്റ രാജേന്ദ്ര തുക്കാറാം ചവാന് മിച്ചം ലഭിച്ചത് 2 രൂപയാണ്. തന്റെ ഗ്രാമത്തിൽ നിന്നും 70 കിലോമീറ്റർ സഞ്ചരിച്ചാണ് ചവാൻ ഉള്ളി വിൽക്കാൻ സോളാപൂരിലെ മാർക്കറ്റിൽ എത്തിയത്. എന്നാൽ കിലോയ്ക്ക് ലഭിച്ചതോ 1 രൂപ. വാഹനക്കൂലി, ചുമട്ടുകൂലി, തൂക്കുകൂലി എന്നിവ ഒഴിച്ച് ചവാന്റെ കൈയിൽ ബാക്കി വന്നത് 2 രൂപ 49 പൈസയുടെ ചെക്ക്.
Share your comments