സുഗന്ധവ്യഞ്ജന കയറ്റുമതി ലക്ഷ്യമിട്ടുള്ള ഇന്ത്യയിലെ ആദ്യത്തെ വെർച്വൽ പ്ലാറ്റ്‌ഫോമായ‘Spice Xchange India', ഓൺലൈനായും അല്ലാതെയും കൊച്ചിയിൽ സംഘടിപ്പിച്ച സമ്മിശ്ര പരിപാടിയിൽ കേന്ദ്രവാണിജ്യ വ്യവസായ സഹമന്ത്രി സോം പ്രകാശ് ഇന്ന് (വ്യാഴാഴ്ച) ഉദ്ഘാടനം ചെയ്തു.
“മഹാമാരിയുടെ ഘട്ടത്തിലും ഇന്ത്യയുടെ കയറ്റുമതി വിഹിതത്തിൽ സുഗന്ധവ്യഞ്ജനങ്ങൾ മികച്ച സംഭാവനയാണ് നൽകിയതെന്ന്", പ്രസ്തുത സവിശേഷ പ്ലാറ്റ്‌ഫോം ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു. 180 ലധികം രാജ്യങ്ങളിലേക്ക് 225 വ്യത്യസ്ത സുഗന്ധവ്യഞ്ജനങ്ങളും സുഗന്ധവ്യഞ്ജന ഉത്പന്നങ്ങളും കയറ്റുമതി ചെയ്യുന്നതിലൂടെ ഇന്ത്യ ആഗോള സുഗന്ധവ്യഞ്ജന വിപണിയിൽ പ്രബലപങ്ക് വഹിക്കുന്നു.
കയറ്റുമതി വികസനവും പ്രോത്സാഹനവും മൂല്യവർദ്ധനയും ഗുണമേന്മ മെച്ചപ്പെടുത്തലും ഗവൺമെൻറ് പ്രത്യേക ഊന്നൽ നൽകുന്ന മേഖലകളാണെന്നും സ്പൈസസ് ബോർഡ് അവതരിപ്പിക്കുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോം കയറ്റുമതി വർധിപ്പിക്കുന്നതിനുള്ള സർക്കാർ ശ്രമങ്ങൾക്ക് വളരെയധികം ഊർജ്ജം പകരുമെന്നും ശ്രീ സോം പ്രകാശ് പറഞ്ഞു.
സ്‌പൈസസ് ബോർഡ് ആരംഭിച്ച spicexchangeindia.com, ഇന്ത്യയിൽ നിന്ന് സുഗന്ധവ്യഞ്ജനങ്ങൾ കയറ്റുമതി ചെയ്യുന്നവരെ, ലോകമെമ്പാടുമുള്ള ഉപഭോക്താക്കളുമായി, സ്ഥല, കാല, ഭാഷാ പരിമിതികൾ മറികടന്ന് ബന്ധിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള ഒരു 3D വെർച്വൽ പ്ലാറ്റ്‌ഫോമാണ്.
2021ൽ നമ്മുടെ അടുക്കളയിൽ നിന്നും വിദേശത്ത് എത്തിയവർ...
ഇന്ത്യയിൽ നിന്ന് സുഗന്ധവ്യഞ്ജനങ്ങൾ കയറ്റുമതി ചെയ്യുന്നവരെ ഉചിതമായ സുഗന്ധവ്യഞ്ജന ഉപഭോക്താക്കളുമായി ബന്ധിപ്പിക്കുന്നതിന് പോർട്ടൽ നിർമ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിദ്യ ഉപയോഗിക്കുന്നു.
പോർട്ടലിന്റെ ഡാറ്റാബേസ് ആക്‌സസ് ചെയ്യാനും സുഗന്ധവ്യഞ്ജന ഉത്പ ന്നങ്ങൾ വാങ്ങാനും വില്ക്കാനും സാധ്യതയുള്ളവരെ കണ്ടെത്താനും സൗകര്യമൊരുക്കിയിട്ടുണ്ട്. വരിക്കാർക്ക് അവരുടെ ഉപഭോക്താക്കളുമായി വെർച്വൽ യോഗങ്ങൾ ചേരാൻ പാകത്തിലുള്ള വിപുലീകൃത ഓഫീസായി പോർട്ടൽ പ്രവർത്തിക്കുന്നു.
Share your comments