ഈ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ കോവാക്‌സിന്‍ സ്വീകരിക്കരുത്
ഇന്ത്യയിൽ ജനുവരി 16 മുതൽ കോവിഡ് വാക്സിൻ വിതരണം ആരംഭിച്ചിരിക്കുകയാണ്.
രണ്ട് വാക്സിനുകളാണ് നിലവിൽ രാജ്യത്ത് ലഭ്യമാക്കിയിരിക്കുന്നത്. കോവിഷീൽഡ് വാക്സിനും കോവാക്സിനും. ഓക്സ്ഫോർഡ് ആസ്ട്രനെക്ക് വാക്സിനായ കോവിഷീൽഡ് ഉത്പാദിപ്പിക്കുന്നത് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ്.
ഭാരത് ബയോടെക് കമ്പനി ഉത്പാദിപ്പിക്കുന്ന കോവാക്സിൻ ആരൊക്കെ ഉപയോഗിക്കരുതെന്ന് കഴിഞ്ഞ ദിവസം കമ്പനി പുറത്തിറക്കിയ നിർദേശങ്ങളിൽ പറയുന്നുണ്ട്.
പ്രതിരോധശേഷി കുറഞ്ഞവർ അല്ലെങ്കിൽ, പ്രതിരോധശേഷി കുറയ്ക്കുന്ന തരത്തിലുള്ള മരുന്നുകൾ ഉപയോഗിക്കുന്നവർ,
അലർജിയുള്ളവർ, പനിയുള്ളവർ,
ബ്ലീഡിങ് ഡിസോർഡർ ഉള്ളവർ,
രക്തം കട്ടിയാവാത്ത അവസ്ഥയുള്ളവർ,
ഗർഭിണികൾ,
മുലയൂട്ടുന്ന അമ്മമാർ,
മറ്റ് ഗുരുതര രോഗങ്ങൾ ഉള്ളവർ,
മറ്റ് കോവിഡ് വാക്സിൻ സ്വീകരിച്ചവർ എന്നിവർ കോവാക്സിൻ എടുക്കരുതെന്ന് ഭാരത് ബയോടെക് കമ്പനി നിർദേശിക്കുന്നു. പ്രതിരോധശേഷിയെ അമർച്ച ചെയ്യാനുള്ള ഇമ്മ്യൂണോ സപ്രസന്റ് മരുന്നുകൾ ഉപയോഗിക്കുന്നവരും പ്രതിരോധശേഷി കുറവുള്ളവരും വാക്സിൻ എടുക്കേണ്ടതില്ല. കീമോതെറാപ്പി ചെയ്യുന്ന കാൻസർ രോഗികൾ, സ്റ്റിറോയ്ഡ് ഉപയോഗിക്കുന്ന എച്ച്.ഐ.വി. പോസിറ്റീവ് ആയി രോഗികൾ എന്നവരാണ് ഇമ്മ്യൂണോ സപ്രസന്റ് വിഭാഗത്തിൽപ്പെടുന്നത്.
വാക്സിൻ സ്വീകരിച്ചവരിൽ കുത്തിവെപ്പെടുത്ത സ്ഥലത്ത് വേദന, നീര് വരൽ, ചൊറിച്ചിൽ, ശരീരവേദന, തലവേദന, പനി, ക്ഷീണം, റാഷസ്, ഓക്കാനം, ഛർദി, മനപ്രയാസം തുടങ്ങിയ പാർശ്വഫലങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കമ്പനി പറയുന്നുണ്ട്.
വാക്സിൻ സ്വീകരിച്ച് എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടോയെന്നറിയാൻ 30 മിനിറ്റ് അവിടെ തന്നെ നിരീക്ഷണത്തിൽ കഴിഞ്ഞ് പ്രശ്നമില്ലെന്ന് ഉറപ്പ് വരുത്തണം.
വാക്സിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങൾ പൂർത്തിയായിട്ടില്ല. മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിലേക്ക് കടന്നിരിക്കുകയാണെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. കോവിഡ് 19 ന് എതിരെ ആന്റിബോഡികളെ ഉത്പാദിപ്പിക്കാനുള്ള കോവാക്സിന്റെ കഴിവ് തെളിയിക്കപ്പെട്ടിട്ടുണ്ട്. എങ്കിലും കാര്യക്ഷമത (clinical efficacy) ഉറപ്പുവരുത്താനുള്ള മൂന്നാംഘട്ട ക്ലിനിക്കൽ ട്രയലുകൾ നടക്കുകയാണ്.
അതിനാൽ തന്നെ വാക്സിൻ സ്വീകരിച്ചാലും മാസ്ക് ധരിക്കലും കൈകൾ ശുചിയാക്കലും ഉൾപ്പടെയുള്ള കോവിഡിനെ പ്രതിരോധിക്കാനുള്ള കാര്യങ്ങൾ തുടരണമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
Share your comments