തിരുവനന്തപുരം: കേരള സർക്കാർ കൃഷി വകുപ്പ് സംഘടിപ്പിച്ച വൈഗ 2023 സമാപന വേദിയിൽ വൈഗ മാധ്യമ പുരസ്കാരങ്ങൾ വിതരണം ചെയ്തു. വൈഗ 2023ന് മികച്ച രീതിയിൽ പ്രചരണം നൽകിയ മികച്ച ഓൺലൈൻ വാർത്താമാധ്യമമായി കൃഷി ജാഗരണിനെ തെരഞ്ഞെടുത്തു. പത്ര മാധ്യമങ്ങളായ മാതൃഭൂമിക്കും ജനയുഗത്തിനും പുരസ്കാരങ്ങൾ കൈമാറി. മികച്ച പത്ര റിപ്പോർട്ടറായി കേരളകൗമുദി റിപ്പോർട്ടർ ആയ കെ എസ് സുജിലാലിനെ തെരഞ്ഞെടുത്തു. മികച്ച വിഷ്വൽ മീഡിയയായി മീഡിയ വൺ ചാനലിനെയും, മികച്ച എഫ് എം ചാനലായി ക്ലബ് 94.3യെയും തെരഞ്ഞെടുത്തു. വിജയികൾക്ക് സമ്മാനദാനം മന്ത്രിമാർ നൽകി.
വൈഗയെക്കുറിച്ച്
സംസ്ഥാനത്തെ കാർഷിക ഉത്പന്നങ്ങളുടെ സംസ്കരണം, മൂല്യവർദ്ധനവ്, വ്യാപനം എന്നീ മേഖലകളുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് കർഷകർക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പ് വരുത്തുന്നതിനും പൊതു സംരംഭകരെ കാർഷിക മേഖലയിലേക്ക് ആകർഷിക്കുന്നതിനും ലക്ഷ്യമിട്ട് കൃഷി വകുപ്പ് ആരംഭിച്ച പദ്ധതിയാണ് ‘വൈഗ’. 2016 ലാണ് ഈ പദ്ധതിയുടെ തുടക്കം.
ബന്ധപ്പെട്ട വാർത്തകൾ: തെങ്ങ് കയറുന്ന റോബട്ടിന് വൈഗ 2023 ഹാക്കത്തോണിൽ ഒന്നാം സമ്മാനം
കാർഷിക മേഖലയിലെ അത്യാധുനിക സങ്കേതങ്ങൾ കർഷകരെയും പൊതുജനങ്ങളെയും പരിചയപ്പെടുത്തുന്നതിന് കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന ‘വൈഗ 2023’ കാർഷിക പ്രദർശനം ഫെബ്രുവരി 25 നാണ് ആരംഭിച്ചത്. കാർഷികമേഖലയിൽ മൂല്യവർധിത ശൃംഖലയുടെ വികസനമാണ് മേള ലക്ഷ്യമിടുന്നത്. കാർഷിക പ്രദർശനം, ശില്പശാലകൾ, ബിസിനസ് മീറ്റുകൾ, അഗ്രി ഹാക്കത്തൺ, ഡി.പി.ആർ. ക്ലിനിക്ക് എന്നിവ മേളയുടെ ഭാഗമായിട്ടുണ്ടായിരുന്നു.
കൃഷി ജാഗരണെ കുറിച്ച്
കൃഷി അറിവുകൾ പങ്കുവക്കുന്നതിന് മാധ്യമമേഖലയിൽ മുൻപന്തിയിൽ ചുവടുറപ്പിച്ച മാധ്യമമാണ് കൃഷി ജാഗരൺ. 26-ാം വയസ്സ് പൂർത്തിയാക്കിയ കൃഷി ജാഗരൺ 12 ഭാഷകളിലായി പ്രസിദ്ധീകരിക്കുന്ന മാഗസീന് പുറമെ, ഈ ഭാഷകളിൽ വെബ്സൈറ്റുകളും, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ തുടങ്ങി സമൂഹമാധ്യമങ്ങളിൽ പേജുകളും, യൂട്യൂബ് ചാനലുകളുമായി സജീവമായി മുന്നേറുകയാണ്.
1996 സെപ്തംബർ 5ന്, ശ്രീ എം.സി ഡൊമിനിക് ഈ മാധ്യമസ്ഥാപനത്തിന് തുടക്കം കുറിയ്ക്കുമ്പോൾ അത് കാർഷിക രംഗത്തും മാധ്യമമേഖലയിലും നവീനമായ ചുവടുവയ്പ്പായിരുന്നു. കർഷകന് ലഭ്യമാകേണ്ട വിവരങ്ങളും സേവനങ്ങളും അറിയുന്നതിനും, കാർഷിക മേഖലയിലെ വർത്തമാനം പൊതുസമൂഹത്തിന് ബോധ്യമാകുന്നതിനും, കാലം വളരും തോറും മാറ്റങ്ങളെ ഒപ്പം കൂട്ടി കൃഷി ജാഗരണും വളർന്നു.
Share your comments