സംസ്ഥാന തലസ്ഥാനത്ത്, മലയോര മേഖല ഉൾപ്പെടുന്ന 11 പഞ്ചായത്തുകളെ ഉൾപ്പെടുത്തിക്കൊണ്ട് സംഘടിപ്പിച്ച വനസൗഹൃദ സദസ്സ് പരിപാടി, ജനസാന്നിധ്യം കൊണ്ടും മലയോര ജനതയുടെ മനസ്സ് തൊട്ടറിഞ്ഞ ജനസൗഹൃദ സദസ്സായി മാറി. തിരുവനന്തപുരം ജില്ലയിലെ അരുവിക്കര, പാറശാല, വാമനപുരം നിയോജക മണ്ഡലങ്ങളിലെ ജനങ്ങൾക്കാണ് വന സൗഹൃദ സദസ്സിലൂടെ പരിഹാരം ലഭിച്ചത്. വനമേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ നഷ്ടപരിഹാരമായി 67.18 ലക്ഷം രൂപ വനസൗഹൃദ സദസ്സിലൂടെ നൽകി.
ആര്യനാട് വി.കെ ഓഡിറ്റോറിയത്തിൽ നടന്ന വന സൗഹൃദ സദസ്സ് പരിപാടി, ത്രിതല പഞ്ചായത്ത് പ്രതിനിധികളുമായുള്ള ചർച്ചയോടെ ആരംഭിച്ചു. ജി സ്റ്റീഫൻ എംഎൽഎ അധ്യക്ഷനായ യോഗത്തിൽ, കേരള സംസ്ഥാന വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വനയോര മേഖലയിലെ വന്യമൃഗ ശല്യം, നഷ്ടപരിഹാരങ്ങൾ, മേഖലയിലെ റോഡുമായി ബന്ധപ്പെട്ട വിഷയങ്ങൾ തുടങ്ങിയ കാര്യങ്ങൾ ത്രിതല പഞ്ചായത്ത് പ്രതിനിധികൾ യോഗത്തിൽ ഉന്നയിച്ചു.
വന്യജീവികളുടെ ആക്രമണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അതിവേഗം നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജനങ്ങൾക്ക് ഉറപ്പ് നൽകി. ജനത്തെ മറന്നുകൊണ്ടുള്ള വനസംരക്ഷണമോ വനത്തെയും വന്യമൃഗങ്ങളെയും മറന്നുകൊണ്ടുള്ള മനുഷ്യസംരക്ഷണമോ സര്‍ക്കാര്‍ നയമല്ല എന്ന് മന്ത്രി വ്യക്തമാക്കി. വന്യജീവി ആക്രമണത്തിന് ഇരയായവര്‍ക്കുള്ള നഷ്ടപരിഹാരം അതിവേഗം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും, നഷ്ടപരിഹാരതുക വര്‍ധിപ്പിക്കുന്നതിനായി മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ് എന്നും മന്ത്രി കൂട്ടിച്ചേർത്തു.
ത്രിതല പഞ്ചായത്ത് പ്രതിനിധികളുമായുള്ള യോഗത്തിനുശേഷം നടന്ന പൊതുസമ്മേളനം മന്ത്രി എ. കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജി. സ്റ്റീഫൻ എംഎൽഎ അധ്യക്ഷനായിരുന്ന ചടങ്ങിൽ എംഎൽഎമാരായ സി. കെ ഹരീന്ദ്രൻ, ഡി. കെ മുരളി എന്നിവരും ചടങ്ങിൽ സന്നിഹിതരായി. ജില്ലാ കളക്ടർ ജെറോമിക് ജോർജ് വിവിധ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ബന്ധപ്പെട്ട വാർത്തകൾ: മുന്നറിയിപ്പ്: വേനൽചൂട്, പകൽ 11 മുതൽ 3 വരെ സൂര്യപ്രകാശം നേരിട്ട് ഏൽക്കരുത്
Pic Courtesy: Facebook
Source: prd.kerala.gov.in
Share your comments