തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കൊഞ്ചിറവിള സർക്കാർ യു. പി.എസിൽ സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയിലുൾപ്പെടുത്തി നവീകരിച്ച വർണ്ണക്കൂടാരം മാതൃകാ പ്രീ പ്രൈമറി കുട്ടികൾക്കായി തുറന്നുകൊടുത്ത് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. സംസ്ഥാനത്തെ എല്ലാ പ്രീ - പ്രൈമറി സ്‌കൂളുകളും മാതൃകാ പ്രീ - പ്രൈമറികളാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ഇതിനോടകം നാനൂറോളം വർണ്ണകൂടാരങ്ങൾ ഉദ്ഘാടനം ചെയ്തതായും മന്ത്രി പറഞ്ഞു.
കുട്ടികളുടെ ജിജ്ഞാസ, സർഗാത്മകത, വിമർശനാത്മക ചിന്താശേഷി എന്നിവയെ ഉത്തേജിപ്പിക്കുന്ന, പ്രായത്തിനനുസൃതമായ പഠനാനുഭവങ്ങൾ വർണ്ണക്കൂടാരത്തിലൂടെ കുട്ടികൾക്ക് തുറന്നുകാട്ടുകയാണെന്നും മന്ത്രി വ്യക്തമാക്കി. പരമ്പരാഗത ക്ലാസ് റൂം അധ്യാപനത്തിനപ്പുറം, കളിയെ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങളിലൂടെ പഠിക്കാനുള്ള അന്തരീക്ഷം വളർത്തുന്ന ഒരു ശിശു കേന്ദ്രീകൃത സമീപനമാണ് വർണ്ണകൂടാരത്തിലൂടെ സ്വീകരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കുഞ്ഞുങ്ങളുടെ സർവ്വതോന്മുഖമായ വികാസം ലക്ഷ്യമിട്ട് സ്വതന്ത്ര പഠനത്തിനും ആവിഷ്‌കാരത്തിനും അവസരങ്ങൾ നൽകുന്ന ഹരിതയിടം, പുറം കളിയിടം, അകം കളിയിടം, ഭാഷാ വികാസ ഇടം, ഭാഷായിടം, കരകൗശലയിടം, സംഗീതയിടം, സെൻസറി ഇടം, ഇ- ഇടം, ഗണിത ഇടം, വരയിടം, കുഞ്ഞരങ്ങ്, ആട്ടവും പാട്ടും എന്നിങ്ങനെ പതിമൂന്ന് ഇടങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. കുട്ടികളുടെ കണ്ണും മനസ്സും നിറയ്ക്കുന്ന ജലാശയങ്ങൾ, പൂന്തോട്ടം, മാൻ, മയിൽ, മുയൽ, കിളികൾ തുടങ്ങി നിരവധി കാഴ്ചകളാണ് പുറം കളിയിടത്തിലും ഹരിതിയിടത്തിലുമായി ഒരുക്കിയിരിക്കുന്നത്.
സ്റ്റാർസ് പദ്ധതി അനുവദിച്ച 10 ലക്ഷം രൂപയാണ് വർണ്ണകൂടാരത്തിനായി വിനിയോഗിച്ചത്.
നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശരണ്യ എസ്.എസ് അധ്യക്ഷത വഹിച്ചു. സ്‌കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, പ്രധാനാധ്യാപിക ഉദയകുമാരി എം.ജെ, സമഗ്ര ശിക്ഷ കേരളം ജില്ലാ കോർഡിനേറ്റർ എസ്. ജവാദ്, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവരും പങ്കെടുത്തു.
Share your comments