തിരുവനന്തപുരം കനകക്കുന്നിൽ നടന്നുവരുന്ന വസന്തോത്സവക്കാഴ്ച ജനങ്ങളെ ആകർഷിക്കുന്നു. പതിനായിരക്കണക്കിന് ആളുകളാണു പുഷ്പമേള ആസ്വദിക്കാനെത്തുന്നത്. ഡിസംബർ 21, 2019 മുതല്‍ ജനുവരി 3, 2020 വരെയാണ് സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ വസന്തോത്സവം 2019-2020 സംഘടിപ്പിക്കുന്നത് . വൈവിധ്യമാര്‍ന്ന പുഷ്‌പമേള, കാര്‍ഷികോത്‌പന്നങ്ങളുടെ പ്രദര്‍ശനവിപണനമേള, ഔഷധഅപൂര്‍വ്വ സസ്യങ്ങളുടെ പ്രദര്‍ശനം, ആദിവാസി ജീവിതത്തിന്റെ നേര്‍ക്കാഴ്‌ച, ഭക്ഷ്യമേള എന്നിവ മേളയുടെ ഭാഗമാണ്. കനകക്കുന്ന് കൊട്ടാരവും പരിസരവും, നിശാഗന്ധി, സൃര്യകാന്തി എന്നീ വേദികളിലാണ് വസന്തോത്സവം അരങ്ങേറുന്നത് .വിവിധയിനം ഓർക്കിഡുകൾ, ടെറേറിയം,കൊക്കോഡാമ, ജലസസ്യങ്ങൾ എന്നിവ ആസ്വദിക്കാൻ നിരവധി ആളുകളാണ്എത്തുന്നത്. പൂക്കളും പൂച്ചെടികളും ചേരുന്ന സസ്യലോകത്തിന്റെ മാസ്മരിക കാഴ്ചകൾക്കൊപ്പം കൊതിയൂറുന്ന ഭക്ഷ്യമേളയും ആസ്വാദകരെ വരവേൽക്കുന്നു.
കാര്‍ഷിക വിപണനമേള
സംസ്ഥാന ക്യഷിവകുപ്പിന്റെയും അനുബന്ധ സ്ഥാപനങ്ങളുടേയും പ്രദര്‍ശനം. അത്യുല്‍പാദന ശേഷിയുള്ള കാര്‍ഷിക വിളകളുടേയും, കാര്‍ഷിക ഉപകരണങ്ങളുടേയും പ്രദര്‍ശനവും വില്‍പനയും മേളയുടെ ഭാഗമായി ഉണ്ടായിരിക്കും. കാര്‍ഷിക നഴ്സറികള്‍ക്കു പുറമേ ജൈവവളങ്ങള്‍, വിത്തുകള്‍ തുടങ്ങിയവയും ലഭ്യമാകും. സംസ്ഥാന ഔഷധ സസ്യ ബോര്‍ഡും, ജവഹര്‍ലാല്‍ നെഹ്രു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡനും പ്രദര്‍ശനങ്ങളുമായി എത്തുന്നു. ചുറ്റുപാടുകളിലുള്ള ചെടികളെ മനസ്സിലാക്കാനും അവയെ ഔഷധമായി ഉപയോഗപ്പെടുത്തുവാനുമുള്ള പരിശീലനവും ഉണ്ടായിരിക്കും.
ഗോത്രവര്‍ഗ്ഗ ജീവിത നേര്‍കാഴ്ച
പാരമ്പര്യ വൈദ്യത്തിന്റെയും ഗോത്രവര്‍ഗ്ഗ ഭക്ഷണത്തിന്റെയും ചൂരും ചൊരുക്കും നേരിട്ടറിയുവാന്‍ സുവര്‍ണ്ണാവസരം. ആചാരങ്ങളുടേയും, അനുഷ്ഠാനങ്ങളുടേയും, വാദ്യങ്ങളുടേയും ചിലമ്പൊലികള്‍ തുടികൊട്ടുമായി കനകക്കുന്നിലേക്കിറങ്ങുന്നു.നാട്ടുഗദ്ദികയും, കാര്‍ഷിക പാരമ്പര്യവും മറ നീക്കി പുറത്തേയ്ക്ക് എത്തുന്നു.
വസന്തോത്സവത്തോടനുബന്ധിച്ച് കനകക്കുന്നില്‍ 'തേന്‍കൂട്' സംഘടിപ്പിക്കുന്നു. തേന്‍കൂടുകള്‍, വിവിധതരം തേനീച്ചകള്‍, ശാസ്‌ത്രീയമായ തേനീച്ച പരിപാലനം, തേന്‍ ശേഖരണം, ഇവയെല്ലാം നേരില്‍ കാണുന്നതിനും അറിയുന്നതിനുമുള്ള സുവര്‍ണ്ണ അവസരം.വസന്തോത്സവത്തിന്റെ ഭാഗമായി അഡാക്ക്, ഫിര്‍മ, മത്സ്യകര്‍ഷക വികസന ഏജന്‍സി, തിരുവനന്തപുരം എന്നിവര്‍ ചേര്‍ന്ന് സംയുക്തമായി അക്വാ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നു. ശുദ്ധജല അക്വേറിയം, അക്വാപോണിക്‌സ് ഡെമോണ്‍സ്‌ട്രേഷന്‍ എന്നിവ ഇതിനോടനുബന്ധച്ച് സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ അലങ്കാര മത്സ്യങ്ങളുടെ വില്‌പനയും ഉണ്ടായിരിക്കും.
കേരളത്തിന്റെ തനതു രുചി നുകരാൻ വലിയ തിരക്കാണ് കഫേ കുടുംബശ്രീയുടെ നേതൃത്വത്തിൽ സജ്ജമാക്കിയിരിക്കുന്നു. കനകക്കുന്നിന്റെ നടവഴി അവസാനിക്കുന്ന സൂര്യകാന്തിയിലാണ് നാവിൽ വെള്ളമൂറുന്ന ഭക്ഷ്യമേള നടക്കുന്നത്.നാടൻ-അട്ടപ്പാടി-മലബാറി രുചികൾ ആസ്വദിക്കാൻ വൻ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. ചിക്കൻ ഉലർത്തിയത്, ബീഫ് ഉലർത്തിയത്, കരിഞ്ചീരക കോഴി, പുതിയാപ്ല ചിക്കൻ, വനസുന്ദരി, കപ്പ-മീൻകറി എന്നിവയ്ക്കാണ് ആവശ്യക്കാരേറെ. ചിക്കൻ മോമോസ്, ഉന്നക്കായ, പഴം നിറച്ചത്, കായപ്പം, മസാല ബോണ്ട എന്നീ ലഘുവിഭവങ്ങളും ചട്ടിപത്തിരി, ബട്ടൂര, പെറോട്ട എന്നിവയും സ്റ്റാളിൽ ലഭിക്കും.പൊറോട്ട-ബട്ടൂര-ചിക്കൻ കറി/ ചിക്കൻ ചില്ലി കോബോയ്ക്കും ഹാഫ് ബിരിയാണി-പൊറോട്ട-ചിക്കൻ ഉലർത്തിയത് കോംബോയ്ക്കും 150 രൂപയാണ് വില. കരിഞ്ചീരക കോഴിക്ക് 130 രൂപയും വനസുന്ദരിക്ക് 120 രൂപയും നൽകണം.
ജനുവരി മൂന്നുവരെയാണ് മേള. രാവിലെ പത്തുമുതൽ വൈകിട്ട് എട്ടുവരെയാണ് പ്രവേശനം.
Share your comments