തൃശ്ശൂർ: നൂലുവള്ളി വിഎഫ്പിസികെ സ്വാശ്രയ കർഷക സമിതിയുടെ ചിരകാല സ്വപ്നമായിരുന്ന വിപണി മന്ദിരം യാഥാർത്ഥ്യമായി. കാർഷിക വികസന കർഷകക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ് മന്ദിരോദ്ഘാടനം ഓൺലൈനായി നിർവഹിച്ചു.
സംസ്ഥാനത്തിന്റെ കാർഷികരംഗത്ത് രാജ്യത്ത് തന്നെ അഭിമാനകരമായ മുന്നേറ്റമാണ് കഴിഞ്ഞ വർഷങ്ങളിൽ നടത്തിയതെന്ന് ഉദ്ഘാടന പ്രഭാഷണത്തിൽ മന്ത്രി പി പ്രസാദ് പറഞ്ഞു. 2020- 2022 കാലയളവിൽ 0.24 ശതമാനമായിരുന്ന കാർഷിക വളർച്ച നിരക്ക് 2021-2022 ൽ 4.64 ശതമാനമായി ഉയർന്നു. ഈ വളർച്ച കാർഷിക മേഖലയിലെ വലിയ കുതിപ്പിനെ സൂചിപ്പിക്കുന്നതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വിഎഫ്പിസികെ നിർമ്മിച്ചു നൽകിയ രണ്ടുനിലകളിലായുള്ള മന്ദിരമാണ് വിപണന കേന്ദ്രമായി തുറന്നത്. ഓഫീസ് മുറി, ഹാൾ, സാധനങ്ങൾ സൂക്ഷിച്ച് വയ്ക്കാനുള്ള താൽക്കാലിക ഷെഡ് എന്നിവയാണ് നിലവിലെ മന്ദിരത്തിൽ ഉള്ളത്. പ്രദേശത്തെ കർഷകർ ദാനം ചെയ്തതടക്കം 17 സെൻറ് സ്ഥലത്ത് ആണ് 28 ലക്ഷം രൂപയുടെ പദ്ധതിയായി വിപണന മന്ദിരം ഉയർന്നത്. താൽക്കാലിക ഷെഡിന് പകരമായി സാധനങ്ങൾ സൂക്ഷിക്കാനുള്ള ഷെഡിനായുള്ള 10ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
13 വർഷം മുൻപാണ് കർഷകർക്ക് സ്വന്തം ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ ഒരു വിപണന കേന്ദ്രമെന്ന ആശയത്തിലേക്ക് എത്തുന്നത്. പിന്നീട് 9 വർഷം മുമ്പ് സ്വാശ്രയ കർഷകസമിതിയായി രൂപം കൊണ്ടു. പ്രവർത്തനങ്ങൾ മികവുറ്റതായി വന്നതോടെ 200 ഓളം കർഷകർ സമിതിയുടെ ഭാഗമായി. പ്രതിവർഷം 800 ടൺ പഴം പച്ചക്കറി വിറ്റഴിച്ച് രണ്ടുകോടി വിറ്റുവരവ് ലഭിക്കുന്ന കേന്ദ്രമായി നൂലുവള്ളി സ്വാശ്രയ കർഷക സമിതി രൂപം കൊണ്ടു.
കെ കെ രാമചന്ദ്രൻ എംഎൽഎ ചടങ്ങിൽ അധ്യക്ഷനായി. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ആർ രഞ്ജിത്ത്, മറ്റത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അശ്വതി വിബി, ജില്ലാ പഞ്ചായത്ത് അംഗം വി എസ് പ്രിൻസ്, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Share your comments