ആലപ്പുഴ: ഏപ്രിൽ രണ്ടിന് മുമ്പ് വരണാധികാരിക്ക് ലഭിച്ച ഫോം 12 ഡി പ്രകാരമുള്ള 85 വയസ്സിനു മുകളിൽ പ്രായമുള്ള മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ എന്നിവരുടെ ബാലറ്റ് പേപ്പറുകൾ അവരുടെ വീടുകളിൽ എത്തിച്ച് വോട്ട് ചെയ്യുന്നതിനുള്ള ക്രമീകരണം ജില്ലയിൽ തുടങ്ങി.
ഉപ വരണാധികാരി തലത്തിലാണ് പ്രക്രിയകൾ നടക്കുക. ഇതിനായി നിയോഗിച്ച പ്രത്യേക പോളിംഗ് സംഘങ്ങളുടെ ആദ്യ ഘട്ട ഭവനസന്ദർശനം ഏപ്രിൽ 16,17,18,19 തീയതികളിൽ നടക്കും. ഇതിൻറെ രണ്ടാംഘട്ടം ഏപ്രിൽ 20 മുതൽ 25 വരെയാണ് നടക്കുക.
വോട്ടർപട്ടികയിൽ 85 വയസ്സ് പൂർത്തിയായവർക്കും പിഡബ്ല്യുഡി ആയി മാർക്ക് ചെയ്തവർക്കും അപേക്ഷയോടൊപ്പം ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് ഹാജരാക്കിയവർക്കും മാത്രമാണ് ഈ അവസരം ലഭിക്കുന്നത്. ഒരു നിയോജക മണ്ഡലത്തിൽ കുറഞ്ഞത് 12 സംഘങ്ങളെ ഇതിനായി സജ്ജമാക്കിയിട്ടുണ്ട.് ഇത്തരത്തിൽ 101 സംഘങ്ങൾ ജില്ലയിൽ സജ്ജമായതായി ജില്ല ഇലക്ഷൻ ഓഫീസർ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു. ഒരു സംഘത്തിൽ ഓരോ മൈക്രോ ഒബ്‌സർവർ, പോളിങ് ഓഫീസർ, പോലീസ് ഓഫീസർ, ബി.എൽ.ഓ, വീഡിയോ ഗ്രാഫർ എന്നിവരാണ് ഉണ്ടാകുക.
വോട്ട് ചെയ്യിക്കാനായി ഭവന സന്ദർശനത്തിന് വരുന്നതിനുമുമ്പ് ബന്ധപ്പെട്ടവർക്ക് എസ് എം എസ് മുഖേനയും അതത് ബി.എൽ.ഓ മാരെ തലേന്നും അറിയിക്കും. ഭവന സന്ദർശനത്തിനുള്ള ഓരോ സംഘത്തിന്റെയും റൂട്ട് മാപ്പ് രാഷ്ട്രീയ കക്ഷി പ്രതിനിധികളെയും അറിയിക്കും.
Share your comments