
കൃഷിപ്പണികളിലെ സമയം ലാഭിക്കാൻ കർഷകർക്ക് വാട്ടർ നെറ്റ്വർക്ക് കണക്ഷൻ ഒരുക്കുകയാണ് നെടുമ്പാശ്ശേരി പാറക്കടവ് ബ്ലോക്ക്. ഓരോ കർഷകനും സ്വന്തം കൃഷിയിടത്തിലേക്ക് പൈപ്പ് കണക്ഷൻ നൽകുകയാണ് വാട്ടർ നെറ്റ്വർക്ക് കണക്ഷൻ. കർഷകർക്ക് കൃഷിക്കാവശ്യമായ വെള്ളം ഏതു സമയത്തും ഇതുവഴി ലഭ്യമാകും. കൃഷിപ്പണികളിലെ സമയം ലാഭിച്ച് കൂടുതൽ എളുപ്പമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ബ്ലോക്കിനു കീഴിൽ പുതിയതായി നിർമ്മിച്ച ജലസേചന പദ്ധതികളിലെല്ലാം നെറ്റ് വർക്ക് കണക്ഷനുകളാണ് ഉപയോഗിച്ചിരിക്കുന്നത്. കൂടുതൽ സമ്മർദ്ദത്തിൽ വെള്ളം നിറഞ്ഞു നിൽക്കുന്ന വലിയ പൈപ്പുകളിൽ നിന്നുമാണ് ഓരോ കർഷകനുമുള്ള പൈപ്പ് ലൈനിലേക്ക് കണക്ഷൻ കൊടുക്കുന്നത്. ഇതുവഴി ഇഷ്ടമുള്ള സമയത്ത് കൃഷിയിടം നനയ്ക്കാനാകും. ചാലുകീറി വെള്ളം കൊണ്ടു പോകേണ്ട ആവശ്യം വരുന്നില്ല. സമയവും പ്രയത്നവും ലാഭിക്കാം. കനാല് വഴി വരുന്ന വെള്ളം ഒരേ സമയം ഒരാൾക്ക് മാത്രമാണ് ഉപയോഗിക്കാൻ കഴിയൂ. എന്നാൽ നെറ്റ് വർക്ക് വഴി ഒരേ സമയത്ത് മുഴുവൻ പേർക്കും വെള്ളം ഉപയോഗിക്കാൻ കഴിയും.
കൃഷിയെ പാർട്ട് ടൈം ജോലിയായി കാണുന്ന ഒരുപാട് പേരുണ്ട്. ഈ സംവിധാനത്തിലൂടെ ഇവർക്ക് കൂടുതൽ പ്രയോജനം ലഭിക്കും. സാധാരണ നെൽകൃഷി വെള്ളത്തിന്റെ ലഭ്യതക്കനുസരിച്ച് കൂട്ടമായാണ് ചെയ്യുന്നത്. എന്നാൽ നെറ്റ് വർക്ക് കണക്ഷൻ ഉള്ളവർക്ക് മറ്റുള്ളവരുടെ താല്പര്യം നോക്കാതെ സ്വന്തമായി കൃഷി ചെയ്യാം. കൃഷിപ്പണികൾ കൂടുതൽ ആധുനിക രീതിയിൽ മാറ്റുകയും ചെയ്യാം. കനാലിലൂടെ വെള്ളമൊഴുക്കുമ്പോൾ ചോർച്ച ഉൾപ്പടെയുള്ള പല രീതിയിലും വെള്ളം നഷ്ടപ്പെടാം. ഇത്തരത്തിലുള്ള നഷ്ടങ്ങൾ നെറ്റ് വർക്ക് രീതിയിൽ ഒഴിവാക്കാം. ചിലവും കുറഞ്ഞ രീതിയാണിത്. കാനനിർമ്മാണത്തിന് ഒരു മീറ്ററിന് 5000 രൂപ വരെ ചിലവ് വരുമ്പോൾ നെറ്റ് വർക്ക് കണക്ഷന് 500 മുതൽ 1500 രൂപ വരെയാണ് ചെലവ്.
പാറക്കടവ് ബ്ലോക്കിനു കീഴിൽ ചേതേപ്പടിയിലും എളവൂരും നെറ്റ് വർക്ക് കണക്ഷനു വേണ്ടിയുള്ള നിർമ്മാണങ്ങൾ പുരോഗമിക്കുകയാണ്. പുത്തൻവേലിക്കരയിലെ മുട്ടിക്കൽ പാടശേഖരമാണ് നെറ്റ് വർക്ക് കണക്ഷൻ പരീക്ഷിക്കുന്ന നെൽകൃഷിയിടം. നിർമ്മാണ ജോലികൾ ഇവിടെയും പുരോഗമിക്കുകയാണ്. പണി പൂർത്തിയാകുന്നതും കാത്തിരിക്കുകയാണ് കർഷകർ.
Share your comments