-
-
News
വയനാട്ടില്‍ ചെറുധാന്യ കൃഷി വ്യാപനത്തിന് പ്രത്യേക പദ്ധതി; മന്ത്രി വി.എസ് സുനില്‍ കുമാര്‍
വയനാട്ടില്‍ ചെറുധാന്യങ്ങളുടെ കൃഷി വ്യാപിപ്പിക്കുന്നതിന് പ്രത്യേക പദ്ദതി നടപ്പാക്കുമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. കേരളത്തിലാദ്യമായി പാലക്കാട് ജില്ലയിലെ അഗളിയില്‍ നടപ്പിലാക്കിയ പദ്ധതി ഈ വര്‍ഷം മുതല്‍ വയനാട്ടിലേക്കും വ്യാപിപ്പിക്കുയാണെന്ന് അദ്ദേഹം പറഞ്ഞു.
വയനാട്ടില്‍ ചെറുധാന്യങ്ങളുടെ കൃഷി വ്യാപിപ്പിക്കുന്നതിന് പ്രത്യേക പദ്ദതി നടപ്പാക്കുമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. കേരളത്തിലാദ്യമായി പാലക്കാട് ജില്ലയിലെ അഗളിയില്‍ നടപ്പിലാക്കിയ പദ്ധതി ഈ വര്‍ഷം മുതല്‍ വയനാട്ടിലേക്കും വ്യാപിപ്പിക്കുയാണെന്ന് അദ്ദേഹം പറഞ്ഞു. കേരളാ കാര്‍ഷിക സര്‍വകലാശാല അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ജനുവരി ഒന്നിന് ആരംഭിച്ച അന്താരാഷ്ട്ര പുഷ്പമേള പൂപ്പൊലി 2018 ന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാംഗൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ്‌സിന്റെ സഹകരണത്തോടെയായിരിക്കും ഭക്ഷ്യ സുരക്ഷയുടെ ഭാഗമായി ചെറുധാന്യ കൃഷിയെ വ്യാപിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
വയനാട് ജില്ലയിലെ ആദിവാസി കര്‍ഷകരുള്‍പ്പെടെയുളളവര്‍ക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. പ്രത്യേക കാര്‍ഷിക മേഖലയായി പ്രഖ്യാപിച്ച വയനാടിനെ സുഗന്ധനെല്ലിനങ്ങളുടെയും പരമ്പരാഗത നെല്ലിനങ്ങളുടേയും പുഷ്പകൃഷിയുടെയും മാതൃകാ കേന്ദ്രമാക്കി മാറ്റും. പുഷ്പകൃഷി വികസനത്തിന് വേണ്ടി കഴിഞ്ഞ ദിവസം ഒരുകോടി രൂപ അനുവദിച്ചിട്ടുണ്ട്. മൂന്നുകോടി രൂപയാണ് ഈ പദ്ധതക്കുവേണ്ടി സര്‍ക്കാര്‍ നീക്കിവച്ചിട്ടുളളത്. പുഷ്പകൃഷി വ്യാപന പദ്ധതിയുടെ ഭാഗമായി ഇന്ത്യന്‍ ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റിയുമയി സഹകരിച്ച് 2018 മാര്‍ച്ചില്‍ അമ്പലവയലില്‍ അന്താരാഷ്ട്ര ഓര്‍ക്കിഡ് ശില്‍പശാല സംഘടിപ്പിക്കും.
വയനാട്ടില്‍ പാരമ്പര്യ നെല്‍വിത്തിനങ്ങള്‍ കൃഷി ചെയ്യുന്ന മുഴുവന്‍ കര്‍ഷകര്‍ക്കും സര്‍ക്കാര്‍ സഹായം നല്‍കും. ഇതിന് ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായി സമഗ്രമായ സര്‍വേ കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തും. ലോക ടൂറിസം ഭൂപടത്തില്‍ ഇടം നേടിയ പൂപ്പൊലി എല്ലാ വര്‍ഷവും ജനുവരി ഒന്നുമുതല്‍ പതിനെട്ടുവരെയായിരിക്കുമെന്നും, അടുത്ത വര്‍ഷത്തിലേക്കുളള പ്രചരണം ആരംഭിച്ചതായും മന്ത്രി പറഞ്ഞു. അമ്പലവയല്‍ പ്രാദേശിക ഗവേഷണ കേന്ദ്രത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുകയാണ് ലക്ഷ്യം.
മാര്‍ച്ച് 31 നുളളില്‍ ശാസ്ത്രജ്ഞര്‍ ഉള്‍പ്പടെ ഒഴിവുളള മുഴുവന്‍ തസ്തികളും നികത്തും. ഇവിടെനിന്ന് മറ്റ് ജില്ലകളിലേക്ക് മാറ്റിയ തസ്തികകള്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥരെ തിരികെ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. വയനാട് കാര്‍ഷിക കോളേജില്‍ ഈ വര്‍ഷം പ്രവേശനം ആരംഭിക്കും. പൂപ്പൊലി ഡോട്ട് ഓര്‍ഗ് എന്ന വെബ്‌സൈറ്റിന്റെയും, പൂപ്പൊലി വയനാട് എന്ന ഫെയസ് ബുക്ക് പേജിന്റെയും ഉദ്ഘാടനവും പൂപ്പൊലി സ്മരണികയുടെയും, പൂപ്പൊലി വോയ്‌സ് എന്ന വാര്‍ത്താ പത്രികയുടെയും പ്രകാശനവും മന്ത്രി നിര്‍വ്വഹിച്ചു. വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുളള സമ്മാനവും, പൂപ്പൊലി 2018-ന്റെ മുഴുവന്‍ സമയ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ചവര്‍ക്കുളള പാരിതോഷികങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു.
English Summary: Wayand Small millets
Share your comments