ആലപ്പുഴ: പച്ചക്കറി ഉത്പാദനത്തില്‍ സംസ്ഥാനത്തെ സ്വയം പര്യാപ്തതയിലെത്തിക്കുന്നതിന് കൂട്ടായ പരിശ്രമം വേണ്ടതുണ്ടെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. ഭാരതീയ പ്രകൃതി കൃഷി പദ്ധതിപ്രകാരം രൂപീകരിച്ച ചേർത്തല ക്ലസ്റ്ററിന്‍റെ കാർഷികമേള തിരുവിഴേശ്വൻ ജെ.എൽ.ജി ഗ്രൂപ്പിന്‍റെ കൃഷിയിടത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. സുരക്ഷിത ഭക്ഷണം ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൃഷി വകുപ്പ് കാര്‍ഷിക മേളകള്‍ നടപ്പാക്കുന്നത്.
സാധ്യമായ ഇടങ്ങളിലെല്ലാം കൃഷി ചെയ്യുന്നതിലൂടെ പച്ചക്കറിക്ക് അയൽ സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന രീതിയില്‍ മാറ്റമുണ്ടാക്കാനാകും. വിലക്കയറ്റം തടയാൻ സംസ്ഥാന സർക്കാർ ഹോട്ടികോർപ്പ് വഴി അയൽ സംസ്ഥാനങ്ങളില്‍ നിന്നും പച്ചക്കറി ശേഖരിച്ച് വിപണിയിലെത്തിക്കുന്നുണ്ടെങ്കിലും പ്രതിസന്ധികൾ പൂര്‍ണമായും അതിജീവിക്കുന്നതിന് നമ്മുടെ നാട്ടില്‍ കൃഷി ഊര്‍ജ്ജിതമാക്കേണ്ടതുണ്ട്.
ജൈവ പച്ചക്കറി കൃഷിക്ക് കൂടുതൽ പ്രാധാന്യം നൽകി പ്രോത്സാഹിപ്പിക്കണം. എല്ലാവർക്കും വിഷമില്ലാത്ത ഭക്ഷണം ലഭ്യമാകുന്ന സാഹചര്യമുണ്ടാകണം. ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ജൈവ കാർഷിക മിഷൻ രൂപീകരിക്കുന്നത് സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.
വെണ്ട കൃഷി - ജൈവ രോഗപ്രതിരോധ മാർഗ്ഗങ്ങൾ
തിരുവിഴ ദേവസ്വത്തിന്‍റെ ഭൂമിയിൽ തിരുവിഴേശ്വരൻ ജെ.എൽ.ജി ഗ്രൂപ്പിന്‍റെ കൃഷിയിടത്തിൽ രണ്ട് ദിവസങ്ങളിലായാണ് മേള നടക്കുന്നത്. ജൈവ കാർഷിക ഉൽപ്പന്നങ്ങൾ, വളം, വിത്തിനങ്ങൾ, കാർഷിക യന്ത്രങ്ങൾ, വിളകൾ തുടങ്ങിയവയുടെ പ്രദർശനം ഒരുക്കിയിട്ടുണ്ട്.
കാർഷിക സെമിനാർ, കൃഷിവകുപ്പിന്‍റെ പദ്ധതികളുടെ ബോധവൽക്കരണം എന്നിവയും നടക്കും. കൃഷിരീതികൾ കണ്ടു പഠിക്കാനും കാർഷികോൽപന്നങ്ങളുടെ വിപണനത്തിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. സഞ്ചരിക്കുന്ന മണ്ണ് പരിശോധനാ കേന്ദ്രത്തിന്‍റെ സഹായത്തോടെ കർഷകർക്ക് മണ്ണ് പരിശോധിച്ചു നല്‍കും.
യോഗത്തിൽ ചേർത്തല തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സിനിമോൾ സാംസൺ അധ്യക്ഷത വഹിച്ചു. മാരാരിക്കുളം നോർത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുദർശന ഭായ് പരമ്പരാഗത വിത്തിനങ്ങള്‍ കൈമാറി.
പ്രിൻസിപ്പൽ കൃഷി ഓഫീസർ ആർ. ശ്രീരേഖ പദ്ധതി വിശദീകരിച്ചു. ചേർത്തല നഗരസഭാധ്യക്ഷ ഷെർലി ഭാർഗവൻ ജൈവ കർഷകരെ ആദരിച്ചു. ചേർത്തല തെക്ക് കൃഷി ഓഫീസർ റോസ്മി ജോർജ് കൃഷി അസിസ്റ്റന്‍റ് ജി.വി. രെജി, അസിസ്റ്റന്‍റ് സോയിൽ കെമിസ്റ്റ് എം.എം. രജിമോൾ, കർഷകൻ സി.ജി. പ്രകാശൻ തുടങ്ങിയവർ പങ്കെടുത്തു.
Share your comments