<
  1. News

സമസ്ത മേഖലയിലും സ്ത്രീകള്‍ക്ക് തലയുയര്‍ത്തി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സാഹചര്യം ഉറപ്പാക്കും: മുഖ്യമന്ത്രി

സമസ്ത മേഖലയിലും സ്ത്രീകള്‍ക്ക് തലയുയര്‍ത്തി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സാഹചര്യം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നെടുമ്പാശേരി സിയാൽ കൺവെൻഷൻ സെൻ്ററിൽ നടന്ന നവകേരള സ്ത്രീ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

Meera Sandeep
സമസ്ത മേഖലയിലും സ്ത്രീകള്‍ക്ക് തലയുയര്‍ത്തി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സാഹചര്യം ഉറപ്പാക്കും: മുഖ്യമന്ത്രി
സമസ്ത മേഖലയിലും സ്ത്രീകള്‍ക്ക് തലയുയര്‍ത്തി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സാഹചര്യം ഉറപ്പാക്കും: മുഖ്യമന്ത്രി

എറണാകുളം: സമസ്ത മേഖലയിലും സ്ത്രീകള്‍ക്ക് തലയുയര്‍ത്തി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സാഹചര്യം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നെടുമ്പാശേരി സിയാൽ കൺവെൻഷൻ സെൻ്ററിൽ നടന്ന നവകേരള സ്ത്രീ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ലോകത്തിന് തന്നെ പുതുമയായ നവകേരള സദസിൽ വൻ സ്ത്രീ പങ്കാളിത്തമാണുണ്ടായത്. അതിൻ്റെ ഭാഗമായി സംഘടിപ്പിച്ച പ്രഭാത സദസിൽ അതിനിർണായകമായ ഒട്ടേറെ നിർദേശങ്ങളും നവകേരള സങ്കൽപ്പങ്ങളും പ്രതീക്ഷകളും ഉയർന്നുവന്നു. ഇതേ തുടർന്നാണ് വിവിധ വിഭാഗങ്ങളെ പ്രത്യേകമായി കണ്ട് സംവദിക്കാൻ തീരുമാനിച്ചത്.

കേരള സമൂഹത്തില്‍ പകുതിയിലധികം വരുന്ന ജനസംഖ്യ സ്ത്രീകളുടേതാണ്.  ഭാവികേരളം എപ്രകാരമായിരിക്കണമെന്ന് തീരുമാനിക്കുന്നതിന് സ്ത്രീകളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സുപ്രധാനമാണ്. അതുകൊണ്ടാണ് നവകേരള സദസ്സുകളുടെ തുടര്‍ച്ചയായി സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പുവരുത്തി ഇപ്രകാരമൊരു മുഖാമുഖം പരിപാടി സംഘടിപ്പിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം എല്ലാ മേഖലകളിലും മുന്നിട്ടു നില്‍ക്കുന്നതാണ്അതിന് പ്രധാന കാരണം. കേരളത്തില്‍ സ്ത്രീകള്‍ക്കു ലഭിക്കുന്ന തുല്യ അവകാശങ്ങളും അവസരങ്ങളുമാണ്. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ സ്ത്രീകളുടെ വിദ്യാഭ്യാസ-സാമൂഹിക-സാമ്പത്തികാവസ്ഥകള്‍ വളരെയധികം മെച്ചപ്പെട്ടതാണ്. നമ്മുടെ നവോത്ഥാന പ്രസ്ഥാനങ്ങളും തൊഴിലാളി മുന്നേറ്റങ്ങളുമെല്ലാം കേരളത്തിലെ സ്ത്രീകളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതിന് കാരണമായിട്ടുണ്ട്. കേരളം നടപ്പാക്കിയ സ്ത്രീസൗഹൃദ നയങ്ങൾ അതിനു വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

കേരളത്തിലെ സ്ത്രീകളുടെ ശാക്തീകരണം സാധ്യമാക്കിയ ഏറ്റവും പ്രധാനപ്പെട്ട ഘടകം വിദ്യാഭ്യാസമാണ്.  സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഏറ്റവും ഉയര്‍ന്ന സാക്ഷരതാ നിരക്ക് തുടര്‍ച്ചയായി രേഖപ്പെടുത്തിയ സംസ്ഥാനമാണ് കേരളം. പൊതുവിദ്യാഭ്യാസത്തില്‍ എത്രയോ കാലം മുമ്പുതന്നെ ലിംഗസമത്വം കൈവരിച്ച നാടാണ് നമ്മുടേത്.

സാങ്കേതിക വിദ്യാഭ്യാസ മേഖലയിലൊഴികെ മറ്റെല്ലാ മേഖലകളിലും പെണ്‍കുട്ടികളുടെ എണ്ണം ആണ്‍കുട്ടികളുടേതിനെക്കാള്‍ കൂടുതലാണ്. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോഴ്സുകളില്‍ 64 ശതമാനവും മെഡിക്കല്‍, അനുബന്ധ ശാസ്ത്രങ്ങളില്‍ 81 ശതമാനവും പ്രവേശനം നേടുന്നത് പെണ്‍കുട്ടികളാണ്. പ്രൊഫഷണല്‍ യോഗ്യത, ഉന്നതവിദ്യാഭ്യാസം എന്നിവ നേടിയവരുടെ പട്ടികയിലും കേരളത്തിലെ സ്ത്രീകള്‍ തന്നെയാണ് മുന്നില്‍.

എല്ലാക്കാലത്തും ഇതായിരുന്നില്ല കേരളത്തിലെ സ്ത്രീകളുടെ അവസ്ഥ. ഒരുകാലത്ത് മറക്കുടയ്ക്കുള്ളിലെ മഹാനരകത്തില്‍ കഴിഞ്ഞിരുന്ന സ്ത്രീകളെ അടുക്കളയില്‍ നിന്ന് അരങ്ങത്തേക്കും, അവിടെ നിന്ന് തൊഴിലിടങ്ങളിലേക്കും അതിനൊക്കെ മുമ്പ് പാടങ്ങളില്‍ നിന്ന് പെണ്‍കുട്ടികളെ പള്ളിക്കൂടങ്ങളിലേക്കും ഒക്കെ നയിച്ചതിനു പിന്നില്‍ പ്രക്ഷോഭങ്ങളുടെ ഒരു വലിയ ചരിത്രമുണ്ട്. ഒരുകാലത്ത് വിദ്യാഭ്യാസത്തിനോ, തൊഴിലിനോ ഉള്ള അവകാശമില്ലാതെ, വീട്ടിനുള്ളില്‍പോലും ആരാലും ഗൗനിക്കപ്പെടാതെ, അടിമസമാനമായി കഴിഞ്ഞിരുന്ന മലയാളി സ്ത്രീ ഇന്ന് ലോകത്തെമ്പാടും വ്യത്യസ്ത മേഖലകളില്‍ നേതൃപരമായ സേവനങ്ങള്‍ നല്‍കിക്കൊണ്ടി രിക്കുകയാണ്.

ജാതി, ജന്മി മേധാവിത്വത്തിനെതിരെ നടന്ന പോരാട്ടങ്ങളിലും സ്വാതന്ത്ര്യ സമരത്തിലും മറ്റും ധീരമായി പങ്കെടുക്കുകയും നേതൃത്വം നല്‍കുകയും ചെയ്തവരാണ് നമ്മുടെ സ്ത്രീകള്‍. സാമൂഹിക പരിഷ്ക്കരണ പ്രക്രിയയുടെയോ അവകാശ സമരങ്ങളുടെയോ ദേശീയ സ്വാതന്ത്ര്യ സമരത്തിന്‍റെയോ കേവലം ഗുണഭോക്താക്കള്‍ മാത്രമായിരുന്നില്ല അവര്‍. ചെറുത്തുനില്‍പ്പുകളുടെയും ചോദ്യം ചെയ്യലുകളുടെയും ആയുധം കയ്യിലേന്തി കണ്ണീരും ചോരയും നനഞ്ഞ കനല്‍ വഴികള്‍ താണ്ടിയവരാണ് കേരളത്തിലെ സ്ത്രീകള്‍.

ഇരുപതാം നൂറ്റാണ്ടിലെ ആദ്യ പകുതിയില്‍ ദേശീയ സ്വാതന്ത്ര്യ സമരത്തിന്‍റെ തീച്ചൂളയിലേക്ക് പുരുഷനും സ്ത്രീയും ഒന്നിച്ചാണ് ചാടിയിറങ്ങിയത്. അത്തരം സമരങ്ങളിലെ പങ്കാളിത്തത്തിന്‍റെ ഫലമായി മര്‍ദ്ദനവും ജയില്‍വാസവും അനുഭവിച്ച സ്ത്രീകളുടെ വലിയൊരു നിര കേരളത്തിലുണ്ട്. പൊതുപ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പങ്കെടുക്കാത്ത സ്ത്രീകളെയടക്കം സ്വാധീനിച്ച സാമൂഹ്യ രാഷ്ട്രീയ പ്രക്രിയകള്‍ കേരള നവോത്ഥാനത്തിന്‍റെ ഉജ്ജ്വലമായ ഏടുകളാണ്.

ഈ കാലഘട്ടത്തില്‍ തന്നെയാണ് സ്ത്രീ വിദ്യാഭ്യാസത്തെ കുറിച്ചും സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ പൊതുസമൂഹത്തില്‍ ശക്തമാകുന്നത്. വിദ്യാഭ്യാസത്തിനും തൊഴിലെടുക്കാനുള്ള അവകാശത്തിനും പൊതുസമൂഹത്തില്‍ ഇറങ്ങി പ്രവര്‍ത്തിക്കാനും ശ്രമിച്ച സ്ത്രീകള്‍ക്ക് തീവ്രമായ ആക്ഷേപങ്ങള്‍ നേരിടേണ്ടി വന്നു. എങ്കിലും അതിനെയെല്ലാം നേരിട്ടുകൊണ്ട്  സ്ത്രീകള്‍ കഴിവ് തെളിയിച്ചു.

സവര്‍ണ്ണ - അവര്‍ണ്ണ വ്യത്യാസമില്ലാതെ, ജാത്യാചാരങ്ങളുടെ പേരില്‍ നരകതുല്യ ജീവിതം നയിച്ചിരുന്ന കേരളത്തിലെ സ്ത്രീകളെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് എത്തിച്ചത് നമ്മുടെ നവോത്ഥാന പ്രസ്ഥാനങ്ങളും അവയെ തുടര്‍ന്നുവന്ന പുരോഗമന പ്രസ്ഥാനങ്ങളുമാണ്. ചാന്നാര്‍ ലഹളയും കല്ലുമാലാ സമരവും ഘോഷാബഹിഷ്ക്കരണവും മറക്കുട ബഹിഷ്ക്കരണവുമെല്ലാം ആ മാറ്റത്തിനു വഴിവെച്ച നാഴികക്കല്ലുകളാണ്. സമൂഹത്തിന്‍റെയാകെ വിമോചനത്തിനു ഒഴിച്ചുകൂടാനാവാത്തതാണ് സ്ത്രീകളുടെ വിമോചനം എന്ന കാഴ്ചപ്പാട് ഏതാണ്ട് ഒരു നൂറ്റാണ്ടിനുമപ്പുറം നമ്മള്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു. 

കേരളത്തില്‍ നടന്ന സാമൂഹിക - രാഷ്ട്രീയ മുന്നേറ്റങ്ങളുടെ ഫലമായി നമ്മുടെ സ്ത്രീകള്‍ ധാരാളമായി പൊതുരംഗത്തും ഔദ്യോഗികരംഗത്തും സാന്നിധ്യമറിയിച്ചു. സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനാ അസംബ്ലിയില്‍ മൂന്ന് മലയാളി വനിതകള്‍ അംഗങ്ങളായിരുന്നു. അമ്മു സ്വാമിനാഥന്‍, ആനീ മസ്ക്രീന്‍, ദാക്ഷായണി വേലായുധന്‍ എന്നിവരായിരുന്നു അവര്‍. ആദ്യ ലോക്സഭയിലെ വനിതാ എം പിമാരില്‍ ഒരാള്‍ മലയാളിയായ ആനീ മസ്ക്രീന്‍ ആയിരുന്നു. ആദ്യ കേരള നിയമസഭയില്‍ ഭൂപരിഷ്ക്കരണ ബില്ല് അവതരിപ്പിച്ചത് കെ ആര്‍ ഗൗരിയമ്മയായിരുന്നു. ലോകത്തിലെ ആദ്യത്തെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന സ്ത്രീശാക്തീകരണ പരിപാടി നടപ്പാക്കപ്പെട്ട നാടാണിത്. ഈ നിലകളിലൊക്കെ സ്ത്രീമുന്നേറ്റങ്ങളുടെയും ശാക്തീകരണത്തിന്‍റെയും സമൃദ്ധമായ ചരിത്രമുള്ള ഒരു നാട്ടിലാണ് നാം ജീവിക്കുന്നത്.

സാമൂഹിക-സാമ്പത്തിക ബന്ധങ്ങള്‍ അഴിച്ചുപണിതുകൊണ്ടു മാത്രമേ ലിംഗനീതിയിലധിഷ്ഠിതമായ സാമൂഹ്യക്രമം സൃഷ്ടിക്കുന്നതിനും അതുവഴി സ്ത്രീ-പുരുഷ സമത്വം യാഥാര്‍ത്ഥ്യമാക്കുന്നതിനും സാധിക്കൂ.

English Summary: We will ensure that women can work in all sectors: Chief Minister

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds