കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചന പ്രകാരം നവംബർ മാസത്തിൽ കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യത. കേരളം ഉൾപ്പെടെയുള്ള തെക്കേ ഇന്ത്യയിൽ ദീർഘകാല ശരാശരിയുടെ 122% മഴ ലഭിക്കാൻ സാധ്യത.പസഫിക് സമുദ്രത്തിൽ ലാനിന പ്രതിഭാസവും ഇന്ത്യൻ മഹാസമുദ്രത്തിൽ ന്യൂട്രൽ IOD ( Indian Ocean Dipole ) പ്രതിഭാസവും ഈ സീസൺ മുഴുവൻ തുടരാൻ സാധ്യത.
സാധാരണയായി ലാനിന വർഷങ്ങളിൽ തുലാവർഷം മഴ പൊതുവെ കുറവാണു ലഭിക്കാറുള്ളതെങ്കിലും ഇത്തവണ ആഗോള കാലാവസ്ഥ പ്രതിഭാസമായ മാഡൻ ജൂലിയൻ ഓസിലേഷൻ ( MJO) അനുകൂല സാഹചര്യത്തിലും ഇന്ത്യൻ മഹാസമുദ്രത്തിലെ ഭൂമധ്യ രേഖയോട് ചേർന്നുള്ള ഭാഗങ്ങളിൽ താപനില സാധാരണയിൽ കൂടുതൽ ആയതിനാലും കിഴക്കൻ കാറ്റ് ശക്തി പ്രാപിക്കാനുള്ള അനുകൂല സാഹചര്യം നിലനിൽക്കുന്നു. അതിനാൽ നവംബർ മാസത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യത.
കേരള-ലക്ഷദ്വീപ് തീരങ്ങളിൽ 2021 നവംബർ 02 മുതൽ നവംബർ 06 വരെയും കർണാടക തീരത്ത് നവംബർ 05 മുതൽ നവംബർ 06 വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യുന മർദ്ദം നിലവിൽ കോമറിൻ ഭാഗത്തും സമീപ പ്രദേശങ്ങളിലുമായി സ്ഥിതി ചെയ്യുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ തെക്ക് കിഴക്കൻ അറബികടലിൽ പ്രവേശിക്കുന്ന ന്യുന മർദ്ദം തുടർന്നുള്ള 48 മണിക്കൂറിൽ വടക്ക് - വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു ശക്തി പ്രാപിക്കാനുള്ള സൂചന ഉള്ളതിനാൽ ശക്തമായ കാറ്റിനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യത ഉണ്ട്. ആയതിനാൽ കേരള തീരത്ത് 2021 നവംബർ 02 മുതൽ നവംബർ 04 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മൽസ്യ തൊഴിലാളികൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അറിയിക്കുന്നു.
Share your comments